സ്വകാര്യവല്‍ക്കരണത്തേയും ഉദാരവല്‍ക്കരണത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയും അഭിസംബോധന ചെയ്യുന്നതില്‍ ബജറ്റ് ഏറെ പിന്നിലായെന്നാണ് വിലയിരുത്തല്‍. പെട്രോളിനും ഡീസലിനും എക്‌സൈസ് ഡ്യൂട്ടിയായി രണ്ട് രൂപ വീതം കൂടി ഈടാക്കുന്നത് ജീവിതച്ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും.
2022ഓടെ എല്ലാവര്‍ക്കും വീട് വാഗ്ദാനം ചെയ്യുന്നുണ്ട് 2019-20 ബജറ്റ്. ഗ്രാമീണ മേഖലയ്ക്കായി 'ഗാവോം ഗരീബ് ഓര്‍ കിസാന്‍' പദ്ധതി, സ്വാശ്രയ സംഘങ്ങളിലെ ഓരോ വനിതയ്ക്കും 'നാരി തു നാരായണി' പദ്ധതിയില്‍ മുദ്ര സ്‌കീം വായ്പ ഒരു ലക്ഷം വരെ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യോക ഇളവുകള്‍ തുടങ്ങിയവയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഹൈലൈറ്റുകളായി അവതരിപ്പിച്ചത്.