തൃശ്ശൂര്‍ മണലൂരില്‍ കുടുംബക്ഷേത്രത്തിലെ ചടങ്ങിനിടെ അപവാദം പറഞ്ഞതിലെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരം അറസ്റ്റില്‍. ബുധനാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. കോമരം കല്‍പന പുറപ്പെടുവിച്ചതിലെ മാനഹാനിയാണ് ആത്മഹത്യക്ക് കാരണമെന്ന് യുവതിയുടെ സഹോദരനും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
യുവതിയെ മറ്റൊരു യുവാവിന്റെ പേരുമായി ചേര്‍ത്ത് ബന്ധു അപവാദം പ്രചരിപ്പിച്ചിരുന്നുവെന്നും ഇയാളുടെ സ്വാധീനത്തില്‍ കോമരം ക്ഷേത്രച്ചടങ്ങിനിടെ കല്‍പന പുറപ്പെടുവിച്ചെന്നും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ ഇറുന്നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങിനിടെയാണ് ദേവിക്ക് മുന്നില്‍ മാപ്പു പറയണമെന്ന് യുവതിയോട് കോമരം ആവശ്യപ്പെട്ടത്. ഇതില്‍ വിഷമിച്ച് വീട്ടിലെത്തിയ യുവതിയെ വിദേശത്തായിരുന്ന ഭര്‍ത്താവ് വീഡിയോ കോളിലൂടെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ എന്നെ വിളിച്ച് കോമരമായ ശ്രീകാന്ത് കൂടിനിന്ന ആളുകളുടെ മുന്നില്‍ വെച്ച് അപവാദം പറഞ്ഞുവെന്ന് അറിയിച്ചിരുന്നു. ജനമിത്രന്‍ എന്ന ആള്‍ക്കും ഇതില്‍ പങ്കുണ്ട്. മനസമാധാനത്തിന് വേണ്ടിയാണ് ക്ഷേത്രത്തില്‍ പോകുന്നത്. അവിടെ നിന്ന് മോശം കേള്‍ക്കുമ്പോള്‍ വിഷമം വരുമല്ലോ. എനിക്കും മക്കള്‍ക്കുമാണ് നഷ്ടം ഉണ്ടായത്. അതിന്റെ കാരണക്കാര്‍ ശിക്ഷിക്കപ്പെടണം.യുവതിയുടെ ഭര്‍ത്താവ്
കോമരം തുള്ളിയ നാട്ടുകാരനായ യുവാവിനും ബന്ധുവിനുമെതിരെ കേസെടുക്കണമെന്ന് വിഷയത്തിലിടപെട്ട ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടിരുന്നു. വിശ്വാസത്തെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ടി സത്യനാരായണന്‍ ദ ക്യുവിനോട് പ്രതികരിച്ചു. ഇത്തരം ചൂഷണങ്ങള്‍ തടയേണ്ടതുണ്ട്. ശക്തമായ ഇടപെടല്‍ വേണമെന്നും സത്യനാരായണന്‍ ആവശ്യപ്പെട്ടു.