മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസ് അവസാനിപ്പിച്ചു. സെന്‍കുമാറിന്റെ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. ഗൂഡാലോചന, കൈയ്യേറ്റം ചെയ്യല്‍ എന്നീ ആരോപണങ്ങളായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ചിരുന്നത്. ഇത് തെറ്റാണെന്ന് കന്റോണ്‍മെന്റ് സി ഐ അനില്‍കുമാര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകനായ കലാപ്രേമി എഡിറ്റര്‍ കടവില്‍ റഷീദിനോട് ടിപി സെന്‍കുമാര്‍ മോശമായി പെരുമാറിയിരുന്നു. ഇതിനെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ പി ജി സുരേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെതിരെയും കടവില്‍ റഷീദിനെതിരെയും ടി പി സെന്‍കുമാര്‍ പരാതി നല്‍കിയത്.
ടിപി സെന്‍കുമാറിന്റെ വ്യാജപരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതില്‍ ഡിജിപിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസെടുത്ത സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു.