ഒഴിപ്പിക്കലിനെതിരെ സമരം ചെയ്തിരുന്ന മരട് ഫ്‌ളാറ്റുടമകള്‍ നിരാഹാരം നിര്‍ത്തി. മൂന്നാം തീയതി തന്നെ ഒഴിഞ്ഞുപോകാന്‍ ശ്രമിക്കുമെന്ന് ഫ്‌ളാറ്റുടമകള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കൊച്ചിയില്‍ ജില്ലാ ഭരണകൂടവും പൊലീസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം. നാലാം തീയതി രാവിലെ വരെ വൈദ്യുതി-ജലവിതരണം നിലനിര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം ഫ്‌ളാറ്റുടമകള്‍ക്ക് ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ പൂര്‍ണതൃപ്തരല്ലെങ്കിലും കോടതിവിധി മാനിച്ച് ജില്ലാ ഭരണകൂടവുമായി സഹകരിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ വ്യക്തമാക്കി. കളക്ടര്‍ എസ് സുഹാസ്, പൊളിക്കല്‍ ദൗത്യമേല്‍പിച്ചിരിക്കുന്ന സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച.
അടിയന്തര നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപയും വാടകയും എത്രയും പെട്ടെന്ന് നല്‍കാമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ട്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങും. ഫ്‌ളാറ്റുടമകള്‍
വാടകക്കാരും ഫ്‌ളാറ്റുടമകളും ഉള്‍പ്പെടെയുള്ള താമസക്കാര്‍ ഇന്ന് രാവിലെ തന്നെ ഒഴിഞ്ഞുതുടങ്ങിയിരുന്നു.
താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് കണക്കെടുപ്പിനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ഫ്‌ളാറ്റ് ഉടമകള്‍ ഒഴിയാന്‍ സമയം ആവശ്യപ്പെട്ടിരുന്നു. ആല്‍ഫ, ജെയിന്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളിലാണ് ഇന്ന് റവന്യൂ സംഘമെത്തിയത്. ഞങ്ങളെ ഒഴിപ്പിക്കാന്‍ എത്തിയതാണോയെന്ന് ആല്‍ഫയിലെത്തിയ ഉദ്യോഗസ്ഥ സംഘത്തോട് താമസക്കാര്‍ ചോദിച്ചു. അല്ലെന്നും വിവരശേഖരണം മാത്രമാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതിനായി ഇപ്പോള്‍ നിര്‍ദിഷ്ട അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ മതിയെന്നും ധരിപ്പിച്ചു. സാധന സാമഗ്രികള്‍ മാറ്റുന്നതടക്കമുള്ള കാര്യങ്ങളുള്ളതിനാല്‍ ഒഴിയാന്‍ മൂന്ന് നാല് ദിവസം നല്‍കണമെന്ന് ഇവര്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. എവിടേക്കാണ് മാറുന്നതെന്ന് അറിയാതെ അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതെങ്ങനെയെന്ന് ഉടമകള്‍ അരാഞ്ഞു. വാടകയ്ക്കാണെങ്കില്‍ പണം സര്‍ക്കാര്‍ കൊടുക്കുമോയെന്നും സാധനങ്ങള്‍ മാറ്റാനുള്ള തുക ആര് നല്‍കുമെന്നും വ്യക്തമായി വിശദീകരിക്കണമെന്നും താമസക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യങ്ങള്‍ തിങ്കളാഴ്ചത്തെ യോഗത്തിലാണ് തീരുമാനമാവുകയെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ തങ്ങള്‍ ധൃതിപിടിച്ച് ഇപ്പോള്‍ ഇറങ്ങേണ്ടതില്ലല്ലോയെന്ന് താമസക്കാര്‍ ചോദിച്ചു.