ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന വിഷയത്തില്‍ ശിശുക്ഷേമ സമിതിയ്ക്കും സി.ഡബ്ല്യു.സിയ്ക്കും വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബെന്യാമിന്റെ പ്രതികരണം.
ഇനിയും നാണംകെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജിവെച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്‍ എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഇത്തരം പ്രവൃത്തികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഭംഗം വരുത്തുന്നതാണെന്നും ഇത്തരക്കാരെ വെച്ച് പൊറുപ്പിക്കരുതെന്നും ബെന്യാമിന്‍ മീഡിയാ വണിനോട് പ്രതികരിച്ചു. ഷിജുഖാന്റെ രാജിയിലൂടെ മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും വിഷയത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും ബെന്യാമിന്‍ പറഞ്ഞു.
വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി അനുപമ നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് ഗുരുതരമായി വീഴ്ചകളാണ് കണ്ടെത്തിയത്.
അനുപമ പരാതിയുമായി വന്ന ശേഷവും ശിശുക്ഷേമ സമിതി ദത്ത് നടപടികളുമായി മുന്നോട്ട് പോയി, അനുപമയുമായി ഏപ്രില്‍ മാസത്തില്‍ രണ്ട് സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടി തടയാന്‍ സി.ഡബ്ല്യു.സി നടപടിയെടുത്തില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുഞ്ഞിനെ തിരയുന്ന വിവരം സമിതികള്‍ നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ല, രജിസ്റ്ററിന്റെ ഒരു ഭാഗം ചുരണ്ടി മാറ്റി, പത്രപരസ്യം വന്നതിന് ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെങ്കിലും രേഖകളില്‍ അതില്ല.