എറണാകുളം മുനമ്പത്ത് 600ഓളം കുടുംബങ്ങള്‍ സ്വന്തം ഭൂമിക്കു വേണ്ടി ഒരു പ്രക്ഷോഭത്തിലാണ്. കരമടയ്ക്കാനോ അവയുടെ ക്രയവിക്രയം നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് അവര്‍. 2022 ജനുവരി 13ന് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു നോട്ടീസ് ആണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്.
ഇത്രയും കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തിപരമായ അവകാശങ്ങള്‍ താമസക്കാര്‍ക്ക് ഇല്ലെന്നുമാണ് വഖഫ് ബോര്‍ഡ് റവന്യൂ വകുപ്പിനെ അറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള ഈ പ്രദേശത്തെ താമസക്കാര്‍ക്ക് സ്വന്തം ഭൂമി അത്യാവശ്യ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പോലും കഴിയുന്നില്ല. വിഷയത്തില്‍ ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിയമപരമായ പരിഹാരമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. എന്നാല്‍ ഇപ്പോള്‍ ബിജെപി വിഷയത്തില്‍ ഇടപെട്ടു. വഖഫ് ബോര്‍ഡ് ഈ ഭൂമിയില്‍ അവകാശം ഉന്നയിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളോട് കുടിയൊഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എങ്കിലും ക്രയവിക്രയ അവകാശങ്ങളില്ലാതെ സ്വന്തം ഭൂമിയില്‍ കുടികിടപ്പുകാരായി കഴിയേണ്ടി വരുന്നവരുടെ ആശങ്കയും പരിഗണിക്കപ്പെടേണ്ടതുണ്ട്. എന്താണ് മുനമ്പത്ത് സംഭവിക്കുന്നത്?
പ്രതിസന്ധിയുടെ ചരിത്രം
1865ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ പുറപ്പെടുവിച്ച പണ്ടാരപ്പാട്ടം വക വിളംബരം അനുസരിച്ച് ജനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ സ്ഥലം എഴുതി നല്‍കിയിരുന്നു. ഗുജറാത്തില്‍ നിന്നെത്തിയ ഹാജി മൂസാ സേട്ട് എന്നയാള്‍ 1902ല്‍ വിളംബരത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രദേശത്ത് 404 ഏക്കര്‍ സ്ഥലം എഴുതി വാങ്ങി. അക്കാലത്തു തന്നെ ഇവിടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ താമസിച്ചിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം 1950ല്‍ ഹാജി മൂസാ സേഠിന്റെ മകളുടെ ഭര്‍ത്താവായ സിദ്ദിഖ് സേട്ട് കോഴിക്കോട് ഫാറൂഖ് കോളേജിന് ഈ ഭൂമി പാരിതോഷികമായി എഴുതി നല്‍കി. ഇസ്ലാമിക ദര്‍ശനങ്ങളോടെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വഖഫായി എഴുതി നല്‍കുന്നുവെന്ന് രേഖപ്പെടുത്തിയ ആധാരത്തില്‍ പക്ഷേ രണ്ട് നിബന്ധനകള്‍ വെച്ചിരുന്നു.
ഒന്ന്, ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്ക് ഈ ഭൂമിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കാം, അതിനായി ക്രയവിക്രയ അവകാശങ്ങള്‍ അടക്കമാണ് നല്‍കുന്നത്.
രണ്ട്, ഫാറൂഖ് കോളേജ് ഇല്ലാതാവുകയോ കോളേജിന്റെ ആവശ്യങ്ങള്‍ക്ക് ശേഷം സ്ഥലം ബാക്കിയുണ്ടാവുകയോ ചെയ്താല്‍ സേട്ടിന്റെ പിന്‍മുറക്കാരിലേക്ക് ആ സ്വത്ത് വന്നുചേരും.
1951ല്‍ ഫാറൂഖ് കോളേജ് ഈ ഭൂമിക്ക് പട്ടയം വാങ്ങുകയും പോക്കുവരവ് ചെയ്ത് സ്വന്തമാക്കുകയും ചെയ്തു. 1962ല്‍ ഇവിടെ താമസിച്ചിരുന്നവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമമുണ്ടായി. പ്രതിഷേധമുയര്‍ന്നു. കേസ് കോടതിയില്‍ എത്തി. കോടതി നാട്ടുകാര്‍ക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. 1967ല്‍ പറവൂര്‍ സബ് കോടതിയില്‍ ഫാറൂഖ് കോളേജ് അപ്പീല്‍ കൊടുത്തു. 1971ല്‍ ഇത് ഫാറൂഖ് കോളേജിന്റെ ഭൂമിയാണെന്ന് കോടതി വിധിച്ചു.
അതിന് ശേഷം കടല്‍ത്തീരത്ത് മണല്‍ അടിഞ്ഞ് സ്ഥലമുണ്ടായപ്പോള്‍ ചിലര്‍ ഇവിടെ കുടിയേറി താമസം തുടങ്ങി. ഒരു സ്ഥലം കടലെടുത്ത് പോയ ശേഷം തിരികെ കിട്ടിയാല്‍ അത് റവന്യൂ ഭൂമിയാണെന്നും ഈ മാനദണ്ഡം മറികടന്നുകൊണ്ട് കടലെടുത്തു പോയി വീണ്ടും കടല്‍ വെച്ച സ്ഥലത്തിനും ഫാറൂഖ് കോളേജ് കൈവശം വെക്കുകയാണെന്ന് നാട്ടുകാര്‍ വാദിച്ചു. തര്‍ക്കം പരിഹരിക്കുന്നതിനായി ഈ വിഷയത്തില്‍ 1971ല്‍ റിസീവറെ വെച്ചു. റിസീവര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ കൂടുതല്‍ ജനങ്ങള്‍ ഇവിടെ താമസിക്കാനെത്തി. ഇതോടെ 1975ല്‍ കോളേജ് വീണ്ടും ഹൈക്കോടതിയില്‍ കേസ് കൊടുത്തു. പോലീസ് സംരക്ഷണത്തിനായി കൊടുത്ത കേസില്‍ സ്ഥലം ഫാറൂഖ് കോളേജിന്റെതാണെന്ന വിധി ഹൈക്കോടതി സ്ഥിരപ്പെടുത്തി.
ഈ വിധിയുടെ അടിസ്ഥാനത്തില്‍ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പൊലീസുമായി കുടിയൊഴിപ്പിക്കലിന് എത്തി. പ്രദേശവാസികളും ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ കുടിയാന്‍മാരാണെന്നും കടല്‍ വെച്ച ഭൂമിയിലാണ് തങ്ങള്‍ താമസിക്കുന്നതെന്നും അവര്‍ വാദിച്ചു. റവന്യൂ ഭൂമിയിലാണ് താമസിക്കുന്നതെന്ന് വാദിച്ചെങ്കിലും വിധി പ്രദേശവാസികള്‍ക്ക് എതിരായി. ഫാറൂഖ് കോളേജിന്റെ ഭൂമിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. വിധിയില്‍ പലയിടത്തും ഫാറൂഖ് കോളേജിന് ഗിഫ്റ്റ് ഡീഡായി ലഭിച്ച സ്ഥലം എന്ന് രേഖപ്പെടുത്തിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
പ്രശ്‌നം സങ്കീര്‍ണ്ണമായി തുടരുന്ന സാഹചര്യത്തില്‍ നടത്തിയ മധ്യസ്ഥ ശ്രമത്തില്‍ കോളേജ് വികസനത്തിന് ഫണ്ട് അത്യാവശ്യമാണെന്ന് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1988ല്‍ നാട്ടുകാര്‍ പണം പിരിച്ച് ഏകദേശം 33 ലക്ഷം രൂപയോളം നല്‍കി ഭൂമി വാങ്ങി. ഏകദേശം 600ഓളം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഫാറൂഖ് കോളേജ് മാനേജിംഗ് ട്രസ്റ്റിയായിരുന്ന ഹസന്‍ കുട്ടി ഹാജിക്കായിരുന്നു സ്ഥലം എഴുതി നല്‍കാനുള്ള ചുമതല. ആഭരണങ്ങള്‍ പണയം വെച്ചും അധ്വാനിച്ച പണം ഉപയോഗിച്ചുമൊക്കെ ഒരു വര്‍ഷത്തോളം ചെലവിട്ടാണ് പ്രദേശവാസികള്‍ പണം കണ്ടെത്തി നല്‍കിയത്. അതിന് ശേഷം മൂന്ന് പതിറ്റാണ്ടുകള്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ തുടര്‍ന്നു.
2019ല്‍ സ്ഥലം വഖഫ് ബോര്‍ഡ് ആസ്തി രജിസ്റ്ററില്‍ ചേര്‍ക്കപ്പെട്ടു. 2022ല്‍ ഈ പ്രദേശത്തെ വസ്തുക്കളുടെ കരം സ്വീകരിക്കുന്നതും ക്രയവിക്രയങ്ങളും റീ രജിസ്‌ട്രേഷന്‍ അടക്കം തടഞ്ഞുകൊണ്ട് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കിയതോടെയാണ് ഇക്കാര്യം പുറത്തു വന്നത്. തുടര്‍ന്ന് ജനങ്ങള്‍ എംഎല്‍എയെ സമീപിക്കുകയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വഖഫ് ബോര്‍ഡിന്റെ ചുമതലയുള്ള മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജനങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ തീരുമാനം എടുത്തു. പഴയ നില തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയെങ്കിലും വഖഫ് സംരക്ഷണ സമിതിയെന്ന സംഘടന ഇതിനെതിരെ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യപ്പെട്ടു.
നിസാര്‍ കമ്മീഷന്‍ പറഞ്ഞത് എന്ത്?
കേരളത്തിലെ അന്യാധീനപ്പെട്ട വഖഫ് വസ്തുക്കള്‍ കണ്ടെത്താന്‍ 2008ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷന്‍ മുനമ്പത്തെ വസ്തു സംബന്ധിച്ചും പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ ഭൂമി വഖഫ് ഭൂമിയാണോ അതോ ഫാറൂഖ് കോളേജിന് ഗിഫ്റ്റ് ഡീഡായി ലഭിച്ചതാണോ എന്ന് കണ്ടെത്താന്‍ കമ്മീഷന് കഴിഞ്ഞില്ല.
അന്വേഷണത്തിനായി ഫാറൂഖ് കോളേജ് മാനേജ്‌മെന്റുമായി കമ്മീഷന്‍ സംസാരിച്ചിരുന്നു. സിദ്ദിഖ് സേട്ട് തങ്ങള്‍ക്ക് സ്ഥലം കൈമാറിയത് രജിസ്റ്റേര്‍ഡ് ഗിഫ്റ്റ് ഡീഡായിട്ടാണെന്നും കോടതി വിധികളില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മാനേജ്‌മെന്റ് വാദിച്ചു. ഫാറൂഖ് കോളേജ് വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്ന സ്ഥാപനമല്ലെന്നും അവര്‍ വാദിച്ചു. വഖഫ് ബോര്‍ഡിന് അവകാശമുള്ള ഭൂമിയില്‍ ക്രയവിക്രയങ്ങള്‍ നടത്തണമെങ്കില്‍ 2013 വരെ ബോര്‍ഡിന്റെ അനുവാദം ആവശ്യമായിരുന്നു. 1988ല്‍ അടക്കം നടന്ന ക്രയവിക്രയങ്ങളില്‍ ഈ അനുമതി തേടേണ്ടി വന്നിട്ടില്ല. വസ്തു വഖഫ് ആണോ അതോ ഗിഫ്റ്റ് ഡീഡ് ആണോ എന്ന് തീരുമാനിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിലപാടെടുത്തു. വഖഫ് ബോര്‍ഡിന് അക്കാര്യത്തില്‍ തീരുമാനം എടുക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബര്‍ 25ന് വഖഫ് ബോര്‍ഡ് ഈ ഭൂമി വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു. 1995ലെ വഖഫ് നിയമത്തിന്റെ സെക്ഷന്‍ 36 അനുസരിച്ചായിരുന്നു നടപടി. വഖഫ് നിയമം നടപ്പില്‍ വരുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്ത വസ്തുക്കളും വഖഫ് ബോര്‍ഡിന് ഏറ്റെടുക്കാന്‍ അനുവാദം നല്‍കുന്ന നിയമ വ്യവസ്ഥയാണ് ഇത്.
താമസക്കാരായ 600ഓളം കുടുംബങ്ങള്‍ അറിയാതെയായിരുന്നു ഈ നടപടിയെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. നോട്ടീസുകള്‍ പോലും നല്‍കിയില്ല. 2022ല്‍ കൊച്ചി തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് ജനങ്ങള്‍ ഇതേക്കുറിച്ച് അറിഞ്ഞത്. ഈ ഏറ്റെടുക്കലിനെതിരെ ഫാറൂഖ് കോളേജ് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വഖഫ് ബോര്‍ഡിന് ഭൂമിയില്‍ യാതൊരു വിധ അവകാശവും ഇല്ലെന്ന് കാട്ടി ഹൈക്കോടതിയില്‍ കോളേജ് മാനേജ്‌മെന്റ് സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. ട്രൈബ്യൂണലില്‍ അടക്കമുള്ള കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കൃത്യമായി ഹാജരാകാത്തതും സര്‍ക്കാരിന്റെ നിലപാട് സത്യവാങ്മൂലമായി നല്‍കാന്‍ തയ്യാറാകാത്തതുമാണ് പ്രശ്‌നം പരിഹാരമില്ലാതെ തുടരാന്‍ കാരണമാകുന്നതെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നുണ്ട്. നിബന്ധനകളുള്ള ഡീഡ് വഖഫാകില്ലെന്ന വാദവും അവര്‍ ഉന്നയിക്കുന്നുണ്ട്. സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജുമായി ഏര്‍പ്പെട്ട കരാറില്‍ നിബന്ധനകളുണ്ടായിരുന്നു.
വഖഫ് ബോര്‍ഡിന്റെ നിലപാട്
വഖഫ് ഭൂമി സംരക്ഷിക്കുകയെന്നതാണ് വഖഫ് ബോര്‍ഡിന്റെ നിയമപരമായ ഉത്തരവാദിത്തമെന്ന് ബോര്‍ഡി ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ പറഞ്ഞു. 1962ല്‍ തുടങ്ങിയ നിയമ പ്രശ്‌നമാണ്. മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. അതുമായി ബന്ധപ്പെട്ട് കൈവശാവകാശം ഉണ്ടെന്ന് കുറച്ചു പേര്‍ അവകാശപ്പെടുന്നു. അതില്‍ നിയമപരമായ പരിഹാരത്തിനാണ് വഖഫ് ബോര്‍ഡ് കാത്തിരിക്കുന്നത്. ആരെയും പെട്ടെന്ന് കയറിച്ചെന്ന് കുടിയൊഴിപ്പിക്കലല്ല വഖഫ് ബോര്‍ഡിന്റെ ചുമതല. വസ്തു നിയമപ്രകാരം വഖഫിന്റെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുക എന്നത് മാത്രമാണ്. ഈ വിഷയത്തില്‍ പുതിയ തീരുമാനം എടുക്കാനാവശ്യമായ വിധികളോ തീരുമാനങ്ങളോ നിയമപരമായി ബോര്‍ഡിന് മുന്നില്‍ വന്നിട്ടില്ല. സര്‍ക്കാര്‍ ആ വിഷയം പഠിക്കുന്നുണ്ട്. കുറച്ചു താമസക്കാര്‍ കൂടി ഉള്‍പ്പെട്ട വിഷയമായതിനാല്‍ അതു കൂടി പരിഗണിച്ചേ സര്‍ക്കാര്‍ ഒരു തീരുമാനത്തില്‍ എത്തൂ. പ്രദേശത്ത് താമസിക്കുന്നവരുടെ അവകാശങ്ങളും വഖഫിന്റെ അവകാശങ്ങളും തമ്മിലുള്ള തര്‍ക്കമാണ് ഇത്. വ്യക്തിപരമായ തര്‍ക്കങ്ങളല്ല. രണ്ട് അവകാശങ്ങളും പരിശോധിച്ച് ഏത് അവകാശമാണ് ശരിയെന്നതടക്കം പരിശോധിക്കപ്പെടേണ്ട വിഷയങ്ങളാണ്.
വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുനമ്പം വിഷയം രാഷ്ട്രീയ ചര്‍ച്ചയാകുന്നത്. ആത്യന്തികമായി ഒരു നിയമ പ്രശ്‌നമായ ഈ വിഷയത്തില്‍ കോടതികളില്‍ നിന്നാണ് അന്തിമ തീര്‍പ്പുണ്ടാകേണ്ടത്. നിയമപരമായ പരിഹാരം ഉണ്ടാകട്ടെയെന്ന നിലപാടാണ് വഖഫ് ബോര്‍ഡും സ്വീകരിച്ചിരിക്കുന്നത്.