തിരുപ്പൂരില്‍ കൃഷ്ണ പ്രതിമ സ്ഥാപിക്കാന്‍ 1000 രൂപ സംഭാവന നല്‍കിയില്ലെന്ന പേരില്‍ കടയുടമയ്ക്ക് നേരെ ആക്രമണം. ഞായറാഴ്ച നടന്ന സംഭവത്തില്‍ ഒരു വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകനടക്കം അഞ്ചു പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
കൃഷ്ണ ജയന്തി ദിനത്തില്‍ തിരുപ്പൂരിലെ മുതലിപ്പാളയം എന്ന സ്ഥലത്ത് വിഎച്ച്പി കൃഷ്ണ പ്രതിമ സ്ഥാപിക്കാറുണ്ട്. അതിന് വേണ്ടിയാണ് വിഎച്ച്പി പ്രവര്‍ത്തകനും സുഹൃത്തുക്കളും നഗരത്തില്‍ പിരിവിനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചതായി ‘ദ ന്യൂസ് മിനിറ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച നഗരത്തിലെ ഒരു ഇലക്ട്രിക്കല്‍ ഷോപ്പില്‍ ഇവര്‍ പിരിവിനെത്തി. കടയുടമയായ ശിവ 300 രൂപ സംഭാവന നല്‍കിയെങ്കിലും അതു പോര 1000 നല്‍കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. അത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കടയുടമയെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കടയിലെത്തിയ പ്രതികള്‍ കടയുടമയെ തല്ലുന്നതും തുടര്‍ന്ന് കടയിലുണ്ടായിരുന്ന സ്ത്രീയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. കടയുടമയുടെ കുട്ടിയുടെ സാന്നിധ്യത്തിലാണ് ആക്രമണം എന്നും വീഡിയോയില്‍ കാണാം.
വസന്ത്, വിഗ്നേഷ്, നിസാര്‍ അലി, രഞ്ജിത്ത് അയ്യസാമി എന്നീ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്.