ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി ഫിറോസിനെയും പത്തനംതിട്ട സ്വദേശി അന്‍ഷദിനെയും കാണാന്‍ കേരളത്തില്‍ നിന്നെത്തിയ ഉമ്മമാരെയും ഭാര്യയെയും കുടുംബാംഗങ്ങളെയും യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ട് പത്ത് ദിവസം പിന്നിടുന്നു. വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കുടുംബാംഗങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം. ഇവരുടെ കയ്യില്‍ നിന്ന് ആധാര്‍ കാര്‍ഡ് അല്ലാതെ സംശയകരമായി മറ്റു വസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ല എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍ ജയിലിന് സമീപത്ത് ഇരിക്കുകയായിരുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം ഇംഗ്ലീഷും ഹിന്ദിയുമല്ലാത്ത അപരിചമായ ഭാഷ സംസാരിക്കുന്നുണ്ടായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സ്ത്രീകള്‍ക്ക് മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. കടുത്ത നീതി നിഷേധമാണ് നടന്നിരിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഭീകര പ്രവര്‍ത്തനം നടത്താന്‍ പദ്ധതിയിട്ടു എന്ന് ആരോപിച്ച് യു.പിയില്‍ അറസ്റ്റിലായ പത്തനംതിട്ട സ്വദേശി അന്‍ഷദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവരെ കാണാന്‍ സെപ്തംബര്‍ 23നാണ് അന്‍ഷദിന്റെയും ഫിറോസിന്റെയും കുടുംബാംഗങ്ങള്‍ ലക്‌നൗവില്‍ എത്തിയത്. 24ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കുമ്പോള്‍ കാണാമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആ ദിവസം ഇരുവരെയും കോടതിയില്‍ ഹാജരാക്കാതിരുന്നതിനെ തുടര്‍ന്നാണ് ജയിലില്‍ പോയി കാണാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ അഡ്വ. നസീര്‍ ദ ഫെഡറലിനോട് പറഞ്ഞു.
നാലു സത്രീകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ യഥാര്‍ത്ഥമാണെന്നും എല്ലാവരുടെയും ഒരേ ലാബില്‍ ടെസ്റ്റ് ചെയ്തതാണെന്നും സ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പറയുന്നു. അന്‍ഷദിന്റെ ഭാര്യ മുഹ്‌സിന ഉമ്മ നജിമ, അന്‍ഷദിന്റെ ഏഴുവയസുള്ള മകന്‍ എന്നിവരെയും ഫിറോസിന്റെ ഉമ്മ കുഞ്ഞാലിമ എന്ന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അന്‍ഷദിന്റെ ഭാര്യ, ഉമ്മ, ഏഴുവയസുള്ള മകന്‍ ഫിറോസിന്റെ ഭാര്യ, ഉമ്മ, നാല് മക്കള്‍ എന്നിവരാണ് ഫിറോസിന്റെ സുഹൃത്തുകൂടിയായ അഭിഭാഷകന്‍ നസീറിന്റെ കൂടെ ജയിലില്‍ എത്തിയത്. ഫിറോസിന്റെ ഭാര്യയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാല്‍ എഫ്.ഐ.ആറില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ ലാബിന്റെ പേരോ മറ്റു വിവരങ്ങളോ നല്‍കുന്നതിന് പകരം സ്വകാര്യ പ്രദേശിക ലാബ് എന്ന് മാത്രമാണ് നല്‍കിയിരിക്കുന്നത്.
തട്ടിപ്പ്, ആള്‍മാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സ്ത്രീകളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 'ജയിലില്‍ എത്തി എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് അന്‍ഷദിനെ കാണാന്‍ എത്തിയതായിരുന്നു സ്ത്രീകളും കുട്ടികളും. തങ്ങളെ മറ്റൊരു മുറിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് നസീര്‍ പറയുന്നു. അവിടെ വെച്ച് സ്ത്രീകളോട് പൊലീസുകാര്‍ ദേഷ്യപ്പെടുകയായിരുന്നു. ഭാഷയറിയാത്തതിനാല്‍ തന്നെ സ്ത്രീകള്‍ക്ക് യാതൊന്നും പറയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് അവരോട് ചോദിച്ചുകൊണ്ടിരുന്നത്. പിന്നീട് ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷം പൊലീസ് തങ്ങളെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. സ്ത്രീകളെ പിടിച്ചുവെച്ച ശേഷം അടുത്ത ദിവസത്തേക്ക് ജാമ്യം എടുക്കാന്‍ റെഡിയായി നില്‍ക്കാന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് അവിടെയുണ്ടായിരുന്ന പ്രദേശിക അഭിഭാഷകന്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വിളിച്ചു. അവരെ കോടതിയില്‍ ഹാജരാക്കിയെന്നും റിമാന്‍ഡ് ചെയ്‌തെന്നുമാണ് പറഞ്ഞത്,' നസീര്‍ പറയുന്നു.