കശ്മീര്‍ ഫയല്‍സിനെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടിയായി വിവാദ പരാമര്‍ശങ്ങളുയര്‍ത്തി സംവിധായകന്‍ വിവേക് അഗ്നഹോത്രി. മുസ്ലിംങ്ങളെ ചിത്രീകരിക്കുന്നതിനായി 'മുസ്ലിം സോഷ്യല്‍' എന്നൊരു ജേണര്‍ തന്നെ ഇന്ത്യന്‍ സിനിമയിലുണ്ടെന്നും അത്തരം സിനിമകളിലൂടെ കശ്മീരുമായി ബന്ധപ്പെട്ട അവാസ്തവം പ്രചരിപ്പിക്കപ്പെടുന്നതായും സംവിധായകന്‍ ആരോപിക്കുന്നു. 'മുസ്ലിം സോഷലി'നെ പരാമര്‍ശിച്ചുകൊണ്ടുള്ള ഒന്നിലധികം ട്വീറ്റുകളിലൂടെയാണ് വിവേക് അഗ്നിഹോത്രി വിദ്വേഷ പരാമര്‍ശങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം, കശ്മീര്‍ ഫയല്‍സിനെ മാലിന്യം (garbage) എന്ന് വിശേഷിപ്പിച്ച സംവിധായകന്‍ സയിദ് അക്തര്‍ മിശ്രയുടെ വിമര്‍ശനത്തെ ഉദ്ദരിച്ചാണ് ആദ്യ ട്വീറ്റ്. 'മുസ്ലിം ഇരവാദമുയര്‍ത്തി സിനിമകളുണ്ടാക്കുക മാത്രമാണ് ഇവര്‍ ആകെ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ മാത്രമാണ് 'മുസ്ലിം സോഷ്യല്‍' എന്ന പേരില്‍ ഒരു ജേണര്‍ തന്നെയുള്ളത്. എന്നാല്‍ ഹിന്ദുക്കളാണ് ഇവരെ പണക്കാരും, പ്രശസ്തരുമാക്കിയത്. എന്നിട്ടും നന്ദിയില്ലാത്ത ബോളിവുഡിന് ഹിന്ദുക്കളോട് സഹാനുഭൂതിയുമില്ല' എന്നാണ് ' ട്വീറ്റിന്റെ ഉള്ളടക്കം.
പിന്നാലെ 'പത്താനു'മായി ബന്ധപ്പെട്ട ബോളിവുഡ് വിവാദങ്ങളിലെ പ്രതികരണമെന്ന നിലയില്‍ മറ്റൊരു വീഡിയോയും വിവേക് അഗ്നിഹോത്രി പങ്കുവച്ചു. രണ്ട് മിനുറ്റിലധികം നീളുന്ന വീഡിയോയില്‍ 'മുസ്ലിം സോഷ്യലിനെക്കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങളുണ്ട്.
അഗ്നിഹോത്രിയുടെ വാക്കുകള്‍:
''ഇന്ത്യയിലെ മതേതരവാദികളും ബോളിവുഡും നിങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്ന ഒരു കാര്യമാണ് എനിക്ക് ഇന്ന് പറയാനുള്ളത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വലിയ ആക്രമണമാണ് എന്റെ സിനിമയായ കശ്മീര്‍ ഫയല്‍സ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ മുസ്ലിങ്ങളോട് ഇത്രയും സിമ്പതിയുള്ളവര്‍ പറയാതെ പോകുന്ന ഒരു കാര്യമുണ്ട്. ഈ ലോകത്ത്, ഇവിടെ ഇന്ത്യന്‍ സമൂഹം മാത്രമാണ് മുസ്ലിം സമുദായത്തിനുവേണ്ടി മാത്രമായി 'മുസ്ലിം സോഷ്യല്‍' എന്ന പേരില്‍ ഒരു പ്രത്യേക സിനിമാ വിഭാഗം തന്നെ സൃഷ്ടിച്ചിട്ടുള്ളത്.
വിക്കിപീഡിയയില്‍ പറയുന്നത് അനുസരിച്ച്, ഇന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് ബോളിവുഡില്‍ ഇന്ത്യന്‍ മുസ്ലിം സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന ഒരു സിനിമാ ജേണറാണ് മുസ്ലിം സോഷ്യല്‍. അമിതാഭ് ബച്ചന്റെ കൂലി, ബാസാര്‍ മുതല്‍ സര്‍ദാറീ ബീഗം, സലീം ലങ്ക്‌ഡെ പെ മത് റോ, ഫിസാ, ഫനാ എന്നിങ്ങനെ അനേകം ഉദാഹരണങ്ങളുണ്ട് ഈ വിഭാഗത്തില്‍. അത്തരത്തില്‍ ഒരു മുസ്ലിം സോഷ്യല്‍ നിലനില്‍ക്കുമ്പോള്‍ എന്തുകൊണ്ട് ഹിന്ദു സോഷ്യല്‍, ക്രിസ്ത്യന്‍ സോഷ്യല്‍, ജെയ്ന്‍ സോഷ്യല്‍, പാര്‍സി സോഷ്യല്‍ എന്നിങ്ങനെ ഉണ്ടാകുന്നില്ല എന്നു ചോദിക്കാന്‍ നിങ്ങളെയാരെങ്കിലും അനുവദിച്ചിട്ടുണ്ടോ? അവരും ഇന്ത്യയിലെ സമുദായങ്ങളല്ലേ?''
''നിങ്ങള്‍ സ്വയം ചിന്തിക്കൂ, കശ്മീര്‍ പശ്ചാത്തലമാക്കി ആയിരത്തോളം സിനിമകളുണ്ടായിട്ടുണ്ട്. ഫിസ, ഫനാ, ഹൈദര്‍ എന്നിങ്ങനെ നീളുന്ന ലിസ്റ്റില്‍ നിങ്ങള്‍ക്ക് പേര് അറിയാത്ത ചിത്രങ്ങളും ഡോക്യുമെന്ററികളും വരെയുണ്ട്. എന്നാലീ സിനിമകളിലൊന്നും ഹിന്ദുക്കളെക്കുറിച്ച് പരാമര്‍ശം തന്നെയില്ല. കശ്മീര്‍ നൂറുശതമാനവും ഹിന്ദു ഭൂമിയാണെന്നും ഭീകരവാദം മൂലമാണ് ഹിന്ദുക്കള്‍ക്ക് അവിടെനിന്ന് പാലായനം ചെയ്യേണ്ടിവന്നതെന്നുമുള്ള സത്യങ്ങള്‍ ഈ ലോകത്തിന് മുഴുവന്‍ അറിയാമെന്നിരിക്കെയാണ് ഇത്തരം അവാസ്തവങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. കശ്മീരിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ആരും നിങ്ങളോട് പറയുന്നില്ല. അതിനായി ആദ്യമായൊരു സിനിമ ശ്രമം നടത്തിയപ്പോള്‍, സത്യം പറയാന്‍ മുന്നോട്ടുവന്ന ആ വ്യക്തിയെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കുന്നു. യഥാര്‍ത്ഥ മതേതരത്വം എന്താണെന്ന് ഇനി നിങ്ങള്‍ ചോദ്യം ചെയ്യണം. ഈ ഓറഞ്ചും പച്ചയും നിറത്തിന്റെ പേരിലെ വിവാദങ്ങളില്‍പ്പെടാതെ ഹിന്ദുക്കളുടെ യാതന എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല എന്ന് ഹൃദയത്തില്‍ തൊട്ട് ചോദിക്കൂ.''