സില്‍വര്‍ ലൈന്‍ സര്‍വേ തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരായി നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ആലുവ സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
സര്‍വെയില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി ചോദിച്ചു. ബൃഹത്തായ പദ്ധതിയുടെ സര്‍വേ തടയാനാകില്ല. അത്തരമൊരു പദ്ധതിയില്‍ സാമൂഹിക ആഘാത പഠനം അനിവാര്യമാണ്. ഏത് പദ്ധതിയായാലും നിയമപരമായി സര്‍വേ നടത്താം. സാമൂഹിക ആഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റ്? സര്‍വേ നടപടികളില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
സര്‍വേ തുടരാമെന്ന ഡിവിഷന്‍ ബെഞ്ച് നടപടി ശരിവെച്ച സുപ്രീംകോടതി, സര്‍വെ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടിയെ വിമര്‍ശിക്കുകയും ചെയ്തു. എന്ത് അടിസ്ഥാനത്തിലാണ് സര്‍വേ തടയാന്‍ ഹൈക്കോടതി തീരുമാനിച്ചതെന്നാണ് കോടതി ചോദിച്ചത്.
ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടത്തുന്നതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതി സര്‍വേ നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.