ചെന്നൈയില്‍ ഫ്ളക്സ് വീണ് യുവതി മരിച്ച സംഭവം എടുത്തു പറഞ്ഞ് തമിഴ്നാട് സര്‍ക്കാരിനെ നടന്‍ വിജയ് വിമര്‍ശിച്ച സംഭവത്തില്‍ പ്രസംഗത്തിന് വേദിയായ കോളേജിന് നോട്ടീസ് അയച്ച് സര്‍ക്കാര്‍. ചടങ്ങിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കാനാവാശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സായിറാം എന്‍ജിനീയറിങ് കോളേജിന് നോട്ടീസ് അയച്ചിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ ബിഗിലിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വിജയ് സര്‍ക്കാരിനെയും രാഷ്ട്രീയക്കാരനെയും വിമര്‍ശിച്ച് രംഗത്തെത്തിയത്. 'ഏതൊരു മേഖലയിലായാലും പണി അറിയുന്ന ആളായിരിക്കണം നിയമിക്കപ്പെടേണ്ടത്. ജനങ്ങള്‍ ശരിയായ ഭരണാധികാരിയെ കണ്ടെത്തിയാല്‍ തീരുന്ന പ്രശ്നങ്ങളാണ് ഇപ്പോഴുള്ളതെന്നും വിജയ് വിമര്‍ശിച്ചിരുന്നു.
ശുഭശ്രീയുടെ മരണത്തില്‍ ആരോപണ വിധേയനായിരിക്കുന്ന എഐഡിഎംകെ നേതാവിനെതിരെ നടപടിയില്ലാത്തതും താരം ചൂണ്ടിക്കാട്ടിയിരുന്നു. നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ് പൊട്ടി വീണായിരുന്നു സ്‌കൂട്ടര്‍ യാത്രികയായ ശുഭശ്രീ മരിച്ചത്. പ്രസംഗം ചര്‍ച്ചയായതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി. കോളേജിന് നോട്ടീസ് അയച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിജയുടെ ഈ പ്രസ്താവനകള്‍ക്കെതിരെ എ.ഐ.ഡി.എം.കെ നേതാവ് വൈഗൈ സെല്‍വന്‍ രംഗത്തെത്തിയിരുന്നു. സിനിമകള്‍ ഓടുന്നതിന് വേണ്ടിയാണ് വിജയ് ഉള്‍പ്പെടെയുള്ള നടന്മാര്‍ രാഷ്ടീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു വൈഗൈയുടെ ആരോപണം. ഇപ്പോഴത്തെ സിനിമകളില്‍ രണ്ടുമാസം ഓടുന്നതിന് വേണ്ടിയുള്ള നല്ല കഥകളിലില്ലെന്നും അത്കൊണ്ടാണ് പൊതുപരിപാടികളില്‍ സിനിമാ നടന്‍മാര്‍ രാഷ്ട്രീയം കലര്‍ന്ന വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കോളേജിന് നോട്ടീസ് നല്‍കിയതിനെ അപലപിച്ച് തമിഴ്നാട് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.എസ്. അളഗരി രംഗത്തെത്തി. വിജയ് ഒരു രാഷ്ടീയ പാര്‍ട്ടിയിലുമില്ലാത്ത വ്യക്തിയാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു കലാകാരനാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പൊതുവായി പറഞ്ഞ കാര്യങ്ങള്‍ കൊണ്ടത് എ.ഐ.ഡി.എം.കെയ്ക്കും മന്ത്രി ഡി. ജയകുമാറിനുമാണെന്ന് പ്രസ്താവനയില്‍ കെ.എസ്. അളഗരി പറഞ്ഞു.