Around us

ബിബിസി ഡോക്യുമെന്ററി: രാജസ്ഥാൻ സർവകലാശാലയിൽ സസ്‌പെൻഷൻ; ക്യാമ്പസിന് പുറത്തും എബിവിപിയുടെ ഭീഷണിയെന്ന് വിദ്യാർത്ഥികൾ

മൊബൈൽ ഫോണിൽ ബിബിസിയുടെ 'ഇന്ത്യ: ദി മോദി ക്വസ്റ്റിൻ' ഡോക്യുമെന്ററി കണ്ടതിന്റെ പേരിൽ രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. 10 മലയാളി വിദ്യാർത്ഥികൾ അടക്കം പതിനൊന്നോളം പേർക്കാണ് സസ്‌പെൻഷൻ. എബിവിപിക്കാർ നൽകിയ ലിസ്റ്റ് പ്രാകാരമാണ് അധികൃതർ നടപടിയിലേക്ക് നീങ്ങിയതെന്നും അന്നേദിവസം ക്യാമ്പസ്സിൽ ഉണ്ടായിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് പോലും സസ്‌പെൻഷൻ നേരിടേണ്ടി വന്നെന്നും വിദ്യാർത്ഥികൾ ദ ക്യുവിനോട് പറഞ്ഞു.

സർവകലാശാല ക്യമ്പസിലെ പോസ്റ്റ് ഓഫീസിനു സമീപത്ത് വിദ്യാർത്ഥികൾ ഒത്തുകൂടാറുള്ള സ്ഥലത്ത് വെച്ചാണ് ഇക്കഴിഞ്ഞ 26ന് വിദ്യാർത്ഥികൾ സ്വന്തം മൊബൈൽ ഫോണിലും ലാപ് ടോപ്പിലുമായി ഡോക്യുമെന്ററി കണ്ടത്. നൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നിന്ന് മുസ്ലിം, ക്രിസ്ത്യൻ വിഭാഗത്തിൽപ്പെടുന്നവരെ തെരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്ത് എബിവിപി അധികൃതർക്ക് നൽകുകയായിരുന്നെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ഡോക്യൂമെന്ററി കണ്ടുകൊണ്ടിരിക്കെ എബിവിപി പ്രവർത്തകർ ജയ്‌ശ്രീറാം വിളിച്ചുകൊണ്ട് സംഘടിച്ചെത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ പിരിഞ്ഞുപോയെങ്കിലും അർദ്ധ രാത്രിയിലും എബിവിപി പ്രവർത്തകർ ഹോസ്റ്റലിലടക്കം അതിക്രമിച്ച് കയറാനും ആക്രമിക്കാനുമുള്ള ശ്രമം നടത്തി. 14 ദിവസത്തേക്ക് സസ്‌പെൻഷൻ ലഭിച്ചവർ ക്യാമ്പസ്സിന് പുറത്തും എബിവിപിയുടെ ഭീഷണി നേരിടുകയാണ്.

വിദ്യാർത്ഥികൾ ദ ക്യുവിനോട് പറഞ്ഞത്

ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ക്യാമ്പസിനകത്ത് ആദ്യം വിലക്കൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും സ്ക്രീൻ വെച്ചുള്ള പ്രദർശനത്തിലേക്ക് പോകാതിരുന്നത് അതൊരു പ്രശ്നമാക്കേണ്ട എന്നുകരുതിയാണ്. ഞങ്ങൾക്ക് ഞങ്ങളുടെ പ്രതിഷേധവും നിലപാടും അറിയിക്കണമായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ 26 ന് നൂറോളം വിദ്യാർത്ഥികൾ ക്യാമ്പസിനകത്തെ പോസ്റ്റ് ഓഫീസിനു സമീപത്ത് ഒത്തുകൂടി അവരവരുടെ മൊബൈൽ ഫോണുകളിൽ ഡോക്യുമെന്ററി കണ്ടത്.

കണ്ടു തുടങ്ങി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ എബിവിപി പ്രവർത്തകർ ജയ്‌ശ്രീറാം വിളിച്ചുകൊണ്ട് ഞങ്ങളുടെ നേർക്ക് വന്നു. രാജ്യദ്രോഹികളെ പുറത്താക്കുക എന്നും പറയുന്നുണ്ടായിരുന്നു. സെക്യൂരിറ്റി സ്റ്റാഫ് ഇടപെടുകയും ഞങ്ങളോട് സ്ഥലത്ത് നിന്ന് പോകാനും ആവശ്യപ്പെട്ടു. ഞങ്ങൾ സമാധാനപരമായി ഒരിടത്ത് ഇരുന്ന് കാണുകയായിരുന്നു. എന്നിട്ടും ഞങ്ങളോട് മാറിപ്പോകാൻ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ല.

രാത്രിയിൽ എബിവിപി പ്രവർത്തകർ മുഖം മൂടി ധരിച്ച് ഞങ്ങളുടെ ഹോസ്റ്റൽ മുറികളിൽ അതിക്രമിച്ച് കയറാനുള്ള ശ്രമമുണ്ടായി. വാതിൽ തകർക്കാൻ ശ്രമിച്ചു. പേടിപ്പിക്കുന്ന ഒരു സാഹചര്യമായിരുന്നു അത്. പിറ്റേ ദിവസം പതിനൊന്ന് പേർക്ക് സസ്‌പെൻഷൻ ഓർഡർ കിട്ടി. ഇതിൽ തന്നെ മൂന്ന് കുട്ടികൾ ആ സമയത്ത് ക്യാമ്പസ്സിൽ ഇല്ലാത്തവരാണ്. തുടർന്ന് സെക്ക്യൂരിറ്റി ഞങ്ങളെ ക്യാമ്പസ്സിൽ നിന്ന് പുറത്താക്കി. ക്യാമ്പസ്സിന് പുറത്തും എബിവിപി-ബിജെപി പ്രവർത്തകർ സംഘടിച്ച് നിൽക്കുകയാണ്. ഞങ്ങളിപ്പോൾ പലയിടങ്ങളിലായി നിൽക്കുകയാണ്. പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും എന്ന് അറിയില്ല.

സംഭവത്തിനു ശേഷം ബിബിസി ഡോക്യുമെന്ററി സ്ക്രീനിങ് നിരോധിച്ചുകൊണ്ട് രാജസ്ഥാൻ കേന്ദ്ര സർവ്വകാലാശാല സർക്കുലർ ഇറക്കി. ക്രമസമാധാനം നിലനിർത്താനും വിദ്യാർത്ഥികൾ തമ്മിലുള്ള സാഹോദര്യം കാത്തുസൂക്ഷിക്കാനുമാണ് ഡോക്യുമെന്ററിയുടെ സ്ക്രീനിംഗ് ബാൻ ചെയ്തതെന്നാണ് സർവകലാശാല ഇറക്കിയ സർക്കുലറിൽ നൽകുന്ന വിശദീകരണം.

ബിബിസി രണ്ട് ഭാഗങ്ങളിലായി ഇറക്കിയ 'ഇന്ത്യ: ദി മോദി ക്വസ്റ്റിൻ' ഡോക്യുമെന്ററി ഇന്ത്യയെ അപമാനിക്കാൻ നിർമ്മിച്ചക്കതാണെന്ന നിലപാടായിരുന്നു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ നിന്ന് ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ കോൺഗ്രസ്സും ഇടതു പാർട്ടികളും പ്രതിഷേധിച്ചിരുന്നു. രാജ്യത്തെ വിവിധ സർവ്വകാലാശാലകളിൽ ഡോക്യൂമെന്ററി പ്രദർശിപ്പിക്കുകയും സംഘർഷമുണ്ടാവുകയും ചെയ്യുന്നുണ്ട്. ദൽഹി സർവകലാശാലയിലെ ഇരുപത്തിനാലോളം വിദ്യാർത്ഥികൾ തടങ്കലിലാണ്. ജാമിയ മില്ലിയയിൽ പ്രദർശനം തടയുന്ന സാഹചര്യമുണ്ടായി. ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ച് പ്രദർശനം തടയാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥി നേതാക്കൾ ക്യൂ ആർ കോഡ് വിതരണം ചെയ്ത് സ്വന്തം ലാപ്ടോപ്പുകളിലൂടെ സ്ക്രീനിങ് സാധ്യമാക്കി.

ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിൽ 2002ൽ ഗുജറാത്തിൽ നടന്ന വംശീയ കലാപമാണ് പ്രമേയമാകുന്നത്. രണ്ടാം ഭാഗത്തിൽ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യയിൽ വളരുന്ന അസഹിഷ്ണുതയാണ് പ്രമേയം. അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ചയായ ഡോക്യുമെന്ററിക്കെതിരെ കേന്ദ്ര സർക്കാർ രംഗത്ത് വന്നതോടെ പ്രതിപക്ഷ പാർട്ടികൾ പരസ്യപ്രദർശനങ്ങൾക്ക് ആഹ്വാനം ചെയ്യുകയായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT