കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഉയര്‍ന്ന കോഴ വിവാദത്തില്‍ വയനാട് ബിജെപിയില്‍ പൊട്ടിത്തെറിയും കൂട്ടരാജിയും. യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, മണ്ഡലം പ്രസഡന്റ് ലിലില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇടപെട്ട് നടപടി സ്വീകരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. കോഴ വിവാദത്തില്‍ ആരോപണം ഉയര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ ദീപുവും ലിലില്‍ കുമാറും വിമര്‍ശനവും ഉന്നയിച്ചിരുന്നു.
നേതാക്കളെ പുറത്താക്കിയതിന് പിന്നാലെ യുവമോര്‍ച്ച നഗരസഭാ കമ്മിറ്റി ഭാരവാഹികളും സമീപ പഞ്ചായത്തുകളിലെ കമ്മിറ്റി ഭാരവാഹികളും രാജിവെക്കുകയായിരുന്നു. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവെച്ചുവെന്നും കമ്മിറ്റി പിരിച്ചുവിട്ടുവെന്നുമാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപു പുത്തന്‍പുരയും രംഗത്തെത്തിയിരുന്നു. ആര്‍ത്തിമൂത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്തവരോട് ഞങ്ങള്‍ ഇന്ന് തോറ്റിരിക്കുന്നുവെന്നാണ് ദീപു ഫേസ്ബുക്കില്‍ എഴുതിയത്.
പിടിച്ചു പറിക്കപ്പെടും മുന്‍പേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ്. സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ അധികാരമോഹികളുമായി സന്ധി ചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് വിട്ടു പോകുന്നതെന്നും ദീപു പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി സംഘടനാ സെക്രട്ടറി എം.ഗണേഷ് വയനാട്ടിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എ ക്ലാസ് മണ്ഡലമായ സുല്‍ത്താന്‍ ബത്തേരി സി ക്ലാസിലേക്ക് പോകാന്‍ കോഴ വിവാദം കാരണമായിട്ടുണ്ടെന്നാണ് ജില്ലയിലെ ചില നേതാക്കളുടെ അഭിപ്രായം.
ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സികെ ജാനുവിനെതിരെ ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് കോഴ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തുവന്നതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നതയും രൂക്ഷമാകുന്നത്.
ജാനു പത്ത് ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ജെര്‍ആര്‍പി ട്രഷറര്‍ പ്രസീത പറഞ്ഞിരുന്നത്. ജാനു മാനനഷ്ടകേസ് കൊടുത്തതിന് പിന്നാലെ 25 ലക്ഷം രൂപ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു റിസോര്‍ട്ടില്‍ നിന്ന് ജാനു കൈപ്പറ്റിയെന്ന് കൂടി പ്രസീത വെളിപ്പെടുത്തുകയായിരുന്നു.
വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലാണ് പൂജ സാധനങ്ങള്‍ എന്ന വ്യാജേന പണം എത്തിച്ചു കൊടുത്തത് എന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍. കേസന്വേഷം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.