കെ എം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപാ ബജറ്റില്‍ വകയിരുത്തിയ ഇടതുസര്‍ക്കാര്‍ നിലപാടിനെതിരെ തുറന്നടിച്ച് എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. കെ എം മാണിയുടെ പേരിലുള്ള മ്യൂസിയത്തില്‍ നോട്ടുകളെണ്ണുന്ന ഉപകരണം സ്ഥാനം പിടിക്കുമെന്ന് കരുതുന്നുവെന്ന് മുംബൈ കേരളീയ സമാജത്തിന്റെ പരിപാടിയില്‍ സുഭാഷ് ചന്ദ്രന്‍ പരിഹസിച്ചു. വരും തലമുറക്ക് കാണാനും കണ്ട് ആസ്വദിക്കാനും അത്തരം മ്യൂസിയം കൂടി നമ്മുക്ക് വേണ്ടതുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കെ ജെ യേശുദാസിന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം വകയിരുത്തിയതിനെ മാണിക്കുള്ള സ്മാരകത്തിനുള്ള അഞ്ച് കോടിയുമായി താരതമ്യം ചെയ്തായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ കൂടിയായ സുഭാഷ് ചന്ദ്രന്റെ പരിഹാസം. മലയാളി ആര്‍ക്കാണ് ആദരവ് നല്‍കുന്നതെന്ന് പറയാനാണ് ഈ താരതമ്യമെന്നും സുഭാഷ് ചന്ദ്രന്‍.
കെ എം മാണിക്ക് സ്മാരകം അനിവാര്യമാണെന്നും കേരള രാഷ്ട്രീയത്തില്‍ മാണിയുടെ സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിലെ വലിയൊരു വിഭാഗം ആദരിക്കുന്ന വ്യക്തിത്വമാണ് കെ എം മാണിയുടെതെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കെ എം മാണിക്ക് സ്മാരകം പണിയുന്നതില്‍ സിപിഎം പ്രവര്‍ത്തകരുടെ വിഷമം പ്രശ്നമില്ല. കെ കരുണാകരന്‍ ഫൗണ്ടഷനുണ്ട്. എകെജിക്കും ഇഎംഎസിനും സ്മാരകമുണ്ട്. സിപിഎമ്മുകാര്‍ക്ക് മാണിയെ ബഹുമാനിക്കണമെന്നില്ല. എന്നാല്‍ ആദരവുള്ള വലിയൊരു വിഭാഗമുണ്ടെന്നും തോമസ് ഐസക് ആവര്‍ത്തിച്ചു.
കെ എം മാണിയുടെ മകനും രാജ്യസഭാംഗവുമായ ജോസ് കെ മാണി ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ കെ എം മാണി ഫൗണ്ടേഷന് സ്മാരക നിര്‍മ്മാണത്തിനായി അമ്പത് സെന്റ് സ്ഥലവും അഞ്ച് കോടിയും അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.