ഓണം ദയനീയമാണെന്നും കടം വാങ്ങിയാണ് ജീവിക്കുന്നതെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുത്തൂറ്റ് ജീവനക്കാര്‍. ജീവനക്കാര്‍ പണം പിരിച്ചാണ് കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഓണക്കിറ്റ് വാങ്ങി നല്‍കിയതെന്ന് സിഐടിയു മുത്തൂറ്റ് യൂണിയന്‍ സെക്രട്ടറി നിഷ കെ ജയന്‍ 'ദ ക്യൂ'വിനോട് പറഞ്ഞു. സമരം നാളെ 24-ാം ദിനത്തിലേക്ക് കടക്കുകയാണ്. 19 ദിവസം ജോലി ചെയ്തതിന്റെ ശമ്പളവും ബോണസും കമ്പനി തടഞ്ഞുവെച്ചിരിക്കുകയാണ്. കൈയില്‍ ഒന്നും എടുക്കാനില്ലെങ്കിലും വേതന വര്‍ധനയടക്കുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരണമെന്ന് തന്നെയാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും നിഷ ചൂണ്ടിക്കാട്ടി.
19 ദിവസം ജോലി ചെയ്തതിന്റെ ശമ്പളവും ബോണസും കിട്ടിയിട്ടില്ല. ആരുടെ കൈയിലും പണമില്ല. അവരുടെ വീടുകളില്‍ കുഞ്ഞുടുപ്പ് വാങ്ങണ്ടേ? സദ്യയൊരുക്കണ്ടേ?നിഷ കെ ജയന്‍
ശമ്പളം തീരെ കുറവുള്ള ഒരുപാട് പേരുണ്ട്. 35-40 വയസുള്ള സബ് സ്റ്റാഫുകളില്‍ പലരുടേയും കുടുംബം ഈ ശമ്പളം കൊണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത്. ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ യൂബര്‍ ഈറ്റ്‌സ് പോലുള്ള ഫുഡ് ഡെലിവറി സര്‍വീസിന് പോകുന്നു. ചിലര്‍ തട്ടുകട തുടങ്ങി. ചിലര്‍ പത്രം വില്‍ക്കാനും പോയിത്തുടങ്ങി. സമരം ചെയ്യുന്നവര്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ജീവിക്കുന്നത്. വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്. ആത്മാഭിമാനം എന്നൊരു സംഗതി എല്ലാവര്‍ക്കുമുണ്ടല്ലോ. അതുകൊണ്ട് എല്ലാവരും പിടിച്ചുനില്‍ക്കുന്നു. 36 വര്‍ഷം സര്‍വ്വീസുള്ള പ്രസാദ് എന്നൊരു ജീവനക്കാരുണ്ട്. ഡിഗ്രിക്കും നേഴ്‌സിങ്ങിനും പഠിക്കുന്ന കുട്ടികളുണ്ട് അദ്ദേഹത്തിന്. ബന്ധുക്കളുടെ സഹായം കൊണ്ടാണ് ആ കുടുംബം കഴിയുന്നത്. അങ്ങനെയുള്ള ധാരാളം പേരാണ് പണി മുടക്കിലുള്ളത്. ദയനീയമാണ് അവസ്ഥയെങ്കിലും കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നതെങ്കിലും ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്നോട്ട് പോകരുതെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജയിച്ചതിന് ശേഷമേ പിന്മാറാകൂ എന്ന് അവര്‍ പറയുമ്പോള്‍ ഒരു തരത്തിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകന്‍ തോന്നുന്നില്ലെന്നും നിഷ പറയുന്നു.
ബോണസ് കൃത്യമായല്ല വിതരണം ചെയ്തിരിക്കുന്നത്. ഉപരോധ സമരത്തിനിടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ എംഡിയുടെ ഒപ്പമെത്തിയ മാനേജര്‍മാരില്‍ പലര്‍ക്കും ബോണസ് കിട്ടിയിട്ടില്ല.നിഷ കെ ജയന്‍
'സമരത്തെ എതിര്‍ക്കുന്നത് നേരമ്പോക്കുകാര്‍'
വീട്ടില്‍ പണമുള്ള, രാവിലെ മുതല്‍ വൈകുന്നേരം വരെ വന്നിരിക്കാന്‍ ഒരിടം മാത്രം ആവശ്യമുള്ള ഒരു വിഭാഗം ജീവനക്കാരുണ്ട്. എന്‍ആര്‍ഐകളുടേയും പുരോഹിതരുടേയുമൊക്കെ ഭാര്യമാരില്‍ പലരും എത്ര ചെറിയ വേതനത്തിലും ജോലി ചെയ്യാന്‍ തയ്യാറാണ്. നേരമ്പോക്കുകാരാണവര്‍, ജീവിക്കാന്‍ വേണ്ടി തൊഴിലിന് വരുന്നവരല്ല. സമരം പൊളിക്കാനും ഓഫീസില്‍ കയറാനും ശ്രമിച്ച് വീഡിയോ പ്രചരിപ്പിക്കുന്നതും അത്തരക്കാരാണ്. 35,000 രൂപയ്ക്ക് മുകളിലാണ് മാനേജര്‍മാരുടെ ശമ്പളം. അവരുടെ താഴെയുള്ള സ്റ്റാഫുകളുടെ കാര്യം അവര്‍ ആലോചിക്കുന്നേയില്ല.
'ഹെഡ് ഓഫീസിലെ സ്റ്റാഫുകളെ ഒപ്പം നിര്‍ത്തുന്നത് ഭയപ്പെടുത്തി'
ഹെഡ് ഓഫീസിലുള്ള പകുതിയില്‍ അധികം പേരും മാനേജര്‍ റാങ്കിലുള്ള സ്റ്റാഫുകളാണ്. ബ്രാഞ്ച് അടയ്ക്കുന്നതിന് മുമ്പ് തന്നെ ഹെഡ് ഓഫീസ് പൂട്ടുമെന്ന് മാനേജ്‌മെന്റ് പറയുന്നുണ്ട്. ബാംഗ്ലൂരില്‍ സ്ഥലമുണ്ടെന്നും ഹെഡ് ഓഫീസ് അങ്ങോട്ട് മാറ്റാന്‍ പോകുകയാണെന്നും പറയാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. ആ പേടി മാനേജ്‌മെന്റ് സ്റ്റാഫുകള്‍ക്കുണ്ട്. ഹെഡ് ഓഫീസ് മാറ്റിയാല്‍ അവര്‍ക്ക് ബ്രാഞ്ചിലേക്ക് മാറാനും കഴിയില്ല. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് പൂട്ടുന്ന ബ്രാഞ്ചുകളില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റമെങ്കിലും പ്രതീക്ഷിക്കാം. ഈ സാഹചര്യം മുതലെടുത്താണ് കമ്പനി, മാനേജ്‌മെന്റ് സ്റ്റാഫിനെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ തിരിച്ചത്. ഹെഡ് ഓഫീസ് മാറ്റുമെന്നും ജോലി നഷ്ടപ്പെടുമെന്നും അവിടെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവര്‍ ഉള്‍പ്പെടെ പലരും വിളിച്ച് പറഞ്ഞു. അവരെ കമ്പനി അത്രയ്ക്ക് ഭയപ്പെടുത്തിയിരിക്കുകയാണ്. ഉപരോധസമരത്തിനിടെയുണ്ടായ സംഭവങ്ങള്‍ക്ക് ശേഷവും പലരും വിളിച്ചിരുന്നു. ഗതികേട് കൊണ്ടാണ് എതിരെ നിന്നതെന്ന് പറഞ്ഞു. ഹെഡ് ഓഫീസിലെ സ്റ്റാഫുകള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു ഹിതപരിശോധന നടത്തിയാല്‍ അമ്പത് ശതമാനം പേര്‍ സമരക്കാര്‍ക്കൊപ്പം നില്‍ക്കും. അവിടേയും പീഢനമാണ്. പഞ്ചിങ് മെഷീന് എന്തെങ്കിലും കേടുവന്നാല്‍ അന്ന് അവര്‍ക്ക് ശമ്പളമില്ല. ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ് അടിമകളോട് എന്ന പോലെയാണ് സ്റ്റാഫുകളോട് പെരുമാറുന്നത്. ജോലി പോകുമെന്ന ഭയം കാരണം അവരാരും പരാതിപ്പെടുകയോ പ്രതികരിക്കുകയോ ചെയ്യില്ല. ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തിയ പരിശോധനയില്‍ 7,000 രൂപയില്‍ താഴെ മാത്രം ശമ്പളം ലഭിക്കുന്ന മുത്തൂറ്റ് സ്റ്റാഫുകളായ സ്വീപ്പര്‍ ജീനക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. നടപടിയുണ്ടാകുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ കമ്പനി അവരുടെ സാലറി വര്‍ധിപ്പിച്ച് മിനിമം വേതനമാക്കി. ഇപ്പോള്‍ ഹെഡ് ഓഫീസിലെ എല്ലാ ജീവനക്കാര്‍ക്കും ബ്രാഞ്ചിലുള്ള പലരേക്കാളും ശമ്പളമുണ്ട്. ബ്രാഞ്ചില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജീവിക്കല്‍ ഇപ്പോഴും ബുദ്ധിമുട്ട് തന്നെയാണ്.
ഞങ്ങള്‍ പണിമുടക്കുന്നു, കമ്പനി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നു ഇതാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.നിഷ കെ ജയന്‍
ഒത്തു തീര്‍പ്പ് ചര്‍ച്ചകളില്‍ പണത്തിന്റെ ധാര്‍ഷ്ട്യമാണ് മാനേജ്‌മെന്റ് പ്രകടിപ്പിക്കുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ആദ്യത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ എംഡി പങ്കെടുത്തില്ല. കഴിഞ്ഞ ചര്‍ച്ചയ്ക്കിടെ കല്യാണത്തിന് പോകണം, എല്ലാം ഏല്‍പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശേഷം എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ പോയി. ചര്‍ച്ച തുടര്‍ന്നു. ഇന്‍ക്രിമെന്റിന്റെ കാര്യത്തിലും തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിലും ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാടിലേക്ക് മാനേജ്‌മെന്റ് എത്തുന്നുണ്ട്. പ്രധാന ആവശ്യമായ ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയില്ല. കേരളത്തില്‍ ബിസിനസ് പോരാ, ശമ്പളം കൂട്ടി തരാന്‍ സാധിക്കില്ല എന്ന് ആവര്‍ത്തിച്ചു. മുഖ്യ ആവശ്യമായ ശമ്പള വര്‍ധനവില്‍ നിന്ന് പിന്നോട്ട് പോകാന്‍ ജീവനക്കാര്‍ക്ക് കഴിയില്ല. വേതനം മിനിമം വരുമാനത്തില്‍ താഴെ പോയാല്‍ മാത്രമേ സര്‍ക്കാരിന് നടപടിയെടുക്കാന്‍ കഴിയൂ. 11,500 രൂപയാണ് മിനിമം സാലറി. 12,000 നല്‍കുന്നുമുണ്ട്. അതില്‍ പക്ഷെ എത്ര വര്‍ഷം കഴിഞ്ഞവര്‍ക്കും കൂട്ടിനല്‍കാന്‍ തയ്യാറാകുന്നില്ല. സമരത്തിന് മുന്നില്‍ നിന്ന മാനേജര്‍മാരുടെ ഇഎസ്ഒപി 2016 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞുവെച്ചിരിക്കുകയാണ്. ഓണം കഴിഞ്ഞ് മാനേജ്‌മെന്റിന്റെ സൗകര്യം കൂടി പരിഗണിച്ച് അടുത്ത ചര്‍ച്ച നടത്തുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചിട്ടുണ്ട്. ആ ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്നും നിഷ കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.