Indian Express
Around us

‘ജയിലില്‍ കിടന്ന 23 വര്‍ഷങ്ങള്‍ ആര് തിരികെത്തരും?’; സാംലേതി സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട കശ്മീരികള്‍

THE CUE

തങ്ങള്‍ ജയിലില്‍ കിടന്ന 23 വര്‍ഷങ്ങള്‍ ആര് തിരികെ തരുമെന്ന് സാംലേതി സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട കശ്മീര്‍ സ്വദേശികള്‍. ലത്തീഫ് അഹ്മദ് ബാജ (42), അലി ഭട്ട് (48), മിര്‍സ നിസാര്‍ (39), അബ്ദുള്‍ ഗോനി (57), റയീസ് ബെഗ് (56) എന്നിവര്‍ ഇന്നലെയാണ് ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതരായത്. 1996ല്‍ നടന്ന സാംലേതി സ്‌ഫോടനത്തില്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചന തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ഹൈക്കോടതി തിങ്കളാഴ്ച്ച അഞ്ച് പേരേയും വിട്ടയക്കുകയായിരുന്നു. ഡല്‍ഹി, അഹമ്മദാബാദ്, ജയ്പൂര്‍ ജയിലുകളില്‍ കഴിഞ്ഞ ഇവര്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറംലോകം കാണുന്നത്. 1997 ജൂണില്‍ ജയിലില്‍ അടയ്ക്കപ്പെട്ട റയീസ് ബെഗിനും 1996 ജൂണ്‍ 17നും ജൂലൈ 27നും ഇടയില്‍ തടവറയിലായ മറ്റുള്ളവര്‍ക്കും ഇതുവരെ ജാമ്യമോ പരോളോ ലഭിച്ചിരുന്നില്ല.

ക്രൈംബ്രാഞ്ച് കേസില്‍ പ്രതിയാക്കുന്നതുവരെ തങ്ങള്‍ക്ക് പരസ്പരം പരിചയം പോലും ഇല്ലായിരുന്നെന്ന് അഞ്ച് പേരും പറയുന്നു. ആഗ്ര സ്വദേശിയായ റയീസ് ബെഗ് ഒഴികെ ശേഷിക്കുന്നവരെല്ലാം കശ്മീര്‍ സ്വദേശികളാണ്. ജയിലില്‍ അടക്കുന്നതിന് മുമ്പ് പരവതാനി കച്ചവടക്കാരനായിരുന്നു അലി ഭട്ട്. ഡല്‍ഹിയിലും കാഠ്മണ്ഡുവിലും കശ്മീരി കരകൗശല വസ്തുക്കള്‍ വില്‍പനയായിരുന്നു ബാജയുടെ തൊഴില്‍. പൊലീസ് പിടിയിലാകുമ്പോള്‍ നിസാര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി. ഗോനി ഒരു സ്‌കൂള്‍ നടത്തുകയായിരുന്നു.

ഏത് ലോകത്തിലേക്കാണ് ഞങ്ങള്‍ പ്രവേശിക്കുന്നതെന്ന് ഒരു പിടിയുമില്ലായിരുന്നു. ജയിലിന് അകത്തായിരുന്ന സമയത്ത് ഞങ്ങള്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. എന്റെ അച്ഛനും അമ്മയും രണ്ട് അമ്മാവന്‍മാരും മരിച്ചുപോയി. ഞങ്ങളെ വെറുതെ വിട്ടു. പക്ഷെ പോയ ആ വര്‍ഷങ്ങള്‍ ആര് തിരികെ തരും?
അബ്ദുള്‍ ഗോനി

തിങ്കളാള്ച്ച രാത്രി ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും കഴിഞ്ഞില്ലെന്നും എഴുത്തുകുത്തുകള്‍ അനന്തമായി നീളുന്നതായി അനുഭവപ്പെട്ടെന്നും നിസാര്‍ പറഞ്ഞു. വിവാഹം കഴിച്ച് പുതിയൊരു ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് 39കാരനായ നിസാര്‍.

പ്രതിയാക്കുമ്പോള്‍ എനിക്ക് 16 വയസായിരുന്നു പ്രായം. പക്ഷെ ഉദ്യോഗസ്ഥര്‍ 19 ആക്കി കാണിച്ചു.
നിസാര്‍

അന്ധാളിച്ചുപോയെന്നും എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് ചിന്തിച്ചെടുക്കാന്‍ പറ്റുന്നില്ലെന്നുമാണ് ബാജയുടെ പ്രതികരണം.

നിസാറും ഞാനും പതിവായി വ്യായാമം ചെയ്യുമായിരുന്നു. ഭട്ട് രണ്ട് തവണ ഖുറാന്‍ പകര്‍ത്തിയെഴുതി. ഒരെണ്ണം ശ്രീനഗറിലെ വീട്ടിലേക്ക് അയച്ചുകൊടുത്തു.
അഹമ്മദ് ബാജ
അവന്റെ യൗവനം കഴിഞ്ഞുപോയി. ഞങ്ങളുടെ മാതാപിതാക്കള്‍ മരിച്ചുപോയി. എന്റെ കണ്ണുനീര്‍ വറ്റി. അവന് വേണ്ടി കരഞ്ഞ് കരഞ്ഞ് എനിക്ക് വയസായി.
സുരയ്യ, ഗോനിയുടെ സഹോദരി

1996 മെയ് 22നാണ് ജയ്പൂര്‍-ആഗ്ര ഹൈവേയില്‍ സാംലേതി ഗ്രാമത്തിന് സമീപം സ്‌ഫോടനമുണ്ടാകുന്നത്. ആഗ്രയില്‍ നിന്ന് ബിക്കാനീറിലേക്ക് പോയ ബസില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയില്‍ 14 പേര്‍ മരിക്കുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തലേന്ന് ഡല്‍ഹി ലാജ്പത് നഗറിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പിടിയിലായവര്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്നും ജയ്പൂര്‍ സവായ് മാന്‍ സിങ് സ്റ്റേഡിയം സ്‌ഫോടനത്തില്‍ (1996) പങ്കുള്ളവരാണെന്നുമായിരുന്നു കുറ്റപത്രത്തിലുണ്ടായിരുന്നത്. കേസിന്റെ വിചാരണ വളരെ വൈകി 2011ലാണ് ആരംഭിച്ചതെന്ന് പ്രതികളുടെ അഭിഭാഷകന്‍ ഷാഹിദ് ഹസന്‍ ചൂണ്ടിക്കാട്ടി.

യാതൊരു അടിസ്ഥാനവുമില്ലാതെ പല കേസുകളില്‍ അവരുടെ പേര് ചേര്‍ക്കുകയായിരുന്നു. എല്ലാ കേസിലും അവരെ കുറ്റവിമുക്തരാക്കി. പക്ഷെ, 23 വര്‍ഷങ്ങള്‍ക്ക് ശേഷം.
ഷാഹിദ് ഹസന്‍

സാംലേതി കേസിലെ 12 കുറ്റാരോപിതരില്‍ ഏഴ് പേരെ ഇതിനോടകം കുറ്റവിമുക്തരാക്കി. 2014ല്‍ ഒരാളേയും ഇന്നലെ ആറ് പേരേയുമാണ് കുറ്റവിമുക്തരാക്കിയത്. ആറാമത്തെയാളായ ജാവേദ് ഖാന്‍ ലാജ്പത് നഗര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായതിനാല്‍ തിഹാര്‍ ജയിലില്‍ തുടരുകയാണ്. ജസ്റ്റിസ് സബീന, ജസ്റ്റിസ് ഗോവര്‍ധന്‍ ബര്‍ദാര്‍ എന്നിവരടങ്ങുന്ന ഹൈക്കോടതി ബെഞ്ച് ഡോ. അബ്ദുള്‍ ഹമീദിന്റെ വധശിക്ഷയും പപ്പു സലീമിന്റെ ജീവപര്യന്ത ശിക്ഷാവിധിയും ശരിവെച്ചു.

കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്ക് മുഖ്യപ്രതിയായ ഡോ. അബ്ദുള്‍ ഹമീദുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ആറ് പേരെ കുറ്റവിമുക്തരാക്കിയതിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍.

23 വര്‍ഷങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും അമ്പരന്ന് പോയെന്നും (ഭക്ഷണം പോലും വേണ്ടാത്ത തരത്തില്‍) ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തതിനാല്‍ ഉറ്റവരെ വിളിക്കാന്‍ പരസഹായം തേടുകയായിരുന്നെന്നും ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT