എം.എം. മണി തുടര്‍ച്ചയായി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു സ്ത്രീ വിധവയാവുന്നത് വിധിയാണെന്ന് സി.പി.ഐ.എമ്മിന്റെ ദേശീയ നേതൃത്വം വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ച വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് ടി.പി ചന്ദ്രശേഖരനെ കൊന്നിട്ടും തീരാത്ത പകയാണെന്നും പറഞ്ഞു. കെ.കെ രമയെ ആക്രമിച്ചാല്‍ കോണ്‍ഗ്രസ് നാല് ചുറ്റും കാവല്‍ നിന്ന് സംരക്ഷിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വൈധവ്യം വിധിയാണ് എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചവര്‍ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണം. കാരണം സതി ആചരിക്കുന്നതിന്റെ അടിസ്ഥാനം സ്ത്രീയുടെ വിധി കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത് എന്നതാണ്. ഇത്തരം പിന്തിരിപ്പന്‍ ആശയത്തെ തലയിലേറ്റി നടക്കുന്നവരാണോ സി.പി.എം. നേതാക്കളെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ബി.ജെ.പി.യും സി.പി.ഐ.എമ്മും പുറത്ത് മറ്റ് പല വിഷയങ്ങളിലും സംവാദം നടത്തി രാത്രികാലങ്ങളില്‍ സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ സെറ്റില്‍മെന്റ് ഉണ്ടാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മണിയുടെ പരാമര്‍ശ വിവാദവും ദേശീയപാത വിവാദവും എ.കെ.ജി. സെന്റര്‍ ആക്രമിക്കപ്പെട്ടതും ഭരണഘടന വിവാദവും, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമെല്ലാം സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ എന്ന് കേരളം ചര്‍ച്ച ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.