മീഡിയ വണ്ണിന്റെ സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതല്ലേയെന്ന് സുപ്രീം കോടതി. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കേസാണെങ്കിലും കാരണം എന്താണെന്ന് പറയണം. ദേശീയ സുരക്ഷയുടെ എന്ത് ലംഘനമാണ് നടത്തിയതെന്ന് ചാനലിന് മനസിലാകേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ ചാനല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിയമപ്രകാരം അവര്‍ കുറ്റം ചെയ്തതായി നിങ്ങള്‍ പറയുന്നില്ല. കുറ്റം ചെയ്താലും അന്വേഷണത്തിന് ശേഷം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ അന്തസത്ത കുറ്റപത്രത്തില്‍ നിന്നാണ് വെളിപ്പെടുന്നത്. അന്വേഷണം എത്ര സെന്‍സിറ്റീവ് ആണെങ്കിലും ഒരിക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കുറ്റപത്രം സമര്‍പ്പിക്കണം. ഇവിടെ നിങ്ങള്‍ സെക്യൂരിറ്റി ക്ലിയറന്‍സാണ് നിഷേധിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കേസാണെങ്കിലും കാരണം എന്താണെന്ന് പറയണം. ദേശീയ സുരക്ഷയുടെ എന്ത് ലംഘനമാണ് നടത്തിയതെന്ന് ചാനലിന് മനസിലാകേണ്ടതുണ്ട്. വിവര സ്രോതസുകള്‍ സംരക്ഷിക്കുമ്പോഴും വിവരം എന്താണെന്ന് വെളിപ്പെടുത്തണം എന്ന് ബഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
സീല്‍ ചെയ്ത കവറില്‍ സര്‍ക്കാര്‍ ഹാജരാക്കിയ ചില ഫയലുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനം എടുത്തത്. എന്നാല്‍ ഇത് എന്താണെന്ന് അറിയില്ലെന്നും കാണിക്കാത്ത രേഖകളെ ആശ്രയിക്കുന്നത് അപകടകരമായ മാതൃകയാണെന്നും ചാനലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 19(2) പ്രകാരം മാത്രമേ മാധ്യമ സ്വാതന്ത്യത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള അവകാശം പരിമിതപ്പെടുത്താനാകുവെന്നും ചാനല്‍ പ്രോഗ്രാം കോഡ് ലംഘിച്ചിട്ടില്ലെന്നും ദവെ വാദിച്ചു. ചാനല്‍ ന്യൂനപക്ഷ സമുദായത്തിലുള്ളവരുടെ ഉടമസ്ഥതയിലാണ് എന്നതാണ് ഒരേയൊരു കുറ്റമായി തോന്നുന്നത് എന്നും ദുഷ്യന്ത് ദവെ പറഞ്ഞു. കേസില്‍ ഇന്നും വാദം തുടരും.