ഒരു കോടതിയും മരട് ഫ്‌ളാറ്റ് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന ഉത്തരവില്‍ സുപ്രീംകോടതി ഉറച്ചുനിന്നു. ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി കോടതി തള്ളി. ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിയോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു.
കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് എന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയത്? കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമം.ജസ്റ്റിസ് അരുണ്‍ മിശ്ര
ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാം. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. ഇത് ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ്. പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇനിയും ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും സുപ്രീം കോടതി താക്കീത് ചെയ്തു.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൊളിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അരുണ്‍ മിശ്ര അദ്ധ്യക്ഷനായ രണ്ടംഗബെഞ്ച് മെയ് എട്ടിനാണ് ഉത്തരവിട്ടത്. മരടില്‍ അനധികൃതമായി നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം പഠിക്കാന്‍ ചെന്നൈ ഐഐടിയിലെ വിദഗ്ധസംഘം ഇന്നലെ സന്ദര്‍ശനം നടത്തിയിരുന്നു.