ഫീസ് വര്‍ധനക്കെതിരെ മൂന്ന് മാസമായി സമാധാനപരമായി സമരം തുടരുന്ന വിദ്യാര്‍ത്ഥികളെ നേരിടാന്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ എബിവിപി-ബജ്‌റംഗ്ദള്‍ ഗുണ്ടകളെ വാടകയ്ക്ക് എടുത്തെന്ന് ജെഎന്‍യു പൂര്‍വവിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ്. കാമ്പസിനകത്ത് നിന്ന് ആക്രമികളായ എബിവിപിക്കാരെയും കാമ്പസിന് പുറത്ത് നിന്ന് ബജ്‌റംഗ്ദളുകാരെയും ആക്രമണത്തിനായി നിയോഗിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍ എന്നും ഉമര്‍ ഖാലിദ് ദ ക്വിന്റിനോട് പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ പൊലീസിനെ ആദ്യം കൂട്ടുപിടിച്ച വൈസ് ചാന്‍സലര്‍ പിന്നീട് എബിവിപിയെ ഉപയോഗിച്ച് അവരെ ഇല്ലാതാക്കാനാണ് നോക്കിയതെന്ന് ഉമര്‍ ഖാലിദ് ആരോപിക്കുന്നു. മുംബൈ ഗേറ്റ് വേയ്ക്ക് സമീപം ജെഎന്‍യു ആക്രമണത്തെ അപലപിച്ച് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമര്‍ ഖാലിദ്.
ജനുവരി അഞ്ചിന് വൈകിട്ടോടെ നടന്ന മുഖംമൂടി ആക്രമണത്തില്‍ പൊലീസ് നിഷ്‌ക്രിയരായിരുന്നുവെന്ന് ആക്രമിക്കപ്പെട്ടവരും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു. കാമ്പസിന് പുറത്ത് വിന്യസിക്കപ്പെട്ട പൊലീസ് ആക്രമികളെ തടയാനോ നേരിടാനോ എത്തിയില്ലെന്നാണ് ആരോപണം. വിദ്യാര്‍ത്ഥികള്‍ കണ്‍മുന്നില്‍ ആക്രമിക്കപ്പെടുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നുവെന്ന് ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി അമൃതാ ജയദീപ് ക്വിന്റിനോട് പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാമ്പസിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും മാരകായുധങ്ങളുമായി ആക്രമണം നടത്താനും പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് ജെഎന്‍യുവിലെ പ്രൊഫസര്‍ അയിഷ കിദ്വായി ആരോപണം ഉന്നയിച്ചിട്ടുണ്ട.