Around us

പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ സൂരജിന്റെ ആരോപണം കള്ളമെന്ന് വിജിലന്‍സ്

THE CUE

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ട്‌സിന് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമാണെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഇത് തെറ്റാണെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ് വിജിലന്‍സ്.

‘മൊബിലൈസേഷന്‍ അഡ്വാന്‍സ്’ കൊടുത്തത് സ്വാഭാവികമാണെന്നും അത് തന്റെ വിവേചനാധികാരമാണെന്നും ഇബ്രാഹിംകുഞ്ഞ് തന്നെ വ്യക്തമാക്കിയിരുന്നു. മുന്‍കൂര്‍ പണം നല്‍കുന്നതില്‍ ചട്ടലംഘനമില്ലെന്നായിരുന്നു മുന്‍മന്ത്രി സെപ്തംബര്‍ 20ന് മാധ്യമങ്ങളോട് പ്രതികരിക്കവെ വാദിച്ചത്.

ഇബ്രാഹിം കുഞ്ഞ് പറഞ്ഞത്

ബജറ്റില്‍ വരാത്ത എല്ലാ വര്‍ക്കുകള്‍ക്കും മൊബിലൈസേഷന്‍ അഡ്വാന്‍സുണ്ട്. അതിപ്പോഴും കൊടുക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരും കൊടുത്തിട്ടുണ്ട്. എഞ്ചിനീയറിംഗ് പ്രൊക്യൂര്‍മെന്റ് കോണ്‍ട്രാക്ടായിരുന്നു ഇത്. കെഎസ്ടിപി അടക്കമുള്ള എല്ലാ പ്രോജക്ടുകള്‍ക്കും ഇത്തരത്തില്‍ അഡ്വാന്‍സ് നല്‍കാം. താഴെ നിന്ന് വന്ന ഫയല്‍ ഞാന്‍ കണ്ട് തീരുമാനമെടുത്തതാണ്. അത് ഒരു മന്ത്രിയുടെ അവകാശമാണ്. മന്ത്രിസഭാ യോഗത്തിലേക്ക് ഈ ഫയല്‍ പോയിട്ടില്ല. താഴെ നിന്നും ശുപാര്‍ശ ചെയ്തു വന്ന ഫയല്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അതിനനുസരിച്ചുള്ള നടപടിയാണ് എടുത്തത്. അതൊരു മന്ത്രിയുടെ അവകാശവും നയവുമാണ്.

വിജിലന്‍സ് ഇപ്പോള്‍ പറയുന്നത്

നിര്‍മ്മാണ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനപ്രകാരമല്ല. പലിശയില്ലാതെ മുന്‍കൂര്‍ പണം നല്‍കാമെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞെന്നുള്ള സൂരജിന്റെ വെളിപ്പെടുത്തലും കള്ളമാണ്. ടി ഒ സൂരജ് തന്നെയാണ് പലിശ എത്രയെന്ന് തീരുമാനിച്ചത്.

ഏത് നിമിഷവും ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരോക്ഷ പരാമര്‍ശവും വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി. മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് പാലായില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇന്ന് ഒരാളുടെ കഥ കഥ പുറത്തുന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്. മര്യാദയ്ക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും.
മുഖ്യമന്ത്രി

പാലാ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് കഴിഞ്ഞതിന് പിറ്റേന്ന് തന്നെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന് ആശ്വാസകരമായ സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും രാഷ്ട്രീയ ഒത്തുതീര്‍പ്പ് നടന്നതായും ആരോപണങ്ങളുണ്ട്.

പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്ത് വരെ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT