Around us

രാമചന്ദ്രനില്ലെങ്കില്‍ പൊതുപരിപാടിക്കും ഉത്സവത്തിനും ആനകളെ തരില്ല, തൃശൂര്‍ പൂരത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആനഉടമകള്‍ 

THE CUE

മേയ് 11 മുതല്‍ കേരളത്തിലെ ഒരു പൊതുപരിപാടികള്‍ക്കും ആനകളെ കൊടുക്കില്ല. ഉത്സവത്തിനും പെരുന്നാളിനും നേര്‍ച്ചയ്ക്കും ആനകളെ കൊടുക്കില്ല.

അക്രമസ്വഭാവവും ശാരീരിക പ്രശ്‌നങ്ങളും പരിഗണിച്ച് തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ എന്ന ആനയെ പൂരങ്ങളില്‍ വിലക്കിയതില്‍ സര്‍ക്കാരിന് മുന്നില്‍ സമ്മര്‍ദ്ദ നീക്കവുമായി ആന ഉടമകള്‍. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും നല്‍കില്ലെന്നാണ് തൃശൂരില്‍ ചേര്‍ന്ന ആന ഉടമകളുടെ യോഗത്തില്‍ തീരുമാനം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അക്രമാസക്തനാണെന്നും 2007 മുതല്‍ ഏഴ് പേരെ കുത്തിക്കൊന്നിട്ടുണ്ടെന്നും വലിയ ജനത്തിരക്കുള്ള തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്നാല്‍ അപകടമുണ്ടാകുമെന്നും കാട്ടിയാണ് തൃശൂര്‍ ജില്ലാ കലക്ടറായ ടിവി അനുപമ വിലക്ക് തുടരുമെന്ന് അറിയിച്ചത്. തീരുമാനം പുനപരിശോധിക്കില്ലെന്നും കലക്ടര്‍ അറിയിച്ചിരുന്നു.

ആനയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഉടമകള്‍ യോഗം ചേര്‍ന്ന് സമ്മര്‍ദ്ദ നീക്കം പ്രഖ്യാപിച്ചത്. ഒരു വിഭാഗം ഉടമകള്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് പകരം മറ്റൊരു കൊമ്പനെ തെരഞ്ഞെടുക്കാമെന്ന് നിലപാട് എടുത്തിരുന്നുവെങ്കിലും ഭൂരിപക്ഷം മറ്റ് ആനകളെ നല്‍കേണ്ട എന്ന നിലപാടില്‍ എത്തുകയായിരുന്നു. പൊതുപരിപാടികള്‍ക്കും ആനയെ വിട്ടുനല്‍കില്ലെന്നും രാചമന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും ഉടമകള്‍ വ്യക്തമാക്കി.

മന്ത്രിതല യോഗത്തിലെ തീരുമാനം അട്ടിമറിക്കപ്പെട്ടു. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കണമെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നതാണ്. ആനഉടമകളെ ആനമാഫിയയാക്കി ചിത്രീകരിക്കാനാണ് വനംമന്ത്രി ശ്രമിച്ചത്. ഏപ്രില്‍ പത്തിന് മന്ത്രി പി രാജു എടുത്ത തീരുമാനത്തില്‍ നിന്ന് അദ്ദേഹം എന്താണ് പിന്നോട്ട് പോയത്. വനംവകുപ്പ് ഉപദ്രവിക്കുന്ന കാരണം മേയ് 11 മുതല്‍ കേരളത്തിലെ ഒരു പൊതുപരിപാടികള്‍ക്കും ആനകളെ കൊടുക്കില്ല. ഉത്സവത്തിനും പെരുന്നാളിനും നേര്‍ച്ചയ്ക്കും ആനകളെ കൊടുക്കില്ല.
ആന ഉടമസ്ഥ സംഘം

വിലക്ക് നീക്കില്ലെന്ന നിലപാട് വനം മന്ത്രി പി രാജുവും സ്വീകരിച്ചതാണ് ആന ഉടമകളെ പ്രകോപിപ്പിച്ചത്. വനംവകുപ്പ് ആന ഉടമകളെ മനപൂര്‍വം ദ്രോഹിക്കുകയാണെന്നാണ് ഇവരുടെ വാദം.

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തൃശൂര്‍ ജില്ലാ കലക്ടറാണ്. മന്ത്രിതല യോഗത്തിലെ ഒരു തീരുമാനവും അട്ടിമറിക്കപ്പെട്ടില്ല. തൃശൂര്‍ പൂരത്തിന് രാമചന്ദ്രനെ എഴുന്നള്ളിക്കണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടില്ല. പത്തിന് ഹൈക്കോടതി ഈ വിഷയം പരിഗണിക്കുന്നുണ്ട്. ഒരു ആനയെയും പൂരത്തിന് കൊടുക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് ഉടമകള്‍ പിന്‍മാറണം. പൂരത്തെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം എടുക്കാന്‍ പാടില്ല. സ്ഥലം എംഎല്‍എ നിലയ്ക്കും മന്ത്രി എന്ന നിലയിലും ഇവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്.
വി എസ് സുനില്‍ കുമാര്‍, മന്ത്രി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി പറയുന്നുണ്ടെങ്കിലും അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് വനംമന്ത്രി പറയുന്നു. ആനയ്ക്ക് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്.

വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്. ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ല്‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആനയുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുതയെന്നും മന്ത്രി പറയുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ആനയെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുന്നു. കാഴ്ച ശക്തിയില്ലാത്ത ആനയെ കഠിനമായി പണിയെടുപ്പിച്ച് പീഡിപ്പിക്കുകയാണ് ഉടമസ്ഥരെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT