റബ്ബറിന് മുന്നൂറു രൂപയാക്കി വില നിശ്ചയിച്ചാൽ കേരളത്തിൽ ഒരു എം.പി ഇല്ലെന്ന ബിജെപിയുടെ വിഷമം മാറ്റിത്തരാമെന്ന തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പരാമർശത്തിൽ പ്രതികരണവുമായി നേതാക്കൾ. ക്രൈസ്തവർ രാജ്യത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സംഘപരിവാറിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങളാണ് എന്നും ബിഷപ്പിന്റേത് വൈകാരിക പ്രസ്താവനയാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രതികരണം.
കർഷകരോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനം എങ്ങനെയാണെന്ന് വ്യക്തമാണെന്നും രാജ്യത്തുടനീളം കർഷകർ വീണ്ടും സമരത്തിന് ഇറങ്ങുന്ന സാഹചര്യമാണെന്നുമായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. ഏതെങ്കിലും തുറുപ്പ് ചീട്ടിറക്കി കേരളം പിടിക്കാമെന്ന ആർഎസ്എസിന്റെ ആഗ്രഹം വിലപ്പോവില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. എല്ലാ വിഭാഗം ജനങ്ങൾക്കും നരേന്ദ്ര മോദി മാത്രമാണ് ആശ്രയം എന്നും റബ്ബർ കർഷകരുടെ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്നും ആണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത്.
കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ ജോസഫ് പാംപ്ലാനിയുടെ പരാമർശം. 'റബ്ബറിന് വിലത്തകർച്ചയുണ്ട്. കേന്ദ്രം ഭരിക്കുന്ന സർക്കാർ വിചാരിച്ചാൽ റബ്ബറിന്റെ വില വർധിപ്പിക്കാൻ സാധിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ല എന്ന സത്യം തിരിച്ചറിയണം. ഞാൻ രാഷ്ട്രീയം പറയുകയല്ല. നമുക്ക് കേന്ദ്ര സർക്കാരിനോട് പറയാം, നിങ്ങളുടെ പാർട്ടി ഏതുമായിക്കൊള്ളട്ടെ. റബറിന്റെ വില 300 രൂപ ആക്കി പ്രഖ്യാപിക്കുക. നിങ്ങൾക്കൊരു എം.പി ഇവിടെ ഇല്ല എന്ന വിഷമം ഞങ്ങൾ മാറ്റിത്തരാം.'
പരാമർശം വിവാദമായതോടെ വിശദീകരണവുമായി ബിഷപ്പ് എത്തി. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്നല്ല താൻ പറഞ്ഞതെന്നും മലയോര കർഷകരുടെ പ്രയാസങ്ങൾ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ വേണ്ടി നയം രൂപീകരിക്കാൻ സാധിക്കുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കാണ്. അതു കൊണ്ടാണ് റബ്ബറിന്റെ ഇറക്കുമതി തീരുവയെ കുറിച്ച് തീരുമാനമെടുക്കുകയും റബ്ബറിന്റെ വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ മലയോര കർഷകർ തയ്യാറാകുമെന്നും പറഞ്ഞത്. അവർ അത്രയേറെ ഗതികേടിലാണ്. പലരും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യമാണ്. അവരുടെ ആകെ വരുമാന മാർഗം റബ്ബർ കൃഷിയാണ്. റബറിന്റെ കാര്യത്തിൽ ആരാണോ സഹായിക്കുന്നത് അവർക്ക് പിന്തുണ നൽകുമെന്ന് പറയുന്നത് രാഷ്ട്രീയ ലേഖ്യങ്ങളോടെ അല്ല. മറിച്ച് കർഷകന്റെ അവസ്ഥ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനാണ്. കർഷകരെ സഹായിക്കുന്ന ഏത് മുന്നണിയേയും പിന്തുണയ്ക്കും. അത് ഇടതോ കോൺഗ്രസോ ബി.ജെ.പിയോ ആയാലും.' ജോസഫ് പാംപ്ലാനി വിശദീകരിച്ചു.
വിഷയത്തിൽ കേരളാ കോൺഗ്രസ്സ് എം നേതാവ് ജോസ് കെ മാണി ബിഷപ്പിനെ പിന്തുണച്ചുകൊണ്ടാണ് രംഗത്ത് എത്തിയത്. കർഷകർ നേരിടുന്ന പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ നയം കൊണ്ടാണെന്നും അത് മാറണമെന്നാണ് ബിഷപ്പ് ഉദ്ദേശിച്ചതെന്നുമായിരുന്നു ജോസ് കെ മാണി പറഞ്ഞത്. ആർഎസ്എസും ബിജെപിയും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ സംരക്ഷകരായി വരുമ്പോൾ കുറുക്കൻ ഒരിക്കലും കോഴിയെ സംരക്ഷിക്കില്ലെന്ന് ന്യൂനപക്ഷങ്ങൾക്കറിയാം എന്ന് സിപിഎം നേതാവ് എംബി രാജേഷും പ്രതികരിച്ചു.