ഒരാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിപ്പോകുന്നത് ഞാന്‍ കണ്ടു. റോഡിന് ഇടതുവശത്തോടെ ഇയാള്‍ ഓടുമ്പോള്‍ നേരെ അപ്പുറത്തെ വശത്തൂടെ മറ്റൊരാള്‍ ബൈക്കും തള്ളിപ്പോകുന്നതും കണ്ടു. ഓടുന്നയാള്‍ക്ക് നല്ല വണ്ണമുണ്ടായിരുന്നു. മറ്റേയാള്‍ മെലിഞ്ഞയാളും.
സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്‌കര്‍ മരിക്കാനിടയായ തിരുവനന്തപുരം പള്ളിപ്പുറത്തെ കാറപകടത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷിയായ കലാഭവന്‍ സോബി. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പി അടക്കമുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് സംശയം തോന്നുന്ന ചിലകാര്യങ്ങള്‍ കലാഭവന്‍ സോബി വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കൂടി പിന്നാലെ യാത്ര ചെയ്ത കലാഭവന്‍ സോബിക്കാണ് അന്നത്തെ ചിലകാര്യങ്ങള്‍ ദുരൂഹത നിറഞ്ഞതാണെന്ന തോന്നലുണ്ടായത്.
അന്ന് താന്‍ കണ്ട കാര്യങ്ങള്‍ ബാലഭാസ്‌കറിന്റെ ട്രൂപ്പ് മാനേജറായിരുന്ന പ്രകാശന്‍ തമ്പിയോട് പറഞ്ഞിരുന്നെങ്കിലും അയാള്‍ ഗൗരവത്തോടെ കണ്ടില്ലെന്ന് സോബി പറയുന്നു. അതേ പ്രകാശന്‍ തമ്പി അറസ്റ്റിലായതോടെയാണ് സംശയം തോന്നിയ കാര്യങ്ങള്‍ മാധ്യമങ്ങളോട് സോബി വെളിപ്പെടുത്തിയത്.
അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടെന്നും ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും അന്നേ സംശയം ജനിപ്പിച്ചിരുന്നെങ്കിലും പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത് ബാലഭാസ്‌കറിനും കുടുംബത്തിനുമാണെന്ന് മനസ്സിലായതെന്നും സോബി പറയുന്നു. അയാള്‍ അപകടസ്ഥലത്ത് നിന്ന് ഓടുന്നത് കണ്ടപ്പോള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വണ്ടി വിളിക്കാനാവും ഓടുന്നത് എന്നാണ് സോബി കരുതിയത്.
പിന്നീട് സംശയം തോന്നിയതോടെ തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശന്‍ തമ്പിയോട് കാര്യം പറയുകയും അയാള്‍ തന്നെ വിളിക്കുകയും ചെയ്‌തെന്ന് സോബി പറയുന്നു.
ആറ്റിങ്ങല്‍ സിഐ വിവരമെടുക്കാന്‍ വിളിക്കുമെന്ന് തമ്പി പറഞ്ഞെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഇപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പ്രകാശന്‍ തമ്പി പിടിയിലാവുകയും ബാലഭാസ്‌കറിന്റെ സുഹൃത്തായ വിഷ്ണുവിനെ സ്വര്‍ണകടത്തിന് പൊലീസ് തിരയുകയും ചെയ്യവെയാണ് സോബി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷ്ണുവാണ് ബാലഭാസ്‌കറിന് ഡ്രൈവറായി അര്‍ജുനെ നിയമിച്ചത്. അപകടസമയത്ത് അര്‍ജുനാണോ ബാലഭാസ്‌കറാണോ വാഹനം ഓടിച്ചതെന്ന കാര്യം ഇപ്പോഴും വിവാദത്തിലാണ്.
ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്ന് അര്‍ജ്ജുന്‍ മൊഴിനല്‍കിയപ്പോള്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജ്ജുന്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നാണ്. ബാലഭാസ്‌കറും മകളും മരിച്ച അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞാണ് ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിവന്നത്. എന്നാല്‍ അര്‍ജ്ജുന് ഗുരുതര പരുക്കുകളേറ്റിരുന്നില്ല.
2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി തല്‍ക്ഷണം മരിക്കുകയും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കവെ മരിക്കുകയുമായിരുന്നു.