അഫ്ഗാനിസ്ഥാനില്‍ പഴയ ശിക്ഷാ രീതികള്‍ തന്നെ തുടരുമെന്ന് താലിബാന്റെ സ്ഥാപക നേതാക്കളില്‍ ഉള്‍പ്പെട്ട മുല്ല നൂറുദ്ദീന്‍ തുറാബി. അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് വധശിക്ഷ, കൈവെട്ടൽ തുടങ്ങിയ ശിക്ഷാരീതികള്‍ വീണ്ടും നടപ്പിലാക്കി തുടങ്ങുമെന്ന് നൂറുദ്ദീന്‍ പറഞ്ഞത്.
1990 കളില്‍ അഫ്ഗാനില്‍ കുപ്രസിദ്ധി നേടിയ ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നതിന്റെ ചുമതല വഹിച്ചയാളുകൂടിയാണ് മുല്ല നൂറുദ്ദീന്‍. ഇസ്ലാമിക നിയമപ്രകാരമുള്ള ശിക്ഷ നടപ്പിലാക്കുമെങ്കിലും പൊതു ഇടങ്ങളിലായിരിക്കില്ലെന്നും മുല്ല നൂറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
''എല്ലവരും ഞങ്ങളുടെ ശിക്ഷാരീതികളെ കുറ്റപ്പെടുത്തുന്നു. പക്ഷേ ഞങ്ങളാരും അവരുടെ നിയമങ്ങളെക്കുറിച്ചോ ശിക്ഷാ രീതികളെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിയമം എങ്ങനെയായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയണ്ട. ഞങ്ങള്‍ ഇസ്ലാമിക നിയമമാണ് പിന്തുടരുക. അഫ്ഗാനില്‍ ആ നിയമ പ്രകാരമുള്ള ശിക്ഷകള്‍ തന്നെ തുടരും,'' മുല്ല നൂറുദ്ദീന്‍ പറഞ്ഞു.
കൈവെട്ടല്‍ ശിക്ഷ നടപ്പിലാക്കുന്നത് സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നും നൂറുദ്ദീന്‍ പറഞ്ഞു. താലിബാന്റെ പഴയ നിയമങ്ങളെയും ഉത്തരവുകളെയും അടിസ്ഥാനമാക്കികൊണ്ട് തന്നെയായിരിക്കും പുതിയ നിയമവുമെന്നും മുല്ല നൂറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.