കൊവിഡ് 19 സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയുടെ സാഹചര്യത്തില്‍ 1100 ജീവനക്കാരെ വരും ദിവസങ്ങളില്‍ പിരിച്ചുവിടുമെന്ന് ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗി. ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ കമ്പനി സഹ സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജേതിയാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയെന്ന ദൗര്‍ഭാഗ്യകരമായ നടപടി സ്വീകരിക്കേണ്ടി വരുന്നതില്‍ സിഗ്ഗിക്ക് ഇത് സങ്കടകരമായ ദിനമാണെന്നായിരുന്നു ശ്രീഹര്‍ഷയുടെ വിശദീകരണം. കൊവിഡ് 19 പ്രതിസന്ധി ആരംഭിച്ചതുമുതല്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ താല്‍ക്കാലികമായോ സ്ഥിരമായോ അടച്ചുപൂട്ടി വരികയാണ്. എത്രകാലം ഈ പ്രതിസന്ധി തുടരുമെന്ന് പറയാനാകില്ല. ഇതേ രീതിയില്‍ ഏറെ നാള്‍ തുടര്‍ന്നാല്‍ കടുത്ത പ്രതിസന്ധിയാണുണ്ടാവുകയെന്നുമാണ് പിരിച്ചുവിടലിന് കാരണമായി പറയുന്നത്.
ക്ലൗഡ് കിച്ചണ്‍ പദ്ധതിയെ കൊവിഡ് മഹാമാരി തകിടം മറിച്ചിരിക്കുകയാണ്. ചെലവ് ചുരുക്കിയില്ലെങ്കില്‍ നിലനില്‍പ്പ് അപകടത്തിലാകുമെന്നതിനാലാണ് നടപടിയെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. 13 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വിഗ്ഗിയും സമാന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാരിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും നിര്‍ദേശം നിലനില്‍ക്കെയാണ് സ്വിഗ്ഗി, സൊമാറ്റോ പോലുള്ള കമ്പനികള്‍ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത്.