തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വൈസ് ചാന്‍സലറാണ്പരീക്ഷാ കണ്‍ട്രോളറോടും വൈസ്ചാന്‍സലറോടും അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്.
സര്‍വകലാശാലയില്‍ നിന്നുള്ള ഉത്തരക്കടലാസുകളും സീലും വിദ്യാര്‍ത്ഥിക്ക് ലഭിച്ചതെങ്ങനെയെന്നാണ് അന്വേഷിക്കുക. സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍വകാലശാലയുടെ നടപടി. മോഷണം നടന്നതാവാമെന്നാണ് സംശയിക്കുന്നത്. വ്യാജരേഖ ചമയ്ക്കല്‍, മോഷണം കുറ്റം എന്നിവ ചുമത്തി കേസെടുക്കാനാണ് നീക്കം.
16 കെട്ടുകളായി 200 ഷീറ്റുകള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഉത്തരക്കടലാസുകളുടെ മുന്‍പേജുകളും എഴുതിയ പേജുകളും ഇതിലുണ്ടായിരുന്നു. സര്‍വകാലാശാല ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെടുത്തത് ഗൗരവത്തിലാണ് സര്‍വകാലശാല കാണുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഇവ എവിടെ നിന്ന് ലഭിച്ചു എന്നതാണ് അന്വേഷിക്കുന്നത്.
പ്രതികളായ ആറ് പേരെയും അനിശ്ചിതകാലത്തേക്ക് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. സര്‍വകാലശാല നടപടിയെടുക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം മാത്രം വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് വിമര്‍ശനം.
അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചായി പോലീസ് അറിയിച്ചു. മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമുമാണ് കുറ്റസമ്മതം നടത്തിയത്. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് പോലീസിനോട് പറഞ്ഞു. കന്റോണ്‍മെന്റ് പോലീസാണ് ഇക്കാര്യം അറിയിച്ചത്.