Around us

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഗ്യാംഗ്‌സ്റ്റര്‍, ബാബ സിദ്ദിഖിയുടെ കൊലയിലും പങ്ക്, ആരാണ് ലോറന്‍സ് ബിഷ്‌ണോയ്?

മഹാരാഷ്ട്ര മുന്‍ മന്ത്രിയായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തോടെ ചര്‍ച്ചകളില്‍ സജീവമായ പേരാണ് ലോറന്‍സ് ബിഷ്‌ണോയിയുടേത്. സബര്‍മതി ജയിലില്‍ കഴിയുന്ന ഈ കൊടും കുറ്റവാളി ജയില്‍ നിന്ന് തന്റെ സംഘത്തെ നിയന്ത്രിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് മുംബൈ അധോലോകത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ബിഷ്‌ണോയ് എന്നാണ് പൊലീസ് കരുതുന്നത്. ആരാണ് ലോറന്‍സ് ബിഷ്‌ണോയ്?

വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് ഗ്യാംഗ്‌സ്റ്ററിലേക്ക്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും സാമൂഹ്യപ്രവര്‍ത്തനത്തിലേക്കുമെല്ലാം വന്ന നിരവധി പേരെ നമുക്കറിയാം. എന്നാല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ഗ്യാംഗ്സ്റ്ററായി മാറിയവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോറന്‍സ് ബിഷ്‌ണോയ് അങ്ങനെയൊരാളാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നാണ് ലോറന്‍സ് ബിഷ്‌ണോയ് അധോലോക ബന്ധങ്ങളുള്ള ഒരു കുറ്റവാളിയായി മാറിയത്. ബാബ സിദ്ദിഖിയുടെയും ഗായകന്‍ സിദ്ദു മൂസേവാലയുടെയും കൊലപാതകങ്ങള്‍, ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വീടിനെതിരെയുണ്ടായ വെടിവെപ്പ്, അതിനു മുന്‍പ് സല്‍മാന്റെ വീടിന് പരിസരത്ത് നിരീക്ഷണം നടത്തിയ സംഭവം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് പങ്കുണ്ട്. ഇതില്‍ ഏറ്റവും വിചിത്രമായ കാര്യം, ജയിലില്‍ കഴിഞ്ഞുകൊണ്ടാണ് ഇയാള്‍ വലിയൊരു ക്രിമിനല്‍ സംഘത്തെ നയിക്കുന്നത് എന്നതാണ്. ബിഷ്‌ണോയിയുടെ അടുത്ത സുഹൃത്ത്, കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സതീന്ദര്‍ജീത്ത് സിങ് എന്ന ഗോള്‍ഡി ബ്രാര്‍ ആണ് ലോറന്‍സ് ബിഷ്‌ണോയ് ഗ്യാംഗിന് വേണ്ടി സിദ്ദു മൂസേവാലയെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഇതിന് പിന്നിലെ മാസ്റ്റര്‍ മൈന്‍ഡ് ബിഷ്‌ണോയ് ആണെന്നാണ് പൊലീസ് പറയുന്നത്. 700ലേറെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ബിഷ്‌ണോയിക്ക് കീഴിലുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തുമൊക്കെയായി സംഘം പടര്‍ന്നു കിടക്കുന്നു.

കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ബിഷ്‌ണോയ് ഒരിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണമൃഗത്തെ ബിഷ്‌ണോയ് സമുദായം പുണ്യമൃഗമായാണ് കണക്കാക്കുന്നത്. 2018ല്‍ മുംബൈയില്‍ സല്‍മാന്റെ വീടിന് സമീപം നിരീക്ഷണം നടത്തിയ സമ്പത്ത് നെഹ്‌റ ബിഷ്‌ണോയ് സംഘത്തിലുള്ള ഷൂട്ടറാണെന്ന് കണ്ടെത്തിയിരുന്നു. സല്‍മാന്റെ സുഹൃത്തുക്കളെയും കൊല്ലുമെന്നാണ് ഗുണ്ടാനേതാവിന്റെ ഭീഷണി. നടനും ഗായകനുമായ ജിപ്പി ഗ്രെവാളിനെ സംഘം വെടിവെച്ചത് സല്‍മാനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ബാബ സിദ്ദിഖിയെയും സല്‍മാനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലില്‍ സല്‍മാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നിലും ബിഷ്‌ണോയ് സംഘമായിരുന്നു. 2022ല്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിലൂടെ രാജ്യാന്തര തലത്തിലും സംഘം കുപ്രസിദ്ധി നേടി. കേസില്‍ ഗോള്‍ഡി ബ്രാറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരുന്നു.

1993ല്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ ഒരു പോലീസുകാരന്റെ മകനായാണ് ലോറന്‍സ് ബിഷ്‌ണോയ് ജനിച്ചത്. 2010ല്‍ ചണ്ഡീഗഡിലെ ഡിഎവി കോളേജില്‍ ചേര്‍ന്ന ബിഷ്‌ണോയ് 2011ല്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയുടെ സ്റ്റുഡന്റ്‌സ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അവിടെ വെച്ച് ഗോള്‍ഡി ബ്രാറിനെ പരിചയപ്പെടുന്നു. ഇരുവരും ചേര്‍ന്ന് യൂണിവേഴ്‌സിറ്റി രാഷ്ട്രീയത്തിനൊപ്പം ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. 2010 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ബിഷ്‌ണോയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കൊലപാതകശ്രമം, അതിക്രമിച്ചു കടക്കല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍, മോഷണം തുടങ്ങി നിരവധി വകുപ്പുകളിലായിരുന്നു കേസുകള്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസുകളില്‍ പലതും. ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ നാലെണ്ണത്തില്‍ ഇയാളെ വെറുതെ വിട്ടെങ്കിലും മറ്റു കേസുകളില്‍ റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. ജയിലില്‍ കഴിയുന്നതിനിടെ ലോറന്‍സ് ബിഷ്‌ണോയ് ക്രിമിനലുകളുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ ലോക്കല്‍ ഗുണ്ടകളെയും ആയുധക്കച്ചവടക്കാരെയും നേരില്‍ കണ്ട് അവരുമായുള്ള ബന്ധം ദൃഢമാക്കി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരുന്നതിനിടെ ബിഷ്‌ണോയി ഗുണ്ടാ സംഘത്തെയും വളര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ എല്‍എല്‍ബി ബിരുദം ഇയാള്‍ കരസ്ഥമാക്കിയിരുന്നു. 2013ലാണ് കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് ഇയാള്‍ കടന്നത്. മുക്ത്‌സര്‍ ഗവണ്‍മെന്റ് കോളേജില്‍ ക്യാമ്പസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ത്ഥി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയായി. ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥിയെ വെടിവെച്ച കേസിലും ഇയാള്‍ പ്രതിയാക്കപ്പെട്ടു. പിന്നീട് മദ്യക്കടത്തിലേക്ക് കടന്നു. കൊലക്കേസ് പ്രതികളെ കൂട്ടിച്ചേര്‍ത്ത് ഗ്യാംഗ് വിപുലീകരിച്ചു. 2014ല്‍ രാജസ്ഥാന്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ പിടിയിലായ ബിഷ്‌ണോയ് ജയിലിലായി.

ഭരത്പൂര്‍ ജയിലില്‍ കഴിയുമ്പോള്‍ ജയില്‍ ജീവനക്കാരുടെ സഹായത്തോടെ ഇയാള്‍ ഗുണ്ടാ സംഘത്തെ നിയന്ത്രിക്കുകയാണെന്ന ആരോപണം ഉയര്‍ന്നു. 2021ല്‍ ഇയാളെ തിഹാര്‍ ജയിലിലേക്ക് മാറ്റി. മകോക്ക നിയമപ്രകാരമുള്ള കേസിനെ തുടര്‍ന്നായിരുന്നു ജയില്‍ മാറ്റം. ജയിലിന് പുറത്തുള്ള സഹായികളുമായി ഇയാള്‍ വോയ്‌സ് ഓവര്‍ ഐപി കോളുകള്‍ നടത്തുന്നുണ്ടെന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 2023ല്‍ മയക്കുമരുന്ന് കടത്തു കേസില്‍ ഗുജറാത്ത് ആന്റി ടെററിസം സക്വാഡ് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ വാങ്ങി സബര്‍മതി ജയിലിലെ അതിസുരക്ഷാ വാര്‍ഡിലേക്ക് മാറ്റി. ലോറന്‍സ് ബിഷ്‌ണോയിക്കും സുഹൃത്ത് ഗോള്‍ഡി ബ്രാറിനും ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. 2023 സെപ്റ്റംബറില്‍ ഖാലിസ്ഥാനി നേതാവ് സുഖ്ദൂല്‍ സിങ്, ഡിസംബറില്‍ കര്‍ണി സേന പ്രസിഡന്റ് സുഖ്‌ദേവ് സിങ് ഗോഗാമേദി തുടങ്ങിയവരെ കൊലപ്പെടുത്തിയതും തങ്ങളാണെന്നാണ് ബിഷ്‌ണോയ് സംഘം അവകാശപ്പെടുന്നത്.

ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍, രവി പൂജാരി തുടങ്ങിയവര്‍ ഭരിച്ചിരുന്ന മുംബൈ അധോലോകത്തിന്റെ കഥ ഏതാണ് കഴിഞ്ഞ മട്ടാണ്. ആ ഒഴിവിലേക്ക് കടന്നുകയറാനാണ് ബിഷ്‌ണോയ് സംഘം ഇപ്പോള്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ബിഷ്‌ണോയ് ഗ്യാംഗിന്റെ ആക്ടിവിറ്റികള്‍ വര്‍ദ്ധിക്കുന്നത് പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT