Around us

5 വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 65 പൊലീസുകാര്‍; ഗുരുതര സാഹചര്യം പഠിക്കാന്‍ വിദഗ്ധ സമിതി വേണമെന്നാവശ്യം

THE CUE

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 65 പേരാണ് ജീവനൊടുക്കിയത്. ഈ വര്‍ഷം ഇതുവരെ 11 പേര്‍ ആത്മഹത്യ ചെയ്തു. സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍-9, 2015ല്‍-5, 2016ല്‍-13, 2017ല്‍-14, 2018ല്‍-13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക്. മാനസികസമ്മര്‍ദം താങ്ങാനാകാതെ എറണാകുളം സെന്‍ട്രല്‍ സിഐ നാടുവിട്ടതും ഈയിടെയാണ്.

അമിത ജോലിഭാരവും മാനസികസമ്മര്‍ദവമാണ് പൊലീസുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് ആക്ഷേപം. വര്‍ധിച്ചു വരുന്ന ആത്മഹത്യയെക്കുറിച്ച് ഇതുവരെ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. സംസ്ഥാനത്ത് 18 ലക്ഷം കേസുകളാണ് നിലവിലുള്ളത്. ഇത് അന്വേഷിക്കാന്‍ അധികാരമുള്ളത് 15000 പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇവര്‍ 24 മണിക്കൂര്‍ അന്വേഷിച്ചാലും ഇതിലെ 25 ശതമാനം പോലും കേസുകള്‍ തീര്‍പ്പാകില്ല. അതുകൂടാതെയാണ് വിഐപി സുരക്ഷ അടക്കം നിരവധി ജോലികളും എത്തുന്നത്.

പൊലീസുകാര്‍ക്ക് എട്ട് മണിക്കൂര്‍ ഷിഫ്റ്റ് കര്‍ശനമാക്കുക, 500 ആളുകള്‍ക്ക് ഒരു പോലീസ് എന്ന അനുപാതത്തില്‍ നിയമനം നടത്തുക, ശാസ്ത്രീയ അന്വേഷണ സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങല്‍ പ്രശ്‌നപരിഹാരമായി ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഇത് വരെ നടപ്പാക്കാന്‍ ആയിട്ടില്ല.

പൊലീസുകാര്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെയും ഡിപ്പാര്‍ട്ട്‌മെന്റിന്റെയും അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് കാണിച്ച് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പത്രക്കുറിപ്പിറക്കിയിരുന്നു. എറണാകുളം തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബാബുവിന്റെ ആത്മഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കൂടിയായിരുന്നു ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പ്രസ്താവനയിറക്കിയതെന്ന് ‘ന്യൂസ്18 കേരള’ റിപ്പോര്‍ട്ട് ചെയ്തു.

പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ അനുഭവിച്ചു വരുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒരാള്‍ക്കും ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി പോലീസ് അനുഭവിച്ചു വരുന്നതാണ്. പോലീസ് പ്രവര്‍ത്തനങ്ങളുടെ പ്രത്യേകത കൊണ്ടുതന്നെ ബാഹ്യമായി ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ വളരെ വലുതാണ്. അവയെ എങ്ങനെയും നേരിട്ട് മുന്നോട്ട് പോകാമെങ്കിലും ആന്തരികമായി ചുരുക്കം ചില ഉദ്യോഗസ്ഥര്‍ ഉണ്ടാക്കുന്ന അനാവശ്യ സമ്മര്‍ദ്ദവും പീഡനവും ഇനിയും നിശബ്ദമായി കണ്ട് മുന്നോട്ട് പോകാന്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് കഴിയില്ല
കേരള പൊലീസ് അസോസിയേഷന്റെ പത്രക്കുറിപ്പ്

കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ആരുടേയും അടിയാനോ, കടിയാനോ അല്ലെന്നും ആത്മാഭിമാനത്തോടെ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരാണെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. പൊലീസ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാം, എന്താണ് പരിഹാരമാര്‍ഗ്ഗം എന്ന് അടിയന്തരമായി പരിശോധിക്കേണ്ടതാണ്. അതിനായി പോലീസ് വകുപ്പിന് പുറത്തു നിന്നുള്ള ഒരു വിദഗ്ധ സമതി രൂപീകരിച്ച് പരിഹാര നടപടികള്‍ ഉണ്ടാകണമെന്നും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

പൊലീസുകാര്‍ നേരിടുന്ന മാനസികസമ്മര്‍ദം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന തലത്തില്‍ കലോത്സവം നടത്താന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നുണ്ട്. സ്‌കൂള്‍ കലോത്സവത്തിനു സമാനമായ രീതിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാ തല മത്സരങ്ങള്‍ പലയിടങ്ങളിലും പൂര്‍ത്തിയായി കഴിഞ്ഞു. റാങ്ക് വ്യത്യാസമില്ലാതെ പൊലീസില്‍ എല്ലാ ജീവനക്കാര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന വിധമായിരിക്കും മത്സരങ്ങള്‍. ജീവനക്കാര്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. ആഭ്യന്തരവകുപ്പ് കഴിഞ്ഞവര്‍ഷം ജൂലായിലാണ് കലോത്സവം നടത്താന്‍ അനുമതി നല്‍കിയത്. നടത്തിപ്പിന് 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT