Around us

പരാജയത്തിന് ശേഷം പ്രസിഡന്റാകുന്ന രണ്ടാമന്‍, ട്രംപ് ആവര്‍ത്തിക്കുന്നത് 132 വര്‍ഷം മുന്‍പത്തെ ചരിത്രം; ആരാണ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ്?

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ആവര്‍ത്തിക്കുന്നത് 132 വര്‍ഷം മുന്‍പത്തെ ചരിത്രം. രണ്ടു തവണ അമേരിക്കന്‍ പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏറെയുണ്ടെങ്കിലും ഒരിക്കല്‍ പ്രസിഡന്റാകുകയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്ത് ഒരു ഇടവേളയ്ക്ക് ശേഷം പ്രസിഡന്റായവര്‍ അമേരിക്കന്‍ ചരിത്രത്തില്‍ അധികമില്ല. ട്രംപിന് മുന്‍പ് ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഒരാളേയുള്ളു. അതും 19-ാം നൂറ്റാണ്ടില്‍. അമേരിക്കയുടെ 22-ാമതും 24-ാമതും പ്രസിഡന്റായിരുന്ന ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ് ആണ് ആ വ്യക്തി. 1885 മുതല്‍ 1889 വരെയും 1893 മുതല്‍ 1897 വരെയുമാണ് അദ്ദേഹം പ്രസിഡന്റായത്. ഇതു കൂടാതെ മറ്റ് ചില അപൂര്‍വ്വതകള്‍ക്ക് കൂടി ഉടമയാണ് ക്ലീവ്‌ലാന്‍ഡ്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് 2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് 2024ലെ തെരഞ്ഞെടുപ്പിലൂടെ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ട്രംപ്

ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ്

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ് മത്സരിച്ചത്. 1884ലും 1888ലും 1892ലും. 1884ല്‍ വിജയിച്ച് പ്രസിഡന്റാകുമ്പോള്‍ അമേരിക്കയുടെ രാഷ്ട്രീയ കാലാവസ്ഥ പൂര്‍ണ്ണമായും റിപ്പബ്ലിക്കന്‍മാര്‍ക്ക് അനുകൂലമായിരുന്നു. മത്സരിച്ച മൂന്ന് തെരഞ്ഞെടുപ്പുകളിലും പോപ്പുലര്‍ വോട്ടുകള്‍ ക്ലീവ്‌ലാന്‍ഡ് നേടിയെങ്കിലും രണ്ടാമൂഴത്തില്‍ റിപ്പബ്ലിക്കനായ ബെഞ്ചമിന്‍ ഹാരിസണ്‍ ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടി ക്ലീവ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി. 1892ല്‍ ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിക്കൊണ്ട് തിരിച്ചുവന്ന ക്ലീവ്‌ലാന്‍ഡ് അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം തിരികെ അധികാരത്തിലെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റായി മാറി. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യ ഡെമോക്രാറ്റ് ആണ് ക്ലീവ്‌ലാന്‍ഡ്. 1869നും 1933നുമിടയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാര്‍ മാത്രം വാണ അമേരിക്കയില്‍ അതിന് അപവാദമായി വന്ന രണ്ട് പ്രസിഡന്റുമാരില്‍ ഒരാളാണ് അദ്ദേഹം. 1913 മുതല്‍ 1921 വരെ അധികാരത്തിലിരുന്ന വുഡ്രോവ് വില്‍സണ്‍ ആണ് രണ്ടാമന്‍.

മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ബ്ലൈന്‍ഡില്‍ കാഴ്ചശക്തിയില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകനായിരുന്നു ക്ലീവ്‌ലാന്‍ഡ്. അതിന് ശേഷം നിയമപഠനം തെരഞ്ഞെടുത്ത അദ്ദേഹം രാഷ്ട്രീയത്തിലേക്കുമെത്തി. പ്രസിഡന്റായപ്പോള്‍ 125 കിലോ ഭാരവും ബിയറിനോടും സിഗാറിനോടുമുള്ള ആസക്തിയുമുള്ള ആളായും ചിത്രീകരിക്കപ്പെട്ടു. 1881ല്‍ ബഫലോ മേയറായും 1882ല്‍ ന്യൂയോര്‍ക്ക് ഗവര്‍ണറായും തെരഞ്ഞെടുക്കപ്പെട്ട ക്ലീവ്‌ലാന്‍ഡ് പക്ഷേ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത് തിയഡോര്‍ റൂസ്‌വെല്‍റ്റുമായി ചേര്‍ന്ന് നടപ്പാക്കിയ പരിഷ്‌കരണങ്ങളിലൂടെയാണ്. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും വേണ്ടി നിരന്തരം വാദിച്ചു. അഴിമതിക്കെതിരെയും കെടുകാര്യസ്ഥതയ്‌ക്കെതിരെയും നടത്തിയ പോരാട്ടങ്ങള്‍ എതിര്‍പക്ഷമായ റിപ്പബ്ലിക്കന്‍മാര്‍ക്കിടയിലും ആരാധകരെ സൃഷ്ടിച്ചിരുന്നു. 1884ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ വോട്ടുകളും ക്ലീവ്‌ലാന്‍ഡിന് ലഭിച്ചിരുന്നു. 1888ല്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം അഭിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു ക്ലീവ്‌ലാന്‍ഡ്.

ഇടവേളയ്ക്ക് ശേഷം പ്രസിഡന്റ് സ്ഥാനത്തെത്തി എന്ന കാര്യത്തില്‍ മാത്രമേ ഡൊണാള്‍ഡ് ട്രംപുമായി ക്ലീവ്‌ലാന്‍ഡിനെ താരതമ്യം ചെയ്യാന്‍ കഴിയൂ. 2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് അധികാരം വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ക്യാപിറ്റോള്‍ ഹില്ലില്‍ നടത്തിയ അതിക്രമങ്ങള്‍ ചരിത്ര രേഖയാണ്. ക്ലീവ്‌ലാന്‍ഡിന് ശേഷം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെഞ്ചമിന്‍ ഹാരിസണ്‍ സത്യപ്രതിജ്ഞ ചെയ്തത് ഒരു മഴയുള്ള ദിവസമായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഹാരിസണ് കുട പിടിച്ചു കൊടുത്തത് ക്ലീവ്‌ലാന്‍ഡ് ആയിരുന്നു. പ്രസിഡന്റ് സ്ഥാനത്തിരുന്ന് വിവാഹിതനായ ആദ്യ വ്യക്തിയും ക്ലീവ്‌ലാന്‍ഡ് തന്നെയാണ്. 1886ലായിരുന്നു 21കാരിയായ ഫ്രാന്‍സസ് ഫോള്‍സമുമായി അദ്ദേഹത്തിന്റെ വിവാഹം.

ഷാ‍ർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന് ; നിക്ഷേപകർക്ക് നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

ഗ്ലോബല്‍ വില്ലേജില്‍ സന്ദർശകത്തിരക്ക്

ലൈംഗികാരോപണക്കേസ്; നിവിന്‍ പോളിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

സംഗീത തന്നെയായിരുന്നു ആദ്യ ചോയ്സ്, ആനന്ദ് ശ്രീബാല ഒരു പരീക്ഷണചിത്രമല്ല; വിഷ്ണു വിനയ് അഭിമുഖം

SCROLL FOR NEXT