കെ എം മാണിക്ക് സ്മാരകം അനിവാര്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കെ എം മാണിക്കെതിരെ രാഷ്ട്രീയ വിമര്‍ശനങ്ങളൊക്കെ ഉണ്ടാകാം. കേരള രാഷ്ട്രീയത്തില്‍ കെ എം മാണിയുടെ സ്ഥാനം ആര്‍ക്കും നിഷേധിക്കാനാവില്ല. സിപിഎം അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തിലെ വലിയൊരു വിഭാഗം ആദരിക്കുന്ന വ്യക്തിത്വമാണ് കെ എം മാണിയുടെതെന്നും ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കേരളത്തില്‍ കൂടുതല്‍ കാലം ധനമന്ത്രിയായിരുന്ന ആളാണ് കെ എം മാണി.അദ്ദേഹത്തെ ആദരിക്കുന്നവര്‍ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുമ്പോള്‍ അവരെ സഹായിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. കേരളത്തിലെ സമുന്നതനായ നേതാവിന് സ്മാരകം പണിയുന്നതില്‍ ഒരു തെറ്റുമില്ല.
കെ എം മാണിക്ക് സ്മാരകം പണിയുന്നതില്‍ സിപിഎം പ്രവര്‍ത്തകരുടെ വിഷമം പ്രശ്‌നമില്ല. കെ കരുണാകരന്‍ ഫൗണ്ടഷനുണ്ട്. എകെജിക്കും ഇഎംഎസിനും സ്മാരകമുണ്ട്. സിപിഎമ്മുകാര്‍ക്ക് മാണിയെ ബഹുമാനിക്കണമെന്നില്ല. എന്നാല്‍ ആദരവുള്ള വലിയൊരു വിഭാഗമുണ്ടെന്നും തോമസ് ഐസക് ആവര്‍ത്തിച്ചു.
കെ എം മാണിക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനായി ബജറ്റില്‍ അഞ്ച് കോടി വകയിരുത്തിയതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ബാര്‍ക്കോഴ കേസില്‍ സിപിഎം കെ എം മാണിക്കെതിരെ നടത്തിയ സമരം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. വിടി ബലറാം എം എല്‍ എ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. എന്നാല്‍ വിഷയം വിവാദമാക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടാണ് ബജറ്റില്‍ പണം വകയിരുത്തിയതെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിരുന്നു.