മാലിക് സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇപ്പോളിതാ സിനിമയെ ട്രോളി ടി സിദ്ദിഖ് എം എൽ എയും രംഗത്തെത്തിയിരിക്കുന്നു. ‘മാലിക് സിനിമ കണ്ടു... നന്നായിട്ടുണ്ട്... മാലിക് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രം.’–ചുമരിൽ ഒരാൾ പെയിന്റ് അടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ടി സിദ്ദിഖ് കുറിച്ചു.
ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത ചിത്രമാണ് മാലിക്കെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സിനിമയെ പരിഹസിച്ച് കൊണ്ടുള്ള ടി സിദ്ദിഖിന്റെ പോസ്റ്റ്. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവയ്പ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് വിമർശനങ്ങള്‍ക്ക് കാരണമായത്.
വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്കെന്നും വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത സിനിമ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശോഭ സുബിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എഴുത്തുകാന്‍ എന്‍.എസ് മാധവന്‍, സംവിധായകന്മാരായ നജീം കോയ, ഒമര്‍ ലുലു എന്നിവരും സിനിമയെ വിമർശിച്ചിരുന്നു.