കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിയുന്ന വിമലക്കും ഓട്ടിസം ബാധിച്ച മകനും താഹസില്‍ദാര്‍ പട്ടയം കൈമാറി.
ഇടുക്കി മൂന്നാര്‍ ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലുള്ള വിമലയുടെയും മകന്‍ സനലിന്റെയും ജീവിത ദൈന്യത സെപ്തംബര്‍ പത്തിന് ദ ക്യു വീഡിയോ റിപ്പോര്‍ട്ടായി നല്‍കിയിരുന്നു. വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഭയന്ന് പാറക്ക് മുകളില്‍ ടാര്‍പോ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്.
മകന്റെ ചികില്‍ത്സയും മുടങ്ങിയിരുന്നു. വൃക്കരോഗിയായതിനാലും മകനെ സംരക്ഷിക്കേണ്ടതിനാലും ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല.
ദ ക്യു റിപ്പോര്‍ട്ടിന് പിന്നാലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമലക്ക് സ്ഥലവും വീടും നല്‍കുന്നതിന് ഇടപെടുമെന്ന് ദ ക്യുവിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുണ്ടാകുമെന്നും മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.
മന്ത്രിയുടെ നിര്‍ദേശ പ്രകാരം സെപ്തംബര്‍ 13ന് ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എസ്.ടി പ്രമോട്ടര്‍ എന്നിവര്‍ വിമലയെ സന്ദര്‍ശിച്ചിരുന്നു.
സെപ്തംബര്‍ 13ന് ഇടുക്കി ജില്ലാതല റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്യവേ മന്ത്രി എം.വി ഗോവിന്ദന്‍ ദ ക്യു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കാര്യവും അടിയന്തര നടപടിയുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഡിപിഒ നേരിട്ട് വിമലയെയും മകനെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
2001ല്‍ വിമലക്ക് പട്ടയഭൂമി ലഭിച്ചിരുന്നുവെങ്കിലും കാട്ടാനശല്യം രൂക്ഷമായതിനാലും ഒറ്റപ്പെട്ട സ്ഥലത്തായതിനാലും താമസിക്കാനായില്ല. മുമ്പുണ്ടായിരുന്ന വീട് കാട്ടാന തകര്‍ത്തതിനെ തുടര്‍ന്നാണ് ഓട്ടിസം ബാധിച്ച മകനുമായി പാറപ്പുറത്ത് അഭയം തേടിയത്.
കാളി എന്ന വാച്ചറുടെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് വിമലയെയും മകനെയും മന്ത്രിയുടെ നിര്‍ദേശ പ്രകാരം താല്‍ക്കാലികമായി മാറ്റിത്താമസിപ്പിച്ചിരുന്നു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിമലക്ക് വീട് ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന മകന് ചികില്‍സ ഉറപ്പാക്കുന്ന തരത്തില്‍ കൂടി സംരക്ഷണം നല്‍കാനാണ് ആലോചനയെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
വാര്‍ത്ത കണ്ടയുടനെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും വിമലക്കും മകനും സ്ഥലവും വീടും ഉറപ്പാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.