ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥ പറയുന്ന ദീപിക പദുകോണ്‍ ചിത്രം ഛപാകിന്റെ റിലീസിന് പിന്നാലെയായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് പതിനൊന്നോളം സ്ത്രീകളാണ് ഇത്തരത്തിലുള്ളത്. ഇവര്‍ക്ക് പ്രതിമാസം 5000മുതല്‍ 6000 രൂപ വരെ പെന്‍ഷനായി നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യ പറഞ്ഞു.
ഉടന്‍ തന്നെ പദ്ധതിയുടെ നിര്‍ദേശം മന്ത്രിസഭയുടെ അനുമതിക്കായി കൊണ്ടുവരും. ധീരയായ സ്ത്രീകള്‍ളെ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഈ പദ്ധതി വളരെ അധികം സഹായിക്കും. സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണമെന്നും മന്ത്രി രേഖ ആര്യ പറഞ്ഞു.
ദീപിക പദുകോണിന്റെ 'ഛപകി'നെ കേന്ദ്രീകരിച്ച് നടക്കുന്ന വിവാദങ്ങളിലും മന്ത്രി പ്രതികരണം നടത്തി. ഒരു യഥാര്‍ത്ഥ സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്. അവര്‍ക്ക് ചിത്രത്തെകുറിച്ച് പരാതിയൊന്നുമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രശ്‌നവുമുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.