ഡിലിറ്റ് വിവാദത്തില്‍ ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാര്‍ട്ടി നിലപാട് എന്നാണ് എന്നാണ് സതീശന്‍ പറഞ്ഞത്. മുതിര്‍ന്ന നേതാവ് ആയ ചെന്നിത്തലയ്ക്ക് അഭിപ്രായം പറയുന്നതില്‍ തെറ്റൊന്നുമില്ലെന്നും സതീശന്‍ പറയുന്നു.
'രമേശ് ചെന്നിത്തല മുന്‍ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തില്‍ അദ്ദേഹം അഭിപ്രായം പറയാന്‍ പാടില്ലെന്ന് ഞാന്‍ പറയില്ല. ഏകീകൃതമായ അഭിപ്രായം താന്‍ പറഞ്ഞതാണ്. കെപിസിസി പ്രിസഡന്റും അത് തന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം,' സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ നേതാക്കളുമായി ചര്‍ച്ച ചെയ്താണ് അഭിപ്രായം പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളു എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നല്‍കാന്‍ കേരള സര്‍വകലാശാല വിസമ്മതിച്ചതാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്ന വാദവുമായി രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു.
സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ടാണോ രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സര്‍വകലാശാല തള്ളിയതെന്നും ചെന്നിത്തല ചോദിച്ചിരുന്നു.
ഗവര്‍ണര്‍ വി.സിയെ വിളിച്ച് വരുത്തി ആര്‍ക്കെങ്കിലും ഡിലിറ്റ് കൊടുക്കാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിയമ വിരുദ്ധമാണ്. പക്ഷേ ഇവിടുത്തെ യഥാര്‍ഥ പ്രശ്നം അതല്ല. ഗവര്‍ണര്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ടെങ്കില്‍ സര്‍ക്കാരും സര്‍വകലാശാലയും ഇത് ഒളിച്ചുവച്ചത് എന്തിനാണ്? സര്‍വ്വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ വഴിവിട്ട ഇടപെടലുകള്‍ ആദ്യം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തത്. കണ്ണൂര്‍ വി.സി നിയമനത്തില്‍ തെറ്റ് പറ്റിയെന്ന് ഗവര്‍ണര്‍ക്ക് ബോധ്യം ഉണ്ടെങ്കില്‍ തെറ്റ് തിരുത്തണമെന്ന് കഴിഞ്ഞ ദിവസവും ചെന്നിത്തല പറഞ്ഞിരുന്നു.