നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെ കസ്റ്റഡിമര്‍ദ്ദനത്തേത്തുടര്‍ന്ന് രാജ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്പിയുള്‍പ്പെടെയുടെയുള്ള മേലുദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അന്വേഷണസംഘം. ജൂണ്‍ 15 മുതല്‍ രാജ്കുമാര്‍ മരിക്കുന്ന ജൂണ്‍ 21വരെ പൊലീസിനെക്കൂടാതെ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും രാജ് കുമാറിന്റെ കസ്റ്റഡിയില്‍ ഇടപെട്ടിരുന്നു. നടപടി ക്രമങ്ങളോട് അവര്‍ എത്രത്തോളം നീതി പുലര്‍ത്തി? രാജ്കുമാര്‍ എന്ന കുറ്റാരോപിതനോട് ഡോക്ടര്‍മാരും മജിസ്‌ട്രേട്ടും ജയില്‍ അധികൃതരും എന്താണ് ചെയ്തത്.?
ഡോക്ടര്‍മാര്‍
ജൂണ്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരപീഡനത്തിന് ശേഷം ജൂണ്‍ 15ന് വൈകിട്ട് രാജ്കുമാര്‍ നെടുങ്കണ്ടം സ്റ്റേഷനില്‍ കുഴഞ്ഞുവീണു. രാത്രി ഒമ്പതരയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 12 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം ജൂണ്‍ 16ന് വേദനസംഹാരി നല്‍കി വിട്ടയച്ചെന്ന് ആരോപണം. പൊലീസിന്റെ ശാഠ്യത്തിന് വഴങ്ങിയെന്നും പ്രതിയുടെ ആരോഗ്യാവസ്ഥയേക്കുറിച്ചുള്ള ആശങ്ക മേലധികാരികളെ അറിയിക്കുകയോ മറ്റ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മജിസ്‌ട്രേട്ട്
ജൂണ്‍ 16ന് രാത്രി 9.30ന് ഇടുക്കി മജിസ്‌ട്രേട്ട് രശ്മി രവീന്ദ്രന്റെ മുന്നില്‍ രാജ്കുമാറിനെ ഹാജരാക്കി. (നെടുങ്കണ്ടം മജിസ്‌ട്രേട്ട് അവധിയില്‍). ദേഹം മുഴുവന്‍ നീര് വന്ന് വീര്‍ത്ത് അവശനിലയിലായിരുന്നു രാജ് കുമാര്‍. കാല് നിലത്ത് കുത്താന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന 49കാരനെ മജിസ്‌ട്രേട്ട് പൊലീസ് വാഹനത്തിനടുത്ത് ചെന്ന് കണ്ടു. നടപടിക്രമം അനുസരിച്ച് പ്രതിക്ക് പരാതിയുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ട മജിസ്‌ട്രേട്ട് ആരോഗ്യസ്ഥിതി അത്രയേറെ വഷളായ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തു.
ജയില്‍ അധികൃതര്‍
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കൊണ്ടുവന്ന രാജ്കുമാറിനെ റിമാന്‍ഡ് രേഖ മാത്രം വാങ്ങി പീരുമേട് ജയില്‍ അധികൃതര്‍ തടവിലടച്ചു. ജയിലിലും രാജ്കുമാറിന് മര്‍ദ്ദനമേറ്റെന്ന് ആരോപണം. ആരോഗ്യനില വീണ്ടും വഷളായി. ജൂണ്‍ 18ന് പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ച രാജ്കുമാറിനെ ഡോക്ടര്‍ കണ്ടത് ആംബുലന്‍സിന് അടുത്തെത്തിയാണ്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും കൊണ്ടുപോയത് തിരികെ പീരുമേട് ജയിലിലേക്ക്. ജൂണ്‍ 20ന് രാവിലെ മെഡിക്കല്‍ കോളേജിലെത്തിച്ച ശേഷം വൈകിട്ട് തിരിച്ച് ജയിലില്‍ എത്തിച്ചു. രാത്രി നെഞ്ച് വേദനയെടുക്കുന്നെന്ന് പറഞ്ഞ് രാജ്കുമാര്‍ നിലവിളിച്ചെങ്കിലും അധികൃതര്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. നിലവിളി തുടര്‍ന്നപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥന്‍ അസഭ്യം പറഞ്ഞു. ജൂണ്‍ 21ന് രാവിലെ 10.20ന് രാജ്കുമാറിനെ പീരുമേട് ആശുപത്രിയിലെത്തിച്ചു. ജയിലില്‍ വെച്ച് തന്നെ രാജ്കുമാര്‍ മരിച്ചെന്നും ജീവന്‍ നഷ്ടപ്പെട്ട ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സഹതടവുകാരന്‍ സുനില്‍ സുകുമാരന്‍ ചൂണ്ടിക്കാണിക്കുന്നു.