ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്ര ടെനിയുടെ മകന്‍ ആഷിഷ് മിശ്രയ്ക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.
2021 ഒക്ടോബര്‍ മൂന്നിന് കാര്‍ഷിക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര മന്ത്രിയുടെ മകന്‍ എസ്.യു.വി കാറിടിച്ച് കയറ്റുകയായിരുന്നു. കേസില്‍ ഒക്ടോബര്‍ ഒമ്പതിനാണ് ആഷിഷ് അറസ്റ്റിലാകുന്നത്. നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്.
നേരത്തെ ലഖിംപൂര്‍ ഖേരിയിലെ കോടതി ആഷിഷ് മിശ്രയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഉത്തര്‍പ്രേദശ് തെരഞ്ഞെടുപ്പിനിടെയാണ് ആഷിഷ് മിശ്രയ്ക്ക് ജാമ്യം ലഭിക്കുന്നത്. കേസില്‍ യുപി സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് വലിയ വിവാദമായിരുന്നു. പ്രത്യേക അന്വേഷണ സംഘതലവന്‍ ഡി.ഐ.ജി ഉപേന്ദ്ര കുമാര്‍ അഗര്‍വാളിനെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.
കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് അയ്യായിരം പേജുള്ള കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയാണ് ആഷിഷ്.
ആയുധം ഉപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് ആഷിഷ് മിശ്രയ്ക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.