രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യന്‍ സമയം രാവിലെ 11.40ഓടെയാകും ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങുക. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ ഡല്‍ഹിയില്‍ ചൊവ്വാഴ്ച നടക്കും. ട്രംപിന്റെ സന്ദര്‍ശനം ഇതുവരെയില്ലാത്ത വലിയ സംഭവമാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അഹമ്മദാബാദിലെത്തുന്ന ട്രംപ്, സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. തുടര്‍ന്ന് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ മോദിയും ട്രംപും പങ്കെടുക്കും. ട്രംപിനെ സ്വീകരിക്കാന്‍ വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരു വശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കാലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ആഗ്രയിലെത്തുന്ന ട്രംപ് താജ്മഹല്‍ സന്ദര്‍ശിക്കും. 7.30ഓടെ ഡല്‍ഹിയിലെത്തും. ഭാര്യ മെലാനിയയും ട്രംപിനെ അനുഗമിക്കുന്നുണ്ട്.
ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇന്തയിലേക്ക് മാത്രമായി അമേരിക്കന്‍ പ്രസിഡന്റ് എത്തുന്നതും ആദ്യമായാണ്. സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദ്, ഡല്‍ഹി, ആഗ്ര എന്നീ നഗരങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ചേരികളെ മറച്ചും വന്‍തുക ചെലവഴിച്ചും നടത്തുന്ന നമസ്‌തേ ട്രംപ് പരിപാടി സര്‍വാധിപത്യ രാഷ്ട്രീയത്തിന്റെ ആഘോഷമാണെന്ന് അഹമ്മദാബാദിലെ 160 സാമൂഹ്യപ്രവര്‍ത്തകരും, വിദ്യാഭ്യാസവിദഗ്ധരും കുറ്റപ്പെടുത്തി.