Around us

‘ഉദ്യോഗാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്നത്, മറവില്‍ കച്ചവടവത്കരണവും’ ; അധ്യാപക നിയമന ഭേദഗതിക്കെതിരെ പ്രക്ഷോഭാഹ്വാനം 

THE CUE

കോളജുകളിലും സര്‍വകലാശാലകളിലും സ്ഥിരാധ്യാപക തസ്തികകള്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളുടെയും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും ഐക്യവേദി. യുണൈറ്റഡ് ആക്ഷന്‍ ഫോറം ടു പ്രൊട്ടക്ട് കോളജിയേറ്റ് എജുക്കേഷനാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് കരാര്‍ അധ്യാപനം വ്യവസ്ഥാപിതമാക്കാനുള്ള നീക്കത്തിനെതിരെ സമരാഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നിലെ ഉത്തരവിലൂടെ പത്തുവര്‍ഷത്തേക്ക് നിയമന നിരോധനമെന്ന ദുരവസ്ഥയുണ്ടാകുമെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. ഇത് ഉന്നത ബിരുദധാരികളായ ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കും. കരാര്‍ നിയമനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതോടെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ കച്ചവട വത്കരണമാണുണ്ടാവുകയെന്നും സംഘടന വിശദീകരിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ ഭാവി ലോക്ക്ഡൗണിലാക്കിയിരിക്കുകയാണ് സര്‍ക്കാരെന്ന് കണ്‍വീനര്‍ അലീന എസ് ദ ക്യുവിനോട് പറഞ്ഞു. ഏഴെട്ട് വര്‍ഷമായി കഷ്ടപ്പെട്ട് പഠിച്ച് അധ്യാപക നിയമനത്തിനുള്ള പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുത്തവരുടെ പ്രതീക്ഷകള്‍ തകിടം മറിയുകയാണ്. കഴിഞ്ഞ ഡിസംബറിലെ നോട്ടിഫിക്കേഷന്‍ പ്രകാരം ഓഗസ്റ്റിലോ സെപ്റ്റംബറിലോ പരീക്ഷ പ്രതീക്ഷിക്കപ്പെട്ടതാണ്. ഇനി പരീക്ഷ നടന്നാലും 10 വര്‍ഷത്തേക്ക് നിയമനം ഉണ്ടാകില്ലെന്ന സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്നും അലീന പറഞ്ഞു.

ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യാപനത്തിന് ഒരു സ്ഥിരാധ്യാപക തസ്തിക എന്നതായിരുന്നു രീതി. കൂടാതെ അധികമായി വരുന്ന 9 മണിക്കൂറിന് മറ്റൊരു തസ്തിക കൂടി സൃഷ്ടിക്കപ്പെടും. അതിനൊപ്പം പി.ജി ക്ലാസുകളിലെ ഒരു മണിക്കൂര്‍ അധ്യാപനം ഒന്നര മണിക്കൂറായി കണക്കാക്കുന്ന വെയ്റ്റേജ് സമ്പ്രദായവും നിലനിന്നിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്നിന്റെ ഉത്തരവിലൂടെ സര്‍ക്കാര്‍ വെയ്റ്റേജ് സമ്പ്രദായം റദ്ദാക്കിയിരിക്കുകയാണ്. ഇനി 16 മണിക്കൂര്‍ അധ്യാപനമുണ്ടെങ്കില്‍ മാത്രമേ പുതിയ തസ്തിക സൃഷ്ടിക്കുകയുള്ളൂ. പഠിപ്പിക്കാന്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ മതിയെന്ന വിധത്തില്‍ ദേശീയ വിദ്യാഭ്യാസ നയം ഭീഷണിയുയര്‍ത്തുമ്പോഴാണ് ഇത്തരമൊരു തീരുമാനം. കരാര്‍ തൊഴില്‍ മാത്രം മതിയെന്ന നിതി ആയോഗിന്റെ ശുപാര്‍ശകള്‍ നിലനില്‍ക്കുകയാണ്. വേറൊരു ഭാഗത്ത് കേന്ദ്രം ഔപചാരിക വിദ്യാഭ്യാസത്തിന് ബദലായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യവസ്ഥാപിതമാക്കാനുള്ള മുന്നൊരുക്കങ്ങളിലുമാണ്. അങ്ങനെയെങ്കില്‍ ഇപ്പോഴുള്ളതില്‍ മൂന്നിലൊന്ന് അധ്യാപകരുടെ ആവശ്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരത്തില്‍ അതീവ പ്രതിസന്ധിയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കപ്പെട്ടതെന്ന് ഐക്യവേദി വ്യക്തമാക്കുന്നു.

ക്രമേണ ഭാഷാ മാനവിക വിഷയങ്ങള്‍ സമ്പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലേക്ക് മാറും. ഇത് സാധാരണക്കാര്‍ക്ക് പ്രാപ്യമല്ലാത്തവിധം കച്ചവട കോഴ്സുകളായി പരിണമിക്കും. ഇതുമൂലം അധ്യാപകര്‍ അവകാശങ്ങളോ ആനുകൂല്യങ്ങളോ ഇല്ലാത്തവരാകും. വിദ്യാര്‍ത്ഥികള്‍ വെറും ഉപഭോക്താക്കളുമാകും. സ്ഥിരാധ്യാപകര്‍ ഇല്ലാതാകുന്നതോടെ പുതിയ ഗവേഷണ മാര്‍ഗ്ഗദര്‍ശികളും ഉണ്ടാകില്ല. ഇതിനകം തന്നെ ഇവരുടെ അഭാവത്തില്‍ ജെആര്‍എഫ് അടക്കം നേടിയ വിദ്യാര്‍ത്ഥികള്‍ എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍ക്ക് ചേരാനാകാതെ നില്‍ക്കുന്ന സാഹചര്യമുണ്ട്. ഇത് പ്രതിസന്ധി രൂക്ഷമാക്കുകയും സ്വതന്ത്ര ഗവേഷണത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം ഭാഷാ വിഷയങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള ഏകാധ്യാപക ഡിപ്പാര്‍ട്ട്മെന്റുകള്‍ ഇല്ലാതാകും. ഇത് ഈ മേഖലയില്‍ ഗവേഷണം ഇല്ലാതാകുന്ന ദുരവസ്ഥയാണ് സൃഷ്ടിക്കുക. ഇതുമൂലം, അക്കാദമിക് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നീ സര്‍വകലാശാല സമിതികളില്‍ അതില്‍ നിന്നുള്ള അധ്യാപക പ്രതിനിധികള്‍ ഇല്ലാതാകുന്നതിലേക്കെത്തും. ഇത്തരത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിനെതിരെ ജൂണ്‍ 14 ന് ഓണ്‍ലൈന്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്നും അലീന എസ് വ്യക്തമാക്കുന്നു. ഞായറാഴ്ച രാവിലെ 11 ന് കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT