തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പഞ്ചായത്ത് ആപ്പീസില്‍ ഇരിക്കാന്‍ കസേരകള്‍ നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് നടത്തിയ സര്‍വേയിലാണ് റിപ്പോര്‍ട്ട് കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ 24 ജില്ലകളിലായി 386 പഞ്ചായത്തുകളിലാണ് സര്‍വേ നടത്തിയത്. ഇത് പ്രകാരം ഇരുപത് ഗ്രാമ പഞ്ചായത്തുകളില്‍ ദളിത് പ്രസിഡന്റുമാര്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുമതി നല്‍കുന്നില്ല. 22 പഞ്ചായത്തുകളില്‍ ദളിത് പ്രസിഡന്റുമാര്‍ക്ക് ഇരിക്കാന്‍ കസേര നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
42 പഞ്ചായത്തുകളില്‍ പ്രസിഡന്റുമാര്‍ക്ക് അവരുടെ പേരുകള്‍ വയ്ക്കാന്‍ അനുമതിയില്ല. ദളിത് സ്ത്രീകള്‍ പ്രസിഡന്റുമാരായി ഇരിക്കുന്ന 17 പഞ്ചായത്തുകളില്‍ ലിംഗ വിവേചനം നേരിടുന്നു. ഇതിന് പുറമെ, ഭീഷണികള്‍, ആക്രമണങ്ങള്‍, ബഹുമാനമില്ലായ്മ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരും കാണിക്കുന്ന വിവേചനം തുടങ്ങിയ പ്രശ്‌നങ്ങളും ദളിത് പ്രസിഡന്റുമാര്‍ നേരിടുന്നുണ്ട്.
തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി കെ സാമുവല്‍ രാജ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. മുന്‍ എംഎല്‍.എ എസ്.കെ മഹേന്ദ്രന്‍ ആണ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയത്. റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സാമുവല്‍ രാജ് പറഞ്ഞു.