Around us

'ബ്രാഹമണന് മാത്രമേ ശബരിമല മേൽശാന്തിയാകാൻ കഴിയൂ എന്നത് തൊട്ടുകൂടായ്മയാണ്',ഹൈക്കോടതിയിൽ നിർണായക വാദം

ശബരിമല-മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിയായി നിയമനത്തിന് മലയാള ബ്രാഹ്‌മണരിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ കേരള ഹൈക്കോടതി ഡിസംബർ 3ന് പ്രത്യേക സിറ്റിംഗിൽ പരിഗണിച്ചിരുന്നു. വിജ്ഞാപനം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 (1), 16 (2) എന്നിവ പ്രകാരം ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് അജിത് കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

ജാതി മത വിവേചങ്ങൾക്കതീതമെന്ന് കരുതുന്ന ക്ഷേത്രത്തിൽ മേൽശാന്തിയായി മലയാള ബ്രാഹ്മണരെ മാത്രം പരി​ഗണിക്കുന്ന ദേവസ്വം ബോർഡ് തീരുമാനത്തെ ചോദ്യം ചെയ്ത് നേരത്തെ എസ്. എൻ.ഡി.പി ഉൾപ്പെടെയുള്ള സംഘടനകൾ രം​ഗത്ത് വന്നിരുന്നു. രാജ്യത്ത് ജാതിവിവേചനം കുറ്റകരവും ഭരണഘടനാ വിരുദ്ധവുമാണെന്നിരിക്കെ ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിന്റെ കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പത്രപരസ്യം നൽകിയത് കുറ്റകരമാണെന്ന് എസ്. എൻ.ഡി.പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

ഭരണഘടനാ മൂല്യങ്ങൾക്കെതിര്, തൊട്ടുകൂടായ്മയാണ് ദേവസ്വം നിലപാട്, മോഹൻ ​ഗോപാലിന്റെ സുപ്രധാന വാദം

ഹൈക്കോടതി പരി​ഗണിച്ച റിട്ട് ഹർജികളിലൊന്നിൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായത് പ്രശസ്ത അഭിഭാഷകനും നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടറുമായ അഡ്വക്കേറ്റ് മോഹൻ ഗോപാലാണ്. കേരളത്തിൽ നിന്നുള്ള മലയാള ബ്രാഹ്‌മണനായിരിക്കണം അപേക്ഷകൻ എന്ന ബോർഡ് നിബന്ധന മാറ്റി നിർത്തിയാൽ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് പൂജാരിമാരായി നിയമിക്കുന്നതിന് ആവശ്യമായ യോഗ്യതകൾ ഉണ്ടെന്നായിരുന്നു ഹർജിക്കാരുടെ കേസ്. 'മേൽശാന്തി തസ്തിക മലയാള ബ്രാഹ്‌മണർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്. ഭരണഘടന തൊട്ടുകൂടായ്മയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആർട്ടിക്കിൾ 17 തൊട്ടുകൂടായ്മയെ നിരോധിക്കുക മാത്രമല്ല കുറ്റകരമാക്കുകയും ചെയ്യുന്നു. ഇത് ഭരണഘടനാപരമായ കുറ്റകൃത്യമാണ്. ജന്മം കൊണ്ട് മനുഷ്യരിൽ ചിലർ ശുദ്ധരും മറ്റുചിലർ ശുദ്ധി കുറഞ്ഞവരുമാണെന്നാണ് വിശ്വാസാണ് തൊട്ടുകൂടായ്മ, മോഹൻ ​ഗോപാൽ വാദിച്ചു.

അഡ്വ മോഹൻ ​ഗോപാൽ

'ഹർജിക്കാർ ബ്രാഹ്‌മണേതര ജാതിയിൽ ജനിച്ചു എന്നതിനാൽ മേൽശാന്തി തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്ന് അവരെ തടയുന്നത് എന്തിനാണ്? അത് ഭരണഘടനയല്ല. അവർ ജന്മനാ അശുദ്ധരാണെന്നാണ് വിശ്വാസം. 'ബ്രാഹ്‌മണൻ' എന്ന് പറയുമ്പോൾ,ജന്മംകൊണ്ട് ശുദ്ധമായ ഒരു കൂട്ടം എന്നാണ് നിങ്ങൾ പറയുന്നത്. ചില മനുഷ്യർ ജന്മനാ അശുദ്ധരാണെന്ന വിശ്വാസം നമുക്ക് ഉയർത്തിപ്പിടിക്കാൻ കഴിയുമോ? അങ്ങനെയെങ്കിൽ, നമ്മൾ ഭരണഘടനയെ റദ്ദാക്കുകയാണ് ചെയ്യുന്നത്.' മോഹൻ ​ഗോപാൽ തന്റെ വാദത്തിൽ വിശദീകരിച്ചു.

പൊതുസ്വഭാവമുള്ള ഹിന്ദുമത സ്ഥാപനങ്ങൾ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും തുറന്നുകൊടുക്കുന്നതിനുള്ള നിയമങ്ങൾ നിർമ്മിക്കാൻ ഭരണകൂടത്തെ പ്രാപ്തമാക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 25(2) പരാമർശിച്ചുകൊണ്ട് ഈ 'തുറന്ന് കൊടുക്കൽ' പുറത്ത് നിന്നുകൊണ്ട് പ്രാർത്ഥിക്കാൻ വേണ്ടി മാത്രമല്ല, മേൽശാന്തിയാകാനുള്ള അവസരം കൂടിയാണ് എന്നും അദ്ദേഹം വാദിച്ചു. ഒരു ക്ഷേത്രത്തിൽ മലയാള ബ്രാഹ്‌മണരെ മാത്രമേ ശാന്തിക്കാരനായി നിയമിക്കാവൂ എന്ന വ്യവസ്ഥ റദ്ദാക്കിയ എൻ.ആദിത്യൻ വേഴ്‌സസ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സുപ്രീം കോടതി വിധിയും അദ്ദേഹം നിരത്തി.

'ഭരണഘടന നിലവിൽ വരുന്നതിന് മുമ്പുള്ള കാലങ്ങളിൽ ഏതെങ്കിലും ആചാരമോ അനുഷ്ഠാനമോ നിലനിന്നിരുന്നെങ്കിൽ, അത് പിന്നീട് മനുഷ്യാവകാശങ്ങളേയോ മനുഷ്യന്റെ അന്തസ്സിനേയോ സാമൂഹിക സമത്വത്തേയോ ഭരണഘടനയേയോ ലംഘിക്കുന്നതായി കണ്ടെത്തിയാൽ അത് രാജ്യത്തെ കോടതികൾക്ക് അംഗീകരിക്കാനോ ഉയർത്തിപ്പിടിക്കാനോ കഴിയില്ല.' എൻ.ആദിത്യൻ വേഴ്‌സസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിലെ സുപ്രീംകോടതിയുടെ വിധി അഡ്വ ഗോപാൽ ഉദ്ധരിച്ചു. സുപ്രിംകോടതി ഒരു പൊതുതത്ത്വമാണ് പറഞ്ഞതെന്നും ശബരിമല ക്ഷേത്രത്തിനും ഇത് ബാധകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ആദിത്യൻ കേസിലെ വിധി മാറ്റി നിർത്തിയാലും ദേവസ്വം ബോർഡിന്റെ നിബന്ധനകൾ ഭരണഘടനാ തത്വങ്ങൾ അനുസരിച്ച് നിലനിൽക്കില്ല. ആർട്ടിക്കിൾ 15 ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിച്ചിട്ടുണ്ട്. ബോർഡിന്റെ 'മലയാള ബ്രാഹ്‌മണർ' എന്ന മാനദണ്ഡം തന്നെ കൃത്യത ഇല്ലാത്തതാണ്. നിരവധി വിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉള്ളതിനാൽ മലയാള ബ്രാഹ്‌മിൻ എന്നൊരു കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുക പോലും സാധ്യമല്ല. പിന്നെ നിങ്ങൾ എങ്ങനെ ഈ മാനദണ്ഡം നടപ്പാക്കും? എങ്ങനെ തട്ടിപ്പ് തടയും?', അദ്ദേഹം ചോദിച്ചു. ആദിത്യൻ കേസിൽ ഹൈക്കോടതി വാദം കേൾക്കുന്ന വേളയിൽ ക്ഷേത്രം ശാന്തിമാരായി മലയാള ബ്രാഹ്‌മണരെ മാത്രം നിയമിക്കുന്ന കീഴ്വഴക്കം ഇല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറഞ്ഞതും അദ്ദേഹം ഉന്നയിച്ചു.

'ശബരിമല ക്ഷേത്രം നിയമത്തിന് അതീതമല്ല. തൊട്ടുകൂടായ്മ ആചരിക്കാൻ ആർക്കും അർഹതയില്ല. മലയാള ബ്രാഹ്‌മണന് മാത്രമേ മേൽശാന്തി ആകാൻ കഴിയൂ എന്നത് തൊട്ടുകൂടായ്മയാണ്. എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളാണ് ശബരിമലയിൽ പോകുന്നത്. ആ ക്ഷേത്രത്തെ തൊട്ടുകൂടായ്മയിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. ഒരു ദുഷിച്ച സാമൂഹിക ആചാരത്തെ പരമ്പരാഗതമെന്ന് വേഷംകെട്ടിച്ച് കൊണ്ട് നടക്കുകയാണ്. നന്മയും തിന്മയും ഒരേ വേഷത്തിൽ വരുമെന്ന് മഹാനായ ചിന്തകനായ നാരായണഗുരു പറഞ്ഞിരുന്നു. ശുദ്ധമായ ജാതി മുൻവിധിയും തൊട്ടുകൂടായ്മയുമാണ് പരമ്പരാഗത മത ആചാരമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു വ്യവസ്ഥ അനുവദിക്കുന്നതിലൂടെ രാഷ്ട്രം യഥാർത്ഥത്തിൽ ജാതീയതയും തൊട്ടുകൂടായ്മയും ആചരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.

'ജാതി നോക്കിയുള്ള നിയമന സമ്പ്രദായം ഹൈക്കോടതിക്ക് അംഗീകരിക്കാനാകുമോ? ആർട്ടിക്കിൾ 17 റദ്ദാക്കാൻ ഹൈക്കോടതിക്ക് കഴിയുമോ?' അദ്ദേഹം ചോദിച്ചു.

എന്നാൽ ഹർജിക്കാർ ഉന്നയിക്കുന്ന രീതിയിലാണ് ശബരിമല ക്ഷേത്രത്തിൽ നിയമനം നടക്കുന്നത് എന്ന് തെളിയിക്കേണ്ടത് ഹരജിക്കാർ തന്നെയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ആചാരാനുഷ്ഠാനം സംബന്ധിച്ച തെളിവുകൾ കാണിച്ച് സിവിൽ സ്യൂട്ടിൽ നിയമപോരാട്ടം നടത്തേണ്ടതിനാൽ ഹർജിക്കാരുടെ ആവശ്യം റിട്ട് പെറ്റീഷനായി അനുവദിക്കരുതെന്നും വാദമുണ്ടായി. എൻ.ആദിത്യൻ കേസ് ഒരു പ്രത്യേക ക്ഷേത്രത്തിലേക്കുള്ള ശാന്തിമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണെന്നും ശബരിമലയ്ക്ക് ഇത് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണൻ നമ്പൂതിരി വേഴ്‌സസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കേസിലെ 'ശബരിമലയിൽ മേൽശാന്തിയെ നിയമിക്കുന്നത് സാധാരണ നിയമനമായി കണക്കാക്കാനാകില്ല' എന്ന ഹൈക്കോടതി വിധിയും തിരുവിതാംകൂർ ദേവസ്വം ബേർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 17ന് മാറ്റി.

'സർക്കാരിനും ബോർഡിനും ഈ അനീതിക്കെതിരെ ചെറുവിരലനക്കാൻ ധൈര്യമില്ല'

മലയാള ബ്രാഹ്മണർക്ക് മാത്രമേ ശബരിമല മേൽശാന്തിയാകാൻ സാധിക്കൂ എന്ന തീരുമാനത്തിനെതിരെ എസ്. എൻ.ഡി.പി പരസ്യമായി പ്രതിഷധവുമായി രം​ഗത്ത് വന്നിരുന്നു. എസ്.എൻ.ഡി.പി മുഖപ്രസിദ്ധീകരണമായ യോ​ഗനാദത്തിൽ വെള്ളാപ്പള്ളി നടേശൻ. കേരളത്തിന്റെ സാമൂഹി​ക നേട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ് തി​രുവി​താംകൂർ ദേവസ്വം ബോർഡി​ന്റെ നി​ലപാടെന്നും, അവർണരുടെ ശ്രീകോവി​ൽ പ്രവേശനത്തി​നായി​ പ്രക്ഷോഭം നടത്തേണ്ടി​വരുന്നത് സാംസ്കാരിക കേരളത്തെ പരിഹസിക്കുന്നതു പോലെയാകുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടിയിരുന്നു

വെള്ളാപ്പള്ളി നടേശൻ

യോ​ഗനാദം മുഖപ്രസം​ഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞത്

'എസ്.എൻ.ഡി.പി യോഗം പോലുള്ള പിന്നാക്ക സമുദായ സംഘടനകൾക്ക് ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. ഇവിടെയെല്ലാം പൂജാവൃത്തി ചെയ്യുന്നവരാരും പൂണൂലിന്റെ ബലത്തിൽ ആ പദവി​യി​ലേക്ക് എത്തിയവരല്ല. ആചാര്യന്മാരുടെ പക്കൽ നിന്ന് പഠിച്ചും പരിശീലിച്ചും പൂജാവൃത്തി തൊഴിലാക്കിയവരാണ്. അവരിൽ ഡോക്ടറേറ്റും ഒന്നിലേറെ ബിരുദാനന്തര ബിരുദവും ഉള്ളവരും സംസ്കൃത പണ്ഡിതരുമൊക്കെ ഉൾപ്പെടുന്നു. ഉന്നതവിദ്യാഭ്യാസവും ചിട്ടയായ പരിശീലനവും ലഭിച്ച ഇക്കൂട്ടരെ ഇനി ഹി​ന്ദുവിശ്വാസി സമൂഹത്തിന് അവഗണിക്കാനാവില്ല. വിശേഷിച്ച് ബ്രാഹ്മണ സമൂഹത്തിലെ പുതിയ തലമുറ ഈ ജീവിതവൃത്തിയിൽ നിന്ന് അകലുന്ന കാലഘട്ടത്തിൽ. എസ്.എൻ.ഡി.പിയോഗത്തിന്റെ പോഷകസംഘടനയായ വൈദിക യോഗത്തിന് കീഴിൽത്തന്നെ രണ്ടായിരത്തിലേറെ വൈദികരുണ്ട്. ദേവസ്വം ക്ഷേത്രങ്ങളിൽ ജോലിചെയ്യുന്ന അഞ്ഞൂറോളം പേർ വേറെയുമുണ്ട്. സമീപഭാവിയിൽ തന്നെ ജന്മബ്രാഹ്മണരേക്കാൾ കർമ്മബ്രാഹ്മണർ ഈ രംഗത്ത് മേൽക്കോയ്മ നേടും. അപ്പോൾ ശബരിമല പോലെയുള്ള മഹാക്ഷേത്രങ്ങളിൽ നിന്ന് ഇവരെ അകറ്റി നിറുത്താനുള്ള സങ്കുചിതമായ സമീപനങ്ങൾ അലങ്കാരമായി കൊണ്ടുനടക്കുന്നത് അനുചിതമാണ്. അപമാനമാണ്. പ്രതിഷേധാർഹമാണ്. എത്രയും വേഗം ഈ വിവേചനം അവസാനിപ്പിക്കാനുള്ള വിവേകവും സദ്ബുദ്ധിയും തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാനസർക്കാരിനും ഉണ്ടാകട്ടെയെന്ന് ശബരീശനോട് പ്രാർത്ഥിക്കാം.'

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT