നയതന്ത്രപാഴ്‌സലിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ രക്ഷപ്പെടാനുള്ള വഴി ഉപദേശിച്ചത് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരാണെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.കുറ്റമേല്‍ക്കാന്‍ സരിതിനോട് പറയണമെന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചതായും സ്വപ്‌ന അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. വിദേശത്തെ കേസിന്റെ പേരില്‍ യാത്രാവിലക്ക് നേരിട്ട അനില്‍ നമ്പ്യാര്‍ക്ക് അത് നീക്കി നല്‍കിയത് സ്വപ്‌ന ഇടപെട്ടായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 5ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയപ്പോള്‍ അനില്‍ നമ്പ്യാരും സ്വപ്‌ന സുരേഷും രണ്ട് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഇരുവരുടെയും മൊഴി ഒത്തുനോക്കിയ ശേഷം എന്‍ഐഎ തുടര്‍നടപടികള്‍ സ്വീകരിക്കും. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.
നാലേമുക്കാല്‍ മണിക്കൂറാണ് എന്‍ഐഎ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. കൊച്ചി എന്‍ഐഎ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്നേമുക്കാലിനാണ് അവസാനിച്ചത്. സ്വപ്‌ന സ്വര്‍ണക്കള്ളക്കടത്തുകാരിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് അനില്‍ നമ്പ്യാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
സ്വപ്‌ന സുരേഷിന്റെ ഫോണ്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതിലൂടെയാണ് സ്വര്‍ണം പിടികൂടിയ ദിവസം അനില്‍ നമ്പ്യാര്‍ വിളിച്ച കാര്യം പുറത്തറിഞ്ഞത്. സ്വര്‍ണം പിടികൂടിയ വാര്‍ത്തയുടെ ആവശ്യത്തിനാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അനില്‍ നമ്പ്യാരുടെ വിശദീകരണം. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം അനില്‍ നമ്പ്യാരില്‍ നിന്നും ചോദിച്ചറിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയതന്ത്ര ബാഗിലൂടെ സ്വര്‍ണം അയച്ചത് ആര്‍ക്കാണെന്നതിന്റെ വ്യക്തമായ സൂചനകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പശ്ചിമബംഗാള്‍ സ്വദേശിയുടെയും യുഎഇ പൗരന്റെയും പേരിലായിരുന്നു നേരത്തെ സ്വര്‍ണം അയച്ചിരുന്നത്. അവസാനത്തെ രണ്ടു തവണയാണ് ഫൈസല്‍ ഫരീദ് അയച്ചത്.