Around us

'കേരളത്തിലെ പത്ര - ചാനല്‍ മാനേജ്‌മെന്റുകള്‍ വിലയ്‌ക്കെടുക്കപ്പെട്ട വിശുദ്ധ പശുക്കളാണെന്ന് ആര്‍ക്കാണ് അറിയാത്തത്?', തോമസ് ഐസക്

മന്ത്രി കെടി ജലീലിന് പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്. കുറ്റിപ്പുറത്ത് പരാജയം നേരിടേണ്ടി വന്നതിന്റെയും, ജലീല്‍ മന്ത്രിയായതിന്റെയും പകയും ജാള്യതയും തീര്‍ക്കാനാണ് മുസ്ലീംലീഗ് ആരോപണങ്ങളുന്നയിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് പറയുന്നു. ജലീലിനെതിരെയുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്തതില്‍ മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ധനമന്ത്രി ഉന്നയിക്കുന്നത്.

കേരളത്തിലെ പത്ര ചാനല്‍ മാനേജ്‌മെന്റുകള്‍ വിലയ്‌ക്കെടുക്കപ്പെട്ട വിശുദ്ധ പശുക്കളാണെന്ന് ആര്‍ക്കാണ് അറിയാത്തതെന്ന് പോസ്റ്റില്‍ തോമസ് ഐസക് ചോദിക്കുന്നു. ആരെയും ചോദ്യം ചെയ്യാനും വേട്ടയാടാനും ലൈസന്‍സ് കിട്ടിയ പാപ്പരാസിപ്പടയാളികളല്ല മാധ്യമങ്ങള്‍. മാധ്യമങ്ങളോട് എപ്പോള്‍ എന്തു സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ ജലീലിനും അവകാശമുണ്ടെന്നും മന്ത്രി കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'കെ ടി ജലീലിനെ കാണുന്തോറും ലീഗുകാരുടെ കണ്ണു പുകയും; തൊണ്ട വരളും; മൂക്കു ചുവക്കും.. എന്തിനേറെ പറയുന്നു... മേലാസകലമൊരു മനഃപ്രയാസം. കാരണം മനസിലാക്കാവുന്നതേയുള്ളൂ. ലീഗിന്റെ മാടമ്പി രാഷ്ട്രീയം ജലീലിനു മുന്നില്‍ തുടര്‍ച്ചയായി തോറ്റമ്പുകയാണ്. കുറ്റിപ്പുറത്തേറ്റ പരാജയത്തിന്റെ ഏനക്കേടു തീര്‍ക്കാന്‍തന്നെ ഇനിയും കാലം കുറേയെടുക്കും. അതിന്റെ മീതെയാണ് ജലീല്‍ മന്ത്രിയായതിലുള്ള പകയും ജാള്യവും.

അങ്ങനെയാണ് അദ്ദേഹത്തെ എങ്ങനെയെങ്കിലും ശരിപ്പെടുത്താന്‍ നീചവും കുടിലവുമായ അടവുകളോടെയുള്ള പടപ്പുറപ്പാട്. അതിനുവേണ്ടി എന്തൊക്കെ ചെയ്യുന്നു? ഇടംകൈയില്‍ എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ടിയില്‍. വലംകൈയില്‍ ബിജെപിയുടെ അജണ്ട. കള്ളക്കോലും കള്ളച്ചുവടുകളുമായി അണികളും നേതാക്കളും അഹോരാത്രം പൊരുതുകയാണ്.

ഒരുവശത്ത് ബിജെപിയും മറുവശത്ത് എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ടിയും അണിനിരന്നുള്ള അപകടകരമായ വര്‍ഗീയധ്രുവീകരണത്തിന് കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ഒന്നിച്ച് അയയുകയും മുറുകയും ചെയ്യുന്ന ചാണ്ടിയും തൊമ്മിയുമാണ് ബിജെപിയും എസ്ഡിപിഐ, വെല്‍ഫയര്‍ സഖ്യവും. അവര്‍ക്ക് അടവും ആയുധവും നല്‍കുന്ന പണിയാണ് ലീഗും യുഡിഎഫും ചെയ്യുന്നത്. ഈ ദുഷ്ടനീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കും.

അതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ടിയുടെ പ്രസ്താവനാത്തമാശ കണ്ടു. ജലീല്‍ രാജിവെയ്ക്കണമത്രേ. എന്തു കാര്യത്തിനാണാവോ? ജലീലിനെതിരെ കേസു വല്ലതുമുണ്ടോ? എന്താണദ്ദേഹം ചെയ്ത കുറ്റം? ഖുര്‍ആന്‍ കൈപ്പറ്റിയതോ? എന്തൊക്കെ തമാശകളാണെന്നു നോക്കൂ. മാത്രമല്ല, ഈ പാര്‍ടികളെയൊക്കെ നിരോധിക്കണമെന്നാണ് ബിജെപിയും സംഘപരിവാറുമൊക്കെ ആവശ്യപ്പെടുന്നത്. അത്തരം നിരോധനഭീഷണി നേരിടുന്നവര്‍ ബിജെപിയെ തൃപ്തിപ്പെടുത്താന്‍ അവരുടെ അജണ്ടയ്ക്കനുസരിച്ച് പാവ കളിക്കുന്നത്. ഇതൊക്കെ തിരിച്ചറിയാന്‍ ശേഷിയുള്ളവരാണ് ഈ നാട്ടില്‍ ജീവിക്കുന്നത്.

ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയാം. ജലീലിനെ ക്രൂശിച്ചു കളയാമെന്ന പൂതിയുമായി ആരും കളിക്കാനിറങ്ങണ്ട. പത്രത്തില്‍ പേരും ചിത്രവും വരാനും ചാനലില്‍ മുഖം തെളിയാനുമൊക്കെ ജാഥയും സമരവും പ്രസ്താവനയും പത്രസമ്മേളനവുമൊക്കെ ആകാം. അതിനിടയില്‍ കൊറോണ പിടിച്ചാല്‍ സര്‍ക്കാര്‍ ചെലവില്‍ സൌജന്യ ചികിത്സയും തരാം. അതിനപ്പുറം ജലീലിനെ എന്തെങ്കിലും ചെയ്തു കളയാമെന്നു കരുതി മനഃപ്പായസമുണ്ണേണ്ടതില്ല.

ഇനി പറയാനുള്ളത് കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകരോടാണ്. ആരെയും ചോദ്യം ചെയ്യാനും വേട്ടയാടാനും ലൈസന്‍സ് കിട്ടിയ പാപ്പരാസിപ്പടയാളികളല്ല നിങ്ങള്‍. നിങ്ങളോട് സംസാരിക്കണമെന്നും സംവദിക്കണമെന്നും നിങ്ങള്‍ക്കാരെയും നിര്‍ബന്ധിക്കാനാവില്ല. അതിനായി ശാഠ്യം പിടിക്കാനും. മാധ്യമങ്ങളോട് എപ്പോള്‍ എന്തു സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ ജലീലിനും അവകാശമുണ്ട്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്.

നിങ്ങള്‍ തീരുമാനിക്കുന്ന സമയത്തിനും സൌകര്യത്തിനുമൊപ്പിച്ച് ജലീല്‍ നിന്നു തരണമെന്നൊന്നും വാശിയും ശാഠ്യവും വേണ്ട. അതു നടന്നില്ലെങ്കില്‍ ഒടുക്കിക്കളയും എന്ന ഭീഷണിയും വേണ്ട. പെയ്ഡ് ജേണലിസത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ചോദ്യങ്ങളും വിധിയെഴുത്തും ഒഴിവാക്കണമെന്ന് ഒരാള്‍ തീരുമാനിച്ചാല്‍, അതിനുള്ള അവകാശം കൂടി ഉറപ്പുവരുത്തുന്നതാണ് ജനാധിപത്യം. കെ ടി ജലീല്‍ അത് തുറന്നു പറയുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് പൂര്‍ണ പിന്തുണ.

കേരളത്തിലെ പത്ര - ചാനല്‍ മാനേജ്‌മെന്റുകള്‍ വിലയ്‌ക്കെടുക്കപ്പെട്ട വിശുദ്ധ പശുക്കളാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ഈ വേഷം കെട്ടലുകള്‍ക്ക് പിന്നിലെ ചരടുവലികളൊന്നും ആര്‍ക്കും അറിയില്ലെന്നാണോ ധാരണ? അക്കാര്യങ്ങള്‍ നമുക്ക് ഇലക്ഷനു ശേഷം ചര്‍ച്ച ചെയ്യാം.

നിങ്ങളുടെ മാനേജ്‌മെന്റുകള്‍ സ്വയം വിറ്റു കഴിഞ്ഞിരിക്കുകയാണ്. ചിലര്‍ക്ക് കോടിക്കണക്കിന് കിട്ടിയിട്ടുമുണ്ട്. പത്രമാനേജ്‌മെന്റുകളെ വിലയ്‌ക്കെടുക്കാന്‍ പയറ്റുന്ന അടവുകള്‍ കോബ്രാ പോസ്റ്റിലൂടെ വെളിപ്പെട്ടതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ. അതോ ജനം അതൊക്കെ മറന്നു എന്ന് വിഡ്ഢികളുടെ സ്വര്‍ഗത്തിലിരുന്ന് സ്വയം ആശ്വസിക്കുകയാണോ? ഏതായാലും യഥാര്‍ത്ഥ മാനേജ്‌മെന്റുകള്‍ കെട്ടിയ ഇടച്ചങ്ങലയ്ക്കുള്ളില്‍ നിന്നാണീ കളികള്‍ എന്നത് മറക്കണ്ട.

അപ്പോഴും നിങ്ങള്‍ക്കൊരു താരതമ്യസ്വാതന്ത്ര്യമുണ്ട്. ഒരു കോമ മാറ്റിയിടാന്‍, ഒരു തലക്കെട്ടിനെയും ഇന്‍ട്രോയെയും സത്യസന്ധമാക്കാന്‍, വല്ലപ്പോഴുമെങ്കിലും ബിജെപിയ്ക്ക് അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒക്കെയുള്ള സ്വാതന്ത്ര്യം ഈ ചങ്ങലയ്ക്കുള്ളില്‍ക്കിടന്നും നിങ്ങള്‍ക്ക് പ്രയോഗിക്കാനാവും. രാജാവിനെക്കാള്‍ രാജഭക്തിയോടെ ചാടല്ലേ കുട്ടികളേ...'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗ്രൂപ്പ് പോരാട്ടം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏറ്റെടുക്കുമ്പോള്‍; കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ ചരിത്രം | Watch

ആഫ്രിക്കയിലെ ഗ്രാമങ്ങളിൽ 13 കിണറുകൾ നിർമ്മിച്ച് നൽകി, ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു, Dilshad YathraToday Interview

മരണത്തിന്റെ വക്കില്‍ നിന്ന് റിംഗിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍! എന്താണ് ടൈസണ് സംഭവിച്ചത്?

വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം

മമ്മൂട്ടിയും മോഹൻലാലും ചാക്കോച്ചനും ഫഹദും; മഹേഷ് നാരായണൻ ചിത്രം തുടങ്ങുന്നു; മലയാളത്തിന്റെ മെ​ഗാ സിനിമ

SCROLL FOR NEXT