പ്രാതിനിധ്യത്തില്‍ കുറവാണെങ്കിലും ചരിത്രത്തിലാധ്യമായാണ് കേരള നിയമസഭയില്‍ മൂന്ന് മന്ത്രിമാരെത്തുന്നത്. സിപിഐഎമ്മില്‍ നിന്ന് വീണാ ജോര്‍ജും ആര്‍ ബിന്ദുവും, സിപിഐയില്‍ നിന്ന് ചിഞ്ചുറാണിയുമാണ് രണ്ടാം പിണറായി മന്ത്രിസഭയിലെ വനിതാ മന്ത്രിമാര്‍
വീണ ജോര്‍ജ്
മാധ്യമപ്രവര്‍ത്തന രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ വീണ ജോര്‍ജ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയായിരുന്നു. കൈരളിയിലൂടെ മാധ്യമ പ്രവര്‍ത്തന രംഗത്തെത്തിയ വീണ മലയാളത്തിലെ ആദ്യ 24 ഹവര്‍ ന്യൂസ് ചാനലായ ഇന്ത്യാ വിഷനിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.
2018ലെ പ്രളയകാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന വീണാ ജോര്‍ജിന്റെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകയായിരിക്കുമ്പോഴാണ് ആറന്മുളയില്‍ കന്നിയങ്കത്തിന് വീണാ ജോര്‍ജ് ഇറങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ വീണ ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആര്‍ ബിന്ദു
ഇരിങ്ങാലക്കുടയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രൊഫ.ആര്‍ ബിന്ദു സഭയിലെ പുതുമുഖവുമാണ്. തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാര്‍ന്ന പ്രകടനമായിരുന്നു ആര്‍ ബിന്ദു കാഴ്ചവെച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവുമാണ്. തൃശൂര്‍ കേരള വര്‍മ്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരുന്നു. അധ്യാപക ജോലി രാജിവെച്ചാണ് ഇരിങ്ങാലക്കുടയില്‍ നിന്ന് ജനവിധി തേടിയത്.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന ബിന്ദു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യയുമാണ്.
ജെ ചിഞ്ചുറാണി
സിപിഐയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മന്ത്രിയാണ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജെ.ചിഞ്ചുറാണി. ചടയമംഗലത്തു നിന്ന് 13,678 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചിഞ്ചുറാണി വിജയിക്കുന്നത്. ആദ്യകാല കമ്മ്യൂണിസ്റ്റും കശുവണ്ടിത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്ന എന്‍ ശ്രീധനരന്റെയും ജഗദമ്മയുടെയും മകളാണ്.
കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ്, പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍, സി അച്യുത മേനോന്‍ സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെമ്പറായിരുന്നു ചിഞ്ചുറാണി. കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ജില്ലാ പഞ്ചായത്തംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് തന്നെ കലായ കായിക മേളകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.