മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ദൃക്‌സാക്ഷികള്‍. വണ്ടി ഓടിച്ചത് താനല്ല എന്ന ശ്രീറാമിന്റെ വാദം തെറ്റാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഏകദേശം പന്ത്രണ്ടരയോടെ അമിതവേഗത്തില്‍ വന്ന കാര്‍ കെ എം ബഷീര്‍ (35) ഓടിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നെന്ന് അപകടം കണ്ട ഓട്ടോ ഡ്രൈവര്‍ ഷഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കാര്‍ അമിത വേഗത്തിലായിരുന്നു. സ്പീഡ് കണ്ടപ്പോള്‍ താന്‍ ഓട്ടോറിക്ഷ ഒതുക്കി. ബൈക്ക് യാത്രികന്‍ വാഹനം പരമാവധി റോഡിന്റെ വശത്തേക്ക് മാറ്റിയെങ്കിലും കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവിങ് സീറ്റില്‍ പുരുഷനാണ് ഉണ്ടായിരുന്നത്. അയാള്‍ നന്നായി മദ്യപിച്ചിരുന്നു. ബൈക്കിന്റെ ഇടയില്‍ കുടുങ്ങിയ ബഷീറിനെ എഴുന്നേല്‍പിക്കാനും അയാള്‍ ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയായിരുന്നു. പൊലീസ് തന്നെ നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്ന് അയാളോട് പറഞ്ഞെന്നും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു. ശ്രീറാം മദ്യപിച്ചിരുന്നെന്ന് ഓട്ടോഡ്രൈവറായ മണിക്കുട്ടനും പറയുന്നു.
കാറിലുണ്ടായിരുന്ന ശ്രീറാമിനും സുഹൃത്തിനുമെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നില്ല.
അപകടത്തേത്തുടര്‍ന്നുള്ള നടപടികളില്‍ ഗുരുതര വീഴ്ച്ചകളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീറാമിനെ പരിശോധിച്ച ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ 'മദ്യത്തിന്റെ ഗന്ധമുണ്ട്' എന്ന് ചീട്ടില്‍ എഴുതിയിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് നടന്ന അപകടത്തിന് ശേഷം ഒമ്പത് മണിക്കൂര്‍ കഴിഞ്ഞിട്ടും ശ്രീറാമിന്റെ രക്തം പരിശോധിച്ചിട്ടില്ലെന്ന് പൊലീസ് സമ്മതിച്ചു. രക്തസാംപിള്‍ നല്‍കാന്‍ ശ്രീറാം തയ്യാറായില്ലെന്നും മെഡിക്കല്‍ കോളജിലേക്ക് പോകാതെ കിംസ് ആശുപത്രിയിലേക്ക് പോയെന്നും പൊലീസ് പറഞ്ഞു.
താനല്ല ഒപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്താണ് കാര്‍ ഓടിച്ചതെന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം. കാര്‍ ഓടിച്ചത് ആരാണെന്ന് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ശ്രീറാം സഞ്ചരിച്ച വാഹനം ബഷീറിന്റെ ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു.
മലപ്പൂര്‍ തിരൂര്‍ സ്വദേശിയാണ് അപകടത്തില്‍ മരിച്ച കെ എം ബഷീര്‍. സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. ജസീലയാണ് ഭാര്യ. ജന്ന, അസ്മി എന്നിവര്‍ മക്കള്‍. മുഹമ്മദ് ബഷീറിന്റെ അപകടമരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാല വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.