റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ളതെന്ന പേരില്‍ പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ടി.ആര്‍.പി തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച തെളിവാണ് പുറത്തുവന്നതെന്ന പ്രചരണമുണ്ടെങ്കിലും മുംബൈ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
500ലേറെ പേജുകളുള്ള വാട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസുമായും മറ്റ് ഭരണകക്ഷി അംഗങ്ങളുമായും അര്‍ണാബിനുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി സംഭാഷണങ്ങള്‍ ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 'എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ട്', എന്നാണ് ഒരു സംഭാഷത്തിനിടെ അര്‍ണാബ് ബാര്‍ക് മുന്‍ സി.ഇ.ഒയോട് പറയുന്നത്. എല്ലാ രാഷ്ട്രീയ നീക്കങ്ങളും, മന്ത്രിമാരും അര്‍ണാബിനെതിരെ തിരിഞ്ഞുവെന്ന പാര്‍ഥോ ദാസിന്റെ മെസേജിനായിരുന്നു അര്‍ണാബിന്റെ മറുപടി.
ബാര്‍കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞ വര്‍ഷം ട്രായ് മുന്നോട്ട് വെച്ച ചില നിര്‍ദേശങ്ങള്‍ തിരിച്ചടിയാകുമെന്നും സഹായിക്കണമെന്നും അര്‍ണാബിനോട് പാര്‍ഥോ ദാസ് ഗുപ്ത ആവശ്യപ്പെടുന്ന ഭാഗവും വിവാദമായിട്ടുണ്ട്. ബാര്‍ക് അര്‍ണാബിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചാറ്റില്‍ പറയുന്നുണ്ട്.
'എഎസ്' എന്നൊരാള്‍ സഹായിക്കുമെന്നും കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തണമെന്നും ചാറ്റില്‍ പറയുന്നുണ്ട്. ഇത് അമിത്ഷായെ ഉദ്ദേശിച്ചാണെന്നും ആരോപണമുണ്ട്. എ.എസ് ആരാണെന്ന ചോദ്യത്തോടെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്. രാജ്യത്തെ ഏത് നിയമവ്യവസ്ഥപ്രകാരവും അര്‍ണാബ് ഏറെക്കാലം ജയിലില്‍ കിടക്കേണ്ടി വരുമെന്നും പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.
ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ത്തോ ദാസിന് അര്‍ണാബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ത്തോ ദാസ് അതിന് മറുപടി നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണാബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അര്‍ണാബ് വിശേഷിപ്പിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മറ്റൊരു ചാറ്റില്‍, ടി.ആര്‍.പി അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായം ആവശ്യപ്പെടുന്നതിനായി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറിനെ കാണുമെന്ന് അര്‍ണാബ് സൂചിപ്പിക്കുന്നുണ്ട്. 2019 ജൂലൈയില്‍ ആരംഭിച്ച് അതേവര്‍ഷം ഒക്ടോബര്‍ വരെയുള്ള ചാറ്റുകളാണ് പുറത്തുവന്നത്.