Around us

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് മലബാര്‍ അല്ല, മലയാള രാജ്യമാണ് അന്ന് ഉണ്ടായത്; മലബാര്‍ സമരം വിപ്ലവമാണെന്ന് ടി.എന്‍ പ്രതാപന്‍

മാലപ്പാട്ടുകളും റാത്തീബുകളും മൗലൂദുകളും തക്ബീറുകളും മുഴക്കിയാണ് പലപ്പോഴും മടലും വടിയും കൈകത്തിയുമായി തോക്കിന്റെയും ഭീരങ്കിയുടെയും മുന്നിലേക്ക് മാപ്പിളമാര്‍ ചെന്നത്, പോരാടിയായത്

സ്വാതന്ത്ര്യസമര രക്തസാക്ഷിപട്ടികയില്‍ നിന്നും മലബാര്‍ കലാപ പോരാളികളുടെ പേര് ഒഴിവാക്കാനൊരുങ്ങുന്ന ഐ.സി.എച്ച്.ആര്‍ നടപടിയെ വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍ എം.പി. കാലങ്ങളായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതും ആദ്യകാലങ്ങളില്‍ ബ്രിട്ടീഷുകാര്‍ പറഞ്ഞുപരത്തിയതുമായ പച്ചനുണകളാണ് ഐ.സി.എച്ച്.ആറിന്റെ കണ്ടെത്തലെന്നാണ് ടി.എന്‍ പ്രതാപന്‍ പറഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1921ലെ സമരങ്ങളുടെ മാത്രം വിധിയല്ല, ഇന്ത്യയിലെ സത്യസന്ധമായ ചരിത്രത്തിന്റെ മൊത്തം ദുരവസ്ഥയാണിതെന്നും എം.പി പറഞ്ഞു. ചരിത്ര പുസ്തകങ്ങള്‍ തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ കുറേകാലമായി രംഗത്തുണ്ട്. താന്‍ അംഗമായ പാര്‍ലമെന്റിന്റെ സ്ഥിരസമിതിയില്‍ ഇക്കാര്യം പലതവണ ചര്‍ച്ചക്ക് വന്നുവെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി നടന്നുവന്നിരുന്ന ജന്മികളുടെ ചൂഷണത്തിനെതിരെ, നൂറ്റാണ്ടുകളായി പിറന്ന നാട് ഭരിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരെ, അങ്ങനെ വ്യത്യസ്തമായ ഘടകങ്ങള്‍ക്കെതിരിലാണ് മലബാറില്‍ സമരങ്ങളുണ്ടാകുന്നത്. 1921ലെ സമരങ്ങളെ വിപ്ലവമെന്ന് വിശേഷിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താന്‍ എന്നും ടി.എന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

അന്ന് സമരക്കാര്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ പലതായിരുന്നു. പക്ഷെ ലക്ഷ്യം പിറന്ന നാടിന്റെ സ്വാതന്ത്ര്യം തന്നെയായിരുന്നു. മാലപ്പാട്ടുകളും റാത്തീബുകളും മൗലൂദുകളും തക്ബീറുകളും മുഴക്കിയാണ് പലപ്പോഴും മടലും വടിയും കൈകത്തിയുമായി തോക്കിന്റെയും ഭീരങ്കിയുടെയും മുന്നിലേക്ക് മാപ്പിളമാര്‍ ചെന്നത്, പോരാടിയായത്.

ഇസ്ലാമിക് സ്റ്റേറ്റ് നിര്‍മ്മാണത്തിനായിരുന്നു സമരങ്ങളെങ്കില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് മലബാര്‍ ഉണ്ടാക്കാമായിരുന്നു. പക്ഷെ, ഉണ്ടായത് മലയാള രാജ്യമാണ്.

വാരിയംകുന്നത്ത് ഹാജി വധശിക്ഷ നടപ്പിലാക്കിയ ഏറ്റവും പ്രമുഖന്‍ മുസ്ലിമായ ചേക്കുട്ടിപ്പോലീസ് ആയിരുന്നല്ലോ. കീഴടങ്ങിയാല്‍ മക്കയിലേക്ക് നാടുകടത്താമെന്ന് വാഗ്ദാനം നല്‍കിയ ബ്രിട്ടീഷുകാരോട് 'വേണ്ട, പിറന്ന മണ്ണില്‍ രക്തസാക്ഷിയായിക്കോളാമെന്ന്' പറഞ്ഞ ദേശാഭിമാനിയാണ് ഹാജിയെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

ടി.എന്‍ പ്രതാപന്റെ വാക്കുകള്‍

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരുമടക്കം 387 ധീരദേശാഭിമാനികളെ ഒഴിവാക്കി സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു തയ്യാറാക്കുകയാണ് ഐ.സി.എച്.ആര്‍. മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇത് ഒരു വര്‍ഗ്ഗീയ കലാപമായിരുന്നു എന്നുമാണ് കൗണ്‍സിലിന്റെ മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതാവ് രാം മാധവ് കേരളത്തില്‍ വന്നുപറഞ്ഞതും കുറച്ചുകാലമായി സംഘപരിവാരം പ്രചരിപ്പിക്കുന്നതും ആദ്യകാലങ്ങളില്‍ ബ്രിട്ടീഷുകാര്‍ പറഞ്ഞുപരത്തിയതുമായ പച്ചനുണകളാണ് ഇപ്പോള്‍ ഇവരുടെ കണ്ടെത്തല്‍.

1921ലെ സമരങ്ങളുടെ മാത്രം വിധിയല്ലിത്. ഇന്ത്യയിലെ സത്യസന്ധമായ ചരിത്രത്തിന്റെ മൊത്തം ദുരവസ്ഥയാണിത്. ചരിത്ര പുസ്തകങ്ങള്‍ തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ എമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ സംഘടനകള്‍ കുറേകാലമായി രംഗത്തുണ്ട്. ഞാന്‍ അംഗമായ പാര്‍ലമെന്റിന്റെ സ്ഥിരസമിതിയില്‍ ഇക്കാര്യം പലതവണ ചര്‍ച്ചക്ക് വന്നു. നമ്മളതിനെ എതിര്‍ത്തുപോരുന്നു. പക്ഷെ, ഇങ്ങനെപോയാല്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് അവരത് ചെയ്യും.

1921ലെ സമരങ്ങളെ വിപ്ലവമെന്ന് വിശേഷിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. വര്‍ഷങ്ങളായി നടന്നുവന്നിരുന്ന ജന്മികളുടെ ചൂഷണത്തിനെതിരില്‍, നൂറ്റാണ്ടുകളായി പിറന്ന നാട് ഭരിക്കുന്ന അധിനിവേശ ശക്തികള്‍ക്കെതിരില്‍ അങ്ങനെ വ്യത്യസ്തമായ ഘടകങ്ങള്‍ക്കെതിരിലാണ് മലബാറില്‍ സമരങ്ങളുണ്ടാകുന്നത്. ഖിലാഫത്ത് പ്രസ്ഥാനവും കോണ്‍ഗ്രസും സമരങ്ങള്‍ക്ക് നേതൃത്വം നല്കിപ്പോരുകയും ചെയ്തു. അതേസമയം, കോണ്‍ഗ്രസിന്റെയും ഖിലാഫത് പ്രസ്ഥാനത്തിന്റെയും അഹിംസാത്മക സമരമുറികളില്‍ നിന്ന് മലബാറിലെ സമരങ്ങള്‍ പിടിവിട്ടുപോയി എന്നത് ശരിയാണ്. ഒരു സായുധ വിപ്ലവം ആരും ആഗ്രഹിച്ചിരുന്നില്ലെങ്കിലും അതൊരു അനിവാര്യതയായിത്തീര്‍ന്നു. സായുധ സമരത്തിലേക്ക് കാര്യങ്ങള്‍ കടന്നപ്പോള്‍ കോണ്‍ഗ്രസും, എന്തിന് അന്നത്തെ അനവധി മുസ്ലിം പണ്ഡിതന്മാരും സമരത്തെ നിരുത്സാഹപ്പെടുത്തി. പക്ഷെ, മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിച്ച്, ജന്മിമാര്‍ക്ക് പട്ടാളത്തെ വിട്ടു നല്‍കി പാവപ്പെട്ട കുടിയാന്മാരുടെ വീടുകളില്‍ നരനായാട്ട് നടത്തിയ ബ്രിട്ടീഷുകാര്‍ എല്ലാം തകിടം മറിച്ചിരുന്നു.

ഒരു കര്‍ഷക കലാപം, ഒരു സ്വാതന്ത്ര്യ സമരം പില്‍ക്കാലത്ത് ഒരു വര്‍ഗീയ കലാപമായി ചിത്രീകരിക്കപ്പെട്ടു. ബ്രിട്ടീഷുകാരും അന്നത്തെ ചില മാധ്യമങ്ങളും നല്‍കിയ വാര്‍ത്തകളില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍തന്നെ തെറ്റിദ്ധരിക്കപ്പെട്ടു. അതില്‍ ഗാന്ധിയും അംബേദ്കറും വരെയുണ്ടായി. എന്നാല്‍ മലബാറില്‍ നടന്ന സമരങ്ങള്‍ക്ക് എന്തുസംഭവിച്ചു എന്നതിനെ പറ്റി ഇനി ചര്‍ച്ച വേണ്ടെന്നും അത് സ്വാതന്ത്ര്യസമര ചരിത്രത്തിന് എങ്ങനെ ഊര്‍ജ്ജം പകരും എന്നതിനെ പറ്റി ആലോചിക്കാമെന്നും ഗാന്ധി തീര്‍പ്പു പറഞ്ഞു.

അല്ലെങ്കിലും ബ്രിട്ടീഷ് അനുകൂലികളും ബ്രിട്ടീഷ് വിരോധികളും തമ്മിലുള്ള ഒരു പോരാട്ടത്തെ എങ്ങനെ വര്‍ഗ്ഗീയ കലാപമെന്ന് പറയും? സമരങ്ങള്‍ക്കിടയില്‍ അച്ചടക്ക ലംഘനം കാണിച്ച മാപ്പിളമാരെ വാരിയംകുന്നന്‍ ശിക്ഷിച്ച ചരിത്രം നമുക്ക് മുന്നിലുണ്ടല്ലോ. അന്നതൊരു ഇസ്ലാമിക് സ്റ്റേറ്റ് നിര്‍മ്മാണത്തിനായിരുന്നു സമരങ്ങളെങ്കില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് മലബാര്‍ ഉണ്ടാക്കാമായിരുന്നു. പക്ഷെ, ഉണ്ടായത് മലയാള രാജ്യമാണ്. വാരിയംകുന്നത്ത് ഹാജി വധശിക്ഷ നടപ്പിലാക്കിയ ഏറ്റവും പ്രമുഖന്‍ മുസ്ലിമായ ചേക്കുട്ടിപ്പോലീസ് ആയിരുന്നല്ലോ. കീഴടങ്ങിയാല്‍ മക്കയിലേക്ക് നാടുകടത്താമെന്ന് വാഗ്ദാനം നല്‍കിയ ബ്രിട്ടീഷുകാരോട് 'വേണ്ട, പിറന്ന മണ്ണില്‍ രക്തസാക്ഷിയായിക്കോളാമെന്ന്' പറഞ്ഞ ദേശാഭിമാനിയാണ് ഹാജി.

അന്ന് സമരക്കാര്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ പലതായിരുന്നു. പക്ഷെ ലക്ഷ്യം പിറന്ന നാടിന്റെ സ്വാതന്ത്ര്യം തന്നെയായിരുന്നു. മാലപ്പാട്ടുകളും റാത്തീബുകളും മൗലൂദുകളും തക്ബീറുകളും മുഴക്കിയാണ് പലപ്പോഴും മടലും വടിയും കൈകത്തിയുമായി തോക്കിന്റെയും ഭീരങ്കിയുടെയും മുന്നിലേക്ക് മാപ്പിളമാര്‍ ചെന്നത്, പോരാടിയായത്. ബംഗാള്‍ വിഭജന കാലത്ത് കൊല്‍ക്കത്തയിലും ബോംബെയിലും കോണ്‍ഗ്രസിലെ ഉഗ്രവാദികള്‍ ദേശീയപ്രസ്ഥാനത്തിലേക്ക് ആളെകൂട്ടിയത് ഗണപതി മഹോത്സവങ്ങള്‍ നടത്തിയും ദുര്‍ഗ്ഗാ പൂജകള്‍ സംഘടിപ്പിച്ചുമാണ്. നമ്മള്‍ അതിലൊന്നും തെറ്റുകണ്ടിട്ടില്ല. വിശ്വാസികളെ അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ സംഘടിപ്പിക്കുക എന്നത് എക്കാലത്തും എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. അതെല്ലാം നന്മക്ക് വേണ്ടിയാകണം എന്നാണ് നമ്മളാഗ്രഹിക്കുന്നത്.

മലബാറില്‍ 1921 ല്‍ അതാണ് നടന്നത്. ഇന്നും നമ്മുടെ ഭൂരിഭാഗം സൈനിക റെജിമെന്റുകളുടെയും മുദ്രാവാക്യങ്ങള്‍ മതകീയ ശബ്ദങ്ങളാണ്. ആര്‍.എസ്.എസ് ജയ് ശ്രീറാം വിളിക്കുന്നത് ഹിന്ദുക്കളോ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അള്ളാഹു അക്ബര്‍ വിളിക്കുന്നത് മുസ്ലിംകളോ അംഗീകരിക്കില്ല. എന്നാല്‍ സ്വാതന്ത്ര്യ സമരകാലത്ത് രാമനും അല്ലാഹുവും എല്ലാം ഐക്യത്തിന്റെ ശബ്ദങ്ങളായിരുന്നു.

അന്ന് മലബാറില്‍ ഹിന്ദു വിരുദ്ധ കലാപമുണ്ടായിരുന്നെകില്‍ ഇന്ന് മലബാറില്‍ കാണുന്ന ഹിന്ദു മുസ്ലിം മൈത്രി ഇവിടെ ഉണ്ടാകുമായിരുന്നോ? മുന്‍ എം പി ഹരിദാസിന്റെ തറവാട്ടിലെ മുസ്ലിം മൈത്രിയെ പറ്റി നമ്മള്‍ കേട്ടിട്ടില്ലേ? പള്ളി പണിയാന്‍ സ്ഥലം വിട്ടു നല്‍കിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് നമുക്ക് അറിയുന്ന ആളല്ലേ? മൊഴിക്കുന്നത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ ഖിലാഫത്ത് സ്മരണകള്‍ വായിക്കാമല്ലോ. അതില്‍ പറയുന്നത് 1921 ഒരു ജ്വലിക്കുന്ന സമരമാണെന്നല്ലേ?

ബ്രിട്ടീഷുകാര്‍ക്ക് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയുണ്ടായിരുന്നു. അവരുടെ മിക്ക ചരിത്ര രചനകളും, റിക്കാര്ഡുകളും, വാര്‍ത്തകളും ആ ഉദ്ദേശത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. മനുഷ്യരെ ഭിന്നിപ്പിച്ചു നിര്‍ത്തി, ഭീതി വിതച്ചു ഭരിക്കാമെന്ന് ബ്രിടീഷുകാര്‍ കാണിച്ചു. ആ പാത ഇപ്പോള്‍ നരേന്ദ്ര മോദി പിന്‍പറ്റുന്നു.

ഇപ്പോള്‍ ഐ.സി.എച്.ആര്‍ ഉണ്ടാക്കുന്ന പട്ടിക സംഘപരിവാരം നാഗ്പൂരില്‍ നിന്ന് കൊടുത്തുവിടുന്നതായിരിക്കും!? ഒരുകാര്യം തീര്‍ത്തുപറയാം, ബ്രിടീഷുകാരന്റെ അച്ചാരം വാങ്ങി രാജ്യത്തെ ഒറ്റുകൊടുത്ത, മഹാത്മാ ഗാന്ധിയെ കൊന്ന സംഘികളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കുഞ്ഞാലി മരക്കാര്‍ മുതല്‍, ടിപ്പു സുല്‍ത്താന്‍ അടക്കം വാരിയം കുന്നന്‍ വരെയുള്ള ഒരു പോരാളിക്കും ആവശ്യമില്ല.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT