വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി, ബംഗാളി നടി ശ്രീലേഖ മിത്ര,സംവിധായകൻ രഞ്ജിത്ത്  
Around us

സർക്കാരിനോട് റിപ്പോർട്ട് തേടും, രഞ്ജിത്തിനെ നീക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കണം; വനിതാ കമ്മീഷൻ

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട്‌ തേടും. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണം.

മാധ്യമങ്ങളിലൂടെയാണ് നടിയുടെ പ്രതികരണം കണ്ടത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റേണ്ടതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. തെളിയുന്ന പക്ഷം മാത്രമേ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടതുളളു. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലടക്കം നേരത്തെ നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയർന്നാൽ അന്വേഷിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം. അന്വേഷണം നടക്കട്ടേയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വിശദീകരിച്ചു.

‘പലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയ സമയത്ത് കൊച്ചിയിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങൾ എന്നീ കാര്യങ്ങൾ സംസാരിക്കുന്ന വേളയിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. നിർമ്മാതാവിനെ ഉൾപ്പടെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകൻ വിളിച്ചത്. പെട്ടെന്ന് സംവിധായകൻ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു.

ആദ്യം അയാൾ വളകളിൽ തൊടാൻ തുടങ്ങി. ഇത്തരം വളകൾ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് താൻ ആദ്യം കരുതി. തന്റെ ഭാഗത്ത് നിന്ന് എതിർപ്പ് ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോൾ അയാൾ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിനരികിലേക്ക് സ്പർശനം നീണ്ടപ്പോൾ പെട്ടെന്ന് ആ മുറിയിൽ നിന്നിറങ്ങി ഞാൻ ഓടി. ടാക്സി പിടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടു. ആ രാത്രി വല്ലാതെ ഭയപ്പെട്ടാണ് കേരളത്തിൽ കഴിച്ചു കൂട്ടിയത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു എന്നായിരുന്നു നടിയുടെ പ്രതികരണം.

ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ കൈക്കൊള്ളുന്നത്. ആരോപണം തെളിഞ്ഞാൽ നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് അവകാശപ്പെടുന്ന മന്ത്രി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ് എന്നാണ് വിശദീകരിക്കുന്നത്.

രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ശനിയാഴ്ച രാവിലെ നടത്തിയ വാ‍ർത്താ സമ്മേളനത്തിലും സജി ചെറിയാൻ സ്വീകരിച്ചത്. ആരോപണങ്ങളുടെ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും ആക്ഷേപത്തിൽ കേസെടുക്കില്ലെന്നും പറഞ്ഞ മന്ത്രി, പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും പറഞ്ഞു. സർക്കാർ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. കുറ്റം ചെയ്യുന്നവർക്കെതിരെ വിട്ടു വീഴ്ച ഉണ്ടാകില്ല. എന്നാൽ. നടപടി എടുക്കാൻ രേഖമൂലം പരാതി വേണം. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചേ തീരുമാനത്തിൽ എത്താൻ ആകൂവെന്ന് മന്ത്രി പ്രതികരിച്ചു. മീഡിയ വഴി ഉന്നയിച്ച മൊഴിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പറ‍‍ഞ്ഞ സജി ചെറിയാൻ, രഞ്ജിത്ത് അത് നിഷേധിച്ചില്ലേയെന്നും ചോദിച്ചു.

പരാതി നൽകിയാൽ ഏത് ഉന്നത ആണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസാണ്. ആരോപണം ഉയർന്നപ്പോൾ രഞ്ജിത്ത് മറുപടി പറഞ്ഞു. ആരോപണവും രഞ്ജിത്തിന്റെ മറുപടിയുമാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഇക്കാര്യത്തിൽ പരാതി വന്നാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി പറയുന്നു. ആരോപണത്തിൽ കേസെടുത്താൽ അത് നിലനിൽക്കില്ലെന്നും പരാതി തന്നാൽ മാത്രമേ നടപടി സ്വീകരിക്കൂ എന്നുമാണ് മന്ത്രിയുടെ നിലപാട്. രഞ്ജിത്തുമായി താൻ സംസാരിച്ചോ എന്ന് പരസ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

എന്നാൽ രഞ്ജിത്തിന്റെ വിശദീകരണം തള്ളി നടി ശ്രീലേഖ മിത്ര രംഗത്തെത്തി. താൻ കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ ആവർത്തിക്കുന്നു. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയ്യാറായാൽ പരാതിയുമായി മുന്നോട്ട് പോകും. സംഭവിച്ചത് തെറ്റായി എന്നെങ്കിലും രഞ്ജിത്ത് പറയണമെന്നും നടി ആവർത്തിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT