കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിനെ 'റേപ്പ് ടൂറിസ'മെന്ന് അധിക്ഷേപിച്ച് ബിജെപി നേതാവ് എസ് സുരേഷ്. ട്വന്റി ഫോര്‍ ന്യൂസിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണുയരുന്നത്.ഹത്രസ് പെണ്‍കുട്ടി നേരിട്ട ക്രൂരതകളില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് അതിനെ ബന്ധിപ്പിച്ച്, റേപ്പ് ടൂറിസം എന്ന് പരാമര്‍ശിച്ച് ഇരയെയും കുടുംബത്തെയുംവരെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്.
സുരേഷിന്റെ പരാമര്‍ശം
'നിയമസംവിധാനങ്ങള്‍ സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമമാണ് ഉത്തര്‍പ്രദേശില്‍ സംഭവിക്കുന്നത്. രാജസ്ഥാനില്‍ രണ്ട് കൊച്ചുപെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെട്ടപ്പോള്‍ അത് ബലംപ്രയോഗിച്ചുള്ളതായിരുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കരനായ അശോക് ഗെഹ് ലോട്ട് പറഞ്ഞത്. വിഡ്ഢിയായ മുഖ്യമന്ത്രി രാജസ്ഥാനിലിരിക്കുമ്പോള്‍ അവിടേക്കായിരുന്നു, ആള്‍ക്കാര്‍ വിമര്‍ശിക്കുന്ന റേപ്പ് ടൂറിസം പോലെയുള്ള യാത്ര നടത്തേണ്ടത്. കാരണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേപ്പ് നടക്കുന്നത് രാജസ്ഥാനിലാണ്'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഹത്രസില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലായിരുന്നു എസ് സുരേഷിന്റെ മോശം പരാമര്‍ശം. അദ്ദേഹം മാപ്പുപറയണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങളെല്ലാം മറികടന്ന് വീട്ടിലെത്തിയ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് ഹത്രസ് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പിതാവും വ്യക്തമാക്കി. നീതി ഉറപ്പാക്കും വരെ ഒപ്പമുണ്ടാകുമെന്നും പോരാട്ടം തുടരുമെന്നും കുടുംബത്തിന് ഇരുവരും ഉറപ്പുനല്‍കുകയും ചെയ്തു.