കേന്ദ്രമന്ത്രിയും എല്‍ജെപി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. നരേന്ദ്രമോദി മന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് രാം വിലാസ് പാസ്വാന്‍. ബിഹാറിലെ ഖഗാരിയയിലെ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച പാസ്വാന്‍ രാജ്യത്തെ സമുന്നതനായ ദളിത് നേതാവ് കൂടിയാണ്.
ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ എന്ന റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്. ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രിയായിരുന്നു. എട്ട് തവണ ലോകസഭാംഗമായി. ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിലായ പസ്വാന്‍ ഏറെക്കാലം തടവ് അനുഭവിച്ചു. പിന്നീട് നടന്ന നിരവധി പൊതുതിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജയിച്ച് ലോക്സഭയിലേക്കെത്തി.
ബിജെപി, കോണ്‍ഗ്രസ്, മൂന്നാം മുന്നണി എന്നിവയുമായി കാലാകാലങ്ങളില്‍ സഖ്യമുണ്ടാക്കി പാസ്വാന്റെ കക്ഷി അതിജീവിച്ചു. വാജ്‌പേയി സര്‍ക്കാരിന്റെ ആദ്യ വര്‍ഷങ്ങളില്‍ വാര്‍ത്താവിനിമയ പരിഷ്‌കരണ നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് പാസ്വാനായിരുന്നു. റെയില്‍വേ മന്ത്രിയായിരിക്കെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ജനതാ പാര്‍ട്ടിക്ക് പുറമേ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍, ജനദാതള്‍ എന്നീ പാര്‍ട്ടികളിലും പസ്വാന്‍ പ്രവര്‍ത്തിച്ചു. 2000ത്തിലാണ് ലോക്ജനശക്തി (എല്‍ജെപി) രൂപവത്കരിച്ചത്. 2004ലെ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു. 2014ലെ ഒന്നാം മോദി മന്ത്രിസഭയിലും 2019ലെ രണ്ടാം മോദി മന്ത്രിസഭയിലും അദ്ദേഹം അംഗമായി.